ലണ്ടന്‍: വര്‍ധിച്ചുവരുന്ന ഊര്‍ജ്ജപ്രതിസന്ധിക്ക് പരിഹാരമായി ബ്രിട്ടനില്‍ നിന്നൊരാശ്വാസവാര്‍ത്ത. വായുവും ജലവുമുണ്‌ടെങ്കില്‍ പെട്രോള്‍ ഉത്പാദിപ്പിക്കാമെന്നാണ് റിപ്പോര്‍ട്ട്.

ബ്രിട്ടനിലെ എന്‍ജിനീയര്‍മാരാണ് പുതിയ സാങ്കേതിക വിദ്യയുമായി രംഗത്തുവന്നിരിക്കുന്നത്. മൂന്ന് മാസം നീണ്ട പരീക്ഷണത്തിനിടെ അഞ്ച് ലിറ്റര്‍ സിന്തറ്റിക് പെട്രോള്‍ ഉത്പാദിപ്പിച്ചതായി പുതിയ വിദ്യ അവതരിപ്പിച്ച ബ്രിട്ടീഷ് കമ്പനി എയര്‍ ഫ്യൂവല്‍ സിന്തെസിസ്(എ.എഫ്.എസ്) അവകാശപ്പെട്ടു.

Ads By Google

അന്തരീക്ഷവായുവും ജലവുമുണ്ടെങ്കില്‍ പരിസ്ഥിതിക്ക് ദോഷം ചെയ്യാതെ പുതുതലമുറക്ക് പെട്രോള്‍ ഉത്പാദിപ്പിക്കാം.

വായുവില്‍ നിന്ന് കാര്‍ബണ്‍ ഡൈ ഓക്‌സൈഡും ജലത്തില്‍ നിന്ന് ഹൈഡ്രജനും വേര്‍തിരിച്ചെടുക്കുന്നു. പിന്നീട് ഇതിനെ ഒരു പ്രത്യേക റിയാക്ടറിലൂടെ കടത്തിവിട്ട് മെഥനോളായി രൂപമാറ്റംവരുത്തുന്നു. മെഥനോളാണ് പിന്നീട് ഇന്ധന റിയാക്ടറിലൂടെ കയറിയിറങ്ങി പെട്രോളായി മാറുന്നത്.

നിലവില്‍ ലോകത്തിന് പരിചയമുള്ള പെട്രോള്‍ പ്രവര്‍ത്തിക്കുന്ന ഏത് എന്‍ജിനിലും പുതുതലമുറ പെട്രോളും ഉപയോഗിക്കാന്‍ കഴിയുമെന്ന് ഗവേഷണസംഘം പറഞ്ഞു. കൃത്രിമസംയുക്തം ആയതുകൊണ്ടുതന്നെ ഈ പെട്രോള്‍ പരിസ്ഥിതിയ്ക്ക് യോജിച്ചതാകുമെന്നും സംഘം അവകാശപ്പെട്ടു.

ഇതൊക്കെയാണെങ്കിലും സിന്തറ്റിക് പെട്രോളിന്റെ ഉത്പാദനചിലവ് അല്പം കൂടുതലായിരിക്കും, അതുകൊണ്ട് തന്നെ വിലയും കൂടാന്‍ സാധ്യതയുണ്ട്.