ന്യൂദല്‍ഹി: രാജ്യത്ത് പെട്രോള്‍ വില വീണ്ടും വര്‍ധിക്കുന്നു. നാളെ മുതല്‍ പെട്രോളിന് ലിറ്ററിന് 1.35 രൂപ വീതം കൂട്ടുമെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ അറിയിച്ചു. കഴിഞ്ഞ 15 നാണ് ലിറ്ററിന് അഞ്ച് രൂപ കൂട്ടിയത്. ഈവര്‍ധന കൊണ്ട് അസംസ്‌കൃത എണ്ണയുടെ വിലവര്‍ധനയെ അതിജീവിക്കാനാവാത്തതിനാലാണ് വീണ്ടും കൂട്ടുന്നതെന്നാണ് അധികൃതരുടെ ഭാഷ്യം. വില്‍പ്പന നികുതിയടക്കം ലിറ്ററിന് 4.58 രൂപ വീതം നഷ്ടത്തിലാണിപ്പോള്‍ പെട്രോള്‍ വിതരണം നടത്തുന്നതെന്ന് കോര്‍പറേഷന്‍ ചെയര്‍മാന്‍ ആര്‍ എസ് ബുട്ടോല പറഞ്ഞു.

നിരക്ക് കുറച്ചുവില്‍ക്കുന്നതിന്റെ നഷ്ടം സര്‍ക്കാര്‍ നികത്തിക്കൊടുക്കുന്നില്ലെന്നും പാചകവാതകവും മണ്ണെണ്ണയും നഷ്ടത്തിലാണ് വിതരണത്തിന് നല്‍കുന്നതെന്നും ചെയര്‍മാര്‍ പറഞ്ഞു. ഡീസലിന്റെയും പാചകവാതകത്തിന്റെയും മണ്ണെണ്ണയുടെയും വിലവര്‍ധിപ്പിക്കണമെന്ന നിര്‍ദേശവുമായി ജൂണ്‍ ഒന്‍പതിന് കമ്പനിയുടെ പ്രതിനിധിസംഘം ധനമന്ത്രി പ്രണബ്മുഖര്‍ജിയെ കാണുന്നുണ്ട്.

അടുത്ത വര്‍ഷത്തോടെ രാജ്യത്ത് എല്‍.പി.ജിയുടെയും മണ്ണെണ്ണയുടെയും സബ്‌സിഡി എടുത്ത് മാറ്റാനും സര്‍ക്കാര്‍ തത്വത്തില്‍ ധാരണയായിട്ടുണ്ട്.