എഡിറ്റര്‍
എഡിറ്റര്‍
പെട്രോളിന് രണ്ടര രൂപ കുറച്ചു
എഡിറ്റര്‍
Friday 29th June 2012 12:44am

ന്യൂദല്‍ഹി: പെട്രോളിന് 2.46 രൂപ കുറയ്ക്കാന്‍ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചു. ആഗോള വിപണയില്‍ ക്രൂഡ് ഓയില്‍ വില വീണ്ടും കുറഞ്ഞ സാഹചര്യത്തിലാണ് പെട്രോളിന് വില കുറയ്ക്കാന്‍ തീരുമാനിച്ചത്. വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ പുതുക്കിയ നിരക്കുകള്‍ നിലവില്‍ വരുമെന്ന് കമ്പനി അറിയിച്ചു.

മറ്റ് എണ്ണക്കമ്പനികളും ഇതിനെത്തുടര്‍ന്ന് പെട്രോള്‍ വില കുറയ്ക്കും. 2.46 രൂപയുടെ കുറവാണ് വരുത്തിയതെങ്കിലും കേരളം ഉള്‍പ്പെടെ മിക്ക സംസ്ഥാനങ്ങളിലും നികുതിയടക്കം മൂന്ന് രൂപയിലേറെ കുറയം. കേരളത്തില്‍ 69.20 രൂപയാണ് കുറഞ്ഞ വില.

മെയ് 23ന് പെട്രോള്‍ വിലയില്‍ എട്ടുരൂപയാണ് എണ്ണക്കമ്പനികള്‍ ഒറ്റയടിക്ക് വര്‍ധിപ്പിച്ചത്. അന്ന് ക്രൂഡ് ഓയില്‍ വില ബാരലിന് 116 ഡോളര്‍ എന്ന നിലയിലായിരുന്നു.അത് 105 ഡോളറിലേക്ക് താഴ്ന്നപ്പോള്‍ ജൂണ്‍ രണ്ടിന് പെട്രോള്‍ വില രണ്ടുരൂപ കുറച്ചിരുന്നു. ഇതിന് പുറമേ അധിക വില്‍പ്പന നികുതി വരുമാനം വേണ്ടെന്നുവെച്ചതോടെ പെട്രോളിന് ഒരു രൂപ 63 പൈസ കൂടി കേരളത്തില്‍ കുറഞ്ഞിരുന്നു.

വ്യാഴാഴ്ച ക്രൂഡ് ഓയില്‍ വില ശരാശരി 91.66 ഡോളറിലേക്ക് വീണ്ടും കുറഞ്ഞ സാഹചര്യത്തിലാണ് 2.46 രൂപയുടെ കുറവ് വരുത്തുന്നതെന്ന് എണ്ണക്കമ്പനികള്‍ അറിയിച്ചു. എന്നാല്‍ രണ്ടുതവണ കുറച്ചിട്ടും മെയ് 23ന് വര്‍ധിപ്പിച്ച എട്ടുരൂപയുടെ പകുതി മാത്രമാണ് കുറഞ്ഞത്.

പെട്രോള്‍ വില നിര്‍ണയിക്കാനുള്ള അധികാരം  എണ്ണക്കമ്പനികള്‍ക്കാണ്. ഇതനുസരിച്ച് എല്ലാ മാസവും ഒന്നാം തീയതിയും 15ാം തീയതിയും ക്രൂഡ് ഓയില്‍ വിലയും രൂപയുടെ മൂല്യവും കണക്കാക്കി പെട്രോള്‍ വില എണ്ണക്കമ്പനികള്‍ പുനരവലോകനം ചെയ്യാറുണ്ട്.  ജൂണ്‍ 16ന് എണ്ണക്കമ്പനികള്‍ വില അവലോകനം  ചെയ്തപ്പോള്‍ ക്രൂഡ് ഓയില്‍ വില  ബാരലിന് 97 ഡോളര്‍ മാത്രമായിരുന്നു. ഇതനുസരിച്ച് പെട്രോള്‍ ലിറ്ററിന് മൂന്നു രൂപയുടെ കുറവ് വരുത്തേണ്ടതാണ്. വില കുറക്കാനുള്ള തീരുമാനമുണ്ടാകുമെന്ന സൂചനയും കമ്പനി അധികൃതര്‍ നല്‍കിയിരുന്നു.

അതേസമയം, നേരത്തേ, എണ്ണക്കമ്പനികള്‍ വില കൂട്ടിയപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ വാറ്റ് വേണ്ടെന്നു വെച്ചിരുന്നു. പ്രധാന നഗരങ്ങളിലെ പുതുക്കിയ വിലകള്‍ . ന്യൂദല്‍ഹി 67.78 , മുംബൈ 73.35 , ചെന്നൈ 72.27 , കൊല്‍ക്കത്ത 72.74 , ഹൈദരാബാദ് 74.89 , ബാംഗ്ലൂര്‍ 76.39 .

അന്താരാഷ്ട്ര തലത്തില്‍ അസംസ്‌കൃത എണ്ണയുടെ വില കുറഞ്ഞതിനെത്തുടര്‍ന്നാണ് ആഭ്യന്തര വിലയും കുറയ്ക്കാന്‍ എണ്ണക്കമ്പനികള്‍ തീരുമാനിച്ചത്. നാലു രൂപ വരെ കുറയ്ക്കുമെന്ന് സൂചനയുണ്ടായിരുന്നു. കഴിഞ്ഞ മെയ് 23നാണ് ഒറ്റയടിക്ക് 7.54 രൂപ എണ്ണക്കമ്പനികള്‍ കൂട്ടിയത്.

Advertisement