കൊച്ചി: മുന്‍ ഡി.ജി.പി സിബി മാത്യൂസിന് മുഖ്യ വിവരാവകാശ കമ്മീഷണര്‍ പദവി നല്‍കരുതെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. ഹരജി കോടതി ഫയലില്‍ സ്വീകരിച്ചു. ഹരജിയെ തുടര്‍ന്ന് മുഖ്യമന്ത്രിക്കും, ചീഫ് സെക്രട്ടറിക്കും, സിബി മാത്യൂസിനും കോടതി നോട്ടീസ് അയച്ചു.

മലബാര്‍ സിമന്റ്‌സ് അഴിമതിക്കേസുകളിലൊന്നായ ചുണ്ണാമ്പുകല്ലുകേസ് അന്വേഷണത്തില്‍ സിബി മാത്യൂസ് ഇടപെട്ടു എന്നാരോപിച്ച് അദ്ദേഹത്തിനെതിരെ വിജിലന്‍സ് കോടതിയില്‍ ഹരജി നല്‍കിയിരുന്നു. മഞ്ചേരി സ്വദേശി നറുകര ഗോപിനാഥാണ് ഹരജി സമര്‍പ്പിച്ചത്.

വിജിലന്‍സ് ഡയറക്ടറായിരുന്ന കാലത്ത് കേസന്വേഷണത്തില്‍ ഇടപെട്ട് കേസിലെ മുഖ്യപ്രതികളിലൊരാളെ രക്ഷപ്പെടുത്തി എന്ന ആരോപണമാണ് സിബി മാത്യൂസിനെതിരെയുള്ളത്. ഈ സാഹചര്യത്തിലാണ് അദ്ദേഹത്തിനെ മുഖ്യ വിവരാവകാശ കമ്മീഷണര്‍ ആക്കുന്നതിനെതിരെ ഹരജി നല്‍കിയിരിക്കുന്നത്.

മലബാര്‍ സിമന്റ്‌സിനുവേണ്ടി ചുണ്ണാമ്പുകല്ല് ഇറക്കുമതി ചെയ്തതുമായി ബന്ധപ്പെട്ട് 32കോടിയുടെ അഴിമതി നടത്തി എന്നതാണ് കേസ്. കേസില്‍ ഒന്നാം പ്രതി മലബാര്‍ സിമന്റ്‌സ് മുന്‍ എം.ഡി എസ്.എസ് മോനിയാണ്. ജനറല്‍ മാനേജര്‍ മുരളീധരന്‍ നായര്‍, മുന്‍ എം.ഡിയും ബോര്‍ഡംഗവുമായ ജോണ്‍ മത്തായി എന്നിവരടക്കം 12 പേര്‍ ഈ കേസില്‍ പ്രതികളാണ്.