Categories

14 വര്‍ഷം മുമ്പ് സൗദിയില്‍ കാണാതായ മലയാളിയെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് നിവേദനം

hamsa-beleri-1

റിയാദ്: 14 വര്‍ഷം മുമ്പ് സൗദിയില്‍ സ്‌പോണ്‍സറോടൊപ്പം കാണാതായ മലയാളിയെക്കുറിച്ച് അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് പ്രവാസികാര്യ മന്ത്രാലയത്തിന് നിവേദനം.

ഫെഡറേഷന്‍ ഓഫ് കേരള അസോസിയേഷന്‍സ് ഇന്‍ സൗദി അറേബ്യ (ഫൊക്കാസ)യാണ് നിവേദനം സമര്‍പ്പിച്ചിരിക്കുന്നത്.

റിയാദില്‍ വീട്ടുകാവല്‍ക്കാരനായി ജോലി ചെയ്യവേ 1999 ഓഗസ്റ്റ് രണ്ടിനാണ് മലപ്പുറം ചെറുമുക്ക് സ്വദേശിയായ ഹംസ ബെലേരിയെ കാണാതാവുന്നത്. ഇദ്ദേഹത്തോടൊപ്പം സ്‌പോണ്‍സറായ ബിത അബ്ദുള്‍ അസീസ് അല്‍അന്‍കരിയേയും കാണാതായിരുന്നു.

നിരവധി പരാതികള്‍ നല്‍കിയിട്ടും ഫലമൊന്നുമുണ്ടാകാത്ത സാഹചര്യത്തിലാണ് ഫൊക്കാസ നിവേദനം നല്‍കിയത്. ഹംസ ബെലേരിയെക്കുറിച്ച് അന്വേഷണം നടത്താന്‍ സൗദി മന്ത്രാലത്തോട് ആവശ്യപ്പെടണമെന്ന് ഇന്ത്യന്‍ എംബസിയ്ക്ക് നിര്‍ദ്ദേശം നല്‍കണമെന്ന് നിവേദനത്തില്‍ പറയുന്നു.

അധികാരികളില്‍ നിന്നും വ്യക്തമായ മറുപടി ലഭിച്ചില്ലെങ്കില്‍ സൗദിയിലും ഇന്ത്യയിലും ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുമെന്ന്  ഫൊക്കാസ പ്രസിഡന്റായ ആര്‍. മുരളീധരനും സെക്രട്ടറി മാല മൊഹിയുദ്ദീനും അറിയിച്ചു.

1997-ല്‍ ആണ് ഹംസ റിയാദിലെത്തിയത്. ബിത അബ്ദുള്‍ അസീസിന്റെ വിസ തന്നെയായിരുന്നു ഇദ്ദേഹത്തിന്. നിരവധി കമ്പനികളുടെ ഉടമയായിരുന്ന ഇദ്ദേഹത്തിന്റെ കെട്ടിടങ്ങളുടെ പരിപാലന ചുമതലയായിരുന്നു ഹംസയ്ക്ക്.

റിയാദിലെ അബ്ദുള്‍ലത്തീഫ് ബിത അല്‍ അന്‍കരി എസ്റ്റാബ്ലിഷ്‌മെന്റ് എന്ന പ്രിന്റിങ് കമ്പനിയുടെ ഉടമസ്ഥനായിരുന്നു ഹംസയുടെ സ്‌പോണ്‍സര്‍. ഇദ്ദേഹത്തിന്റെ മകന്‍ സൗദി പൊലീസില്‍ പരാതി നല്‍കിയതോടെയാണ് ഇരുവരെയും കാണാനില്ലെന്ന വിവരം പുറത്തറിഞ്ഞത്.

പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല.

തുടര്‍ന്ന് ഭര്‍ത്താവിനെ കണ്ടെത്താന്‍ സഹായമാവശ്യപ്പെട്ട് ഹംസയുടെ ഭാര്യ ഷെരീഫ നോര്‍ക്കയ്ക്ക് പരാതി നല്‍കി.ഒന്നര വര്‍ഷത്തിന് ശേഷം 2000 ഏപ്രിലിലാണ് ഇതിന് മറുപടി ലഭിച്ചത്.

റിയാദിലെ ഇന്ത്യന്‍ എംബസി മുഖേന സൗദി വിദേശകാര്യ മന്ത്രാലയത്തിന് പരാതി കൈമാറിയിട്ടുണ്ടെന്നും അന്വേഷണം നടക്കുകയാണെന്നും മറുപടിയില്‍ പറഞ്ഞിരുന്നു. വിവരം ലഭിച്ചാല്‍ അറിയിക്കാമെന്നും നോര്‍ക ഡപ്യൂട്ടി സെക്രട്ടറി സുരേഷ് ബാബു നല്‍കിയ മറുപടിയില്‍ വാഗ്ദാനം ചെയ്തിരുന്നു.

പിന്നീട് യാതൊരു മറുപടിയും ഇവര്‍ക്ക് ലഭിച്ചിട്ടില്ല. ഇതിനിടയില്‍ നോര്‍ക്കയ്ക്കും ഇന്ത്യന്‍ പ്രവാസികാര്യ മന്ത്രാലയത്തിനും വിദേശകാര്യ മന്ത്രാലയത്തിനും അവസാനം പ്രധാനമന്ത്രിയ്ക്കും പരാതി നല്‍കി. എന്നാല്‍ ഒരു മറുപടിയും ലഭിച്ചില്ല.

കാണാതാവുമ്പോള്‍ ഹംസയ്ക്ക് 30 വയസ്സായിരുന്നു. പ്രായമായ മാതാവും ഒരു മകനുമുണ്ട്.

Tagged with: