എഡിറ്റര്‍
എഡിറ്റര്‍
അഴിമതി ആരോപണം: ജേക്കബ്ബ് തോമസിനെതിരായ ഹരജി വിജിലന്‍സ് കോടതി തള്ളി
എഡിറ്റര്‍
Tuesday 7th February 2017 1:52pm

jacob-thomas

മൂവാറ്റുപുഴ: വിജിലന്‍സ് ഡയറക്ടര്‍ ജേക്കബ് തോമസിനെതിരെ അന്വേഷണം ആവശ്യപ്പെട്ട ഹര്‍ജികള്‍ മൂവാറ്റുപുഴ വിജിലന്‍സ് കോടതി തള്ളി.

തുറമുഖ വകുപ്പു ഡയറക്ടറായിരിക്കെ ഡ്രജര്‍ വാങ്ങിയതില്‍ സര്‍ക്കാരിനു 15 കോടി രൂപയുടെ നഷ്ടംവരുത്തിയെന്ന ആരോപണത്തില്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയിരുന്നത്. ഇടപാടില്‍ വിദേശകമ്പനിക്ക് അന്യായ ലാഭം നേടാന്‍ കഴിയുന്ന തരത്തില്‍ ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചുവെന്നാണ് ആരോപണം.

എന്നാല്‍ ഹരജിയില്‍ സമര്‍പ്പിക്കപ്പെട്ടിട്ടുള്ള തെളിവുകള്‍ ജേക്കബ്ബ് തോമസിനെതിരായ അന്വേഷണത്തിന് പര്യാപ്തമല്ലെന്ന് കോടതി പറഞ്ഞു.

ഇതോടൊപ്പം സര്‍വീസിലിരിക്കെ കൊല്ലത്തെ സ്വകാര്യ കോളേജില്‍ പഠിപ്പിക്കാന്‍ പോയെന്ന ഹര്‍ജിയും തള്ളിയിട്ടുണ്ട്. ജേക്കബ് തോമസ് തുറമുഖ ഡയറക്ടറായിരിക്കുന്ന സമയത്ത് ഡ്രഡ്ജര്‍ വാങ്ങിയത് വഴി സംസ്ഥാന സര്‍ക്കാരിന് 15 കോടി രൂപയുടെ നഷ്ടമുണ്ടായെന്ന് ചൂണ്ടിക്കാണിച്ച് മൈക്കിള്‍ വര്‍ഗീസ് എന്നയാളാണ് അന്വേഷണം ആവശ്യപ്പെട്ട് വിജിലന്‍സ് കോടതിയെ സമീപിച്ചിരുന്നത്.


ഈ കേസ് പരിഗണിച്ചിരുന്ന ഘട്ടത്തില്‍ മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാട്ടിയ കോടതി കൂടുതല്‍ തെളിവുകള്‍ ഹാജരാക്കാന്‍ ഹര്‍ജിക്കാരാനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഹര്‍ജിക്കാരന് കൂടുതല്‍ തെളിവുകള്‍ ഹാജാരാക്കാന്‍ സാധിച്ചില്ല.

ഇതിനിടെ ജേക്കബ് തോമസ് നടത്തിയ ക്രമക്കേടുകള്‍ ചൂണ്ടിക്കാണിച്ച് ധനവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി കെ എം എബ്രഹാം മൂവാറ്റുപ്പുഴ വിജിലന്‍സ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടും കോടതി തള്ളി.

2016 ല്‍ സോളാര്‍പാനല്‍ വാങ്ങിയതിലെ ക്രമക്കേട് ഉണ്ടെന്ന് വ്യക്തമാക്കിക്കൊണ്ടായിരുന്നു എബ്രഹാം റിപ്പോര്‍ട്ട് നല്‍കിയത്.
ക്രമക്കേടില്‍ ജേക്കബ് തോമസ് അടക്കം തുറമുഖ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഉത്തരവാദികളാണെന്നും സാങ്കേതിക വിദഗ്ധര്‍ ഉള്‍പ്പെടുന്ന പ്രത്യേക സംഘം അന്വേഷിക്കണമെന്നും കെ.എം. ഏബ്രഹാം നല്‍കിയ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

എന്നാല്‍ സോളാര്‍ പാനല്‍ വാങ്ങാന്‍ സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്ന് ടെണ്ടര്‍ ക്ഷണിക്കേണ്ട ആവശ്യമില്ലെന്ന് കോടതി പറഞ്ഞു.

റിപ്പോര്‍ട്ട് തയ്യാറാക്കിയത് സ്വതന്ത്ര ഏജന്‍സിയാണെന്നും കെ.എം എബ്രഹാം അന്വേഷണം നേരിടുന്ന ആളാണെന്നും കോടതി പറഞ്ഞു. ജേക്കബ്ബ് തോമസ് കുടകില്‍ അനധികൃത സ്വത്ത് സമ്പാദിച്ചതിലും തെളിവില്ലെന്നും കോടതി പറഞ്ഞു.

Advertisement