എഡിറ്റര്‍
എഡിറ്റര്‍
പെട്രോള്‍ വില കുറച്ചു
എഡിറ്റര്‍
Sunday 3rd June 2012 10:58am

ന്യൂദല്‍ഹി: വര്‍ദ്ധിപ്പിച്ച പെട്രോള്‍ വില കുറയ്ക്കാന്‍ എണ്ണക്കമ്പനികള്‍ തീരുമാനിച്ചു. ലിറ്ററിന് 1.68 രൂപ വെച്ചാണ് വില കുറച്ചത്. ഇന്നലെ അര്‍ധരാത്രി ഇതു നിലവില്‍ വന്നു.

ദല്‍ഹി കേരളം തുടങ്ങിയ സംസ്ഥാനങ്ങളില്‍ വര്‍ധിപ്പിച്ച പെട്രോള്‍ വിലയില്‍ നിന്ന് പ്രാദേശിക വില്‍പന നികുതിയോ മൂല്യവര്‍ധിത നികുതിയോ ഈടാക്കേണ്ട എന്ന് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. അതനുസരിച്ച് വിലയില്‍ വീണ്ടും കുറവു വരും.

ക്രൂഡോയിലിന്റെ വില രാജ്യാന്തര വിപണിയില്‍ കുറഞ്ഞതാണു പെട്രോള്‍ വിലയില്‍ കുറവു വരുത്താന്‍ എണ്ണക്കമ്പനികളെ നിര്‍ബന്ധിതരാക്കിയത്. വില ബാരലിന് 124.37 ഡോളറായിരുന്നത്‌ 115.77 ഡോളറായി കുറഞ്ഞു. ഒരാഴ്ച മുമ്പ് ലീറ്ററിന് 7.54 രൂപയായിരുന്നു കൂട്ടിയത്.

പെട്രോള്‍ വിലവര്‍ദ്ധനവില്‍ രാജ്യത്തൊട്ടാകെ പ്രതിഷേധമുയര്‍ന്നിരുന്നു. പ്രതിപക്ഷം ഭാരത് ബന്ദ് നടത്തിയതിനു പുറമേ യു.പി.എ ഘടകക്ഷികളായ തൃണമൂല്‍ കോണ്‍ഗ്രസും ഡി.എം.കെയും പരസ്യമായ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തുകയും ചെയ്തു.

ഇതേസമയം, വര്‍ധിപ്പിച്ച വില പൂര്‍ണമായും പിന്‍വലിക്കണമെന്നു തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി ആവശ്യപ്പെട്ടു. കൊല്‍ക്കത്തയില്‍ മൂന്നു മണിക്കൂര്‍ സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനോടാണ് മമത ഇക്കാര്യം ആവശ്യപ്പെട്ടത്.

Advertisement