കൊല്ലം: വിമാനയാത്രാ വിവാദത്തില്‍ മുന്‍ മന്ത്രി പി ജെ ജോസഫിനെതിരെ കോടതിയില്‍ സ്വകാര്യ അന്യായം നല്‍കുമെന്ന് എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

ഇതിനായി വിശദാംശങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. സംഭവത്തെക്കുറിച്ച് അന്വേഷിച്ച ഐ.ജി ബി സന്ധ്യയുടെ റിപോര്‍ട്ടില്‍ ജോസഫ് കുറ്റക്കാരനാണെന്ന് പറഞ്ഞിട്ടുണ്ടെങ്കിലും സംസ്ഥാന സര്‍ക്കാര്‍ കേസെടുത്തിട്ടില്ല. അതുകൊണ്ടാണ് സ്വന്തം നിലയില്‍ കേസ് കൊടുക്കുന്നത്. ചെന്നൈയില്‍ നിന്ന് കോയമ്പത്തൂരിലെ കോടതിയിലേക്ക് കേസ് മാറ്റാന്‍ തമിഴ്‌നാട് ഉപമുഖ്യമന്ത്രി എം.കെ സ്റ്റാലിന് ആറുകോടി കൊടുത്തെന്ന് സംസാരമുണ്ട്.

വിധി അനുകൂലമാക്കുന്നതിനു വേണ്ടി ജഡ്ജിക്കും വാദിയായ സ്ത്രീക്കും മൂന്നുകോടി രൂപ വീതം നല്‍കിയെന്നും ആരോപണം ഉയര്‍ന്നിരുന്നു. അപ്പീല്‍ കാലാവധിയായ മൂന്നുമാസം കഴിയുന്നതു വരെ പരാതിക്കാരിയെ ഇന്ത്യക്ക് വെളിയില്‍ താമസിപ്പിച്ചു. ഇതൊക്കെ പുറത്തുകൊണ്ടുവരാനാണ് താന്‍ ശ്രമിക്കുന്നത്.

ജോസഫുമായി യോജിക്കുന്നത് മാണിക്ക് ദോഷമാവുമെന്ന തന്റെ പ്രവചനം കഴിഞ്ഞദിവസം തൊടുപുഴയില്‍ യാഥാര്‍ഥ്യമായെന്നും അദ്ദേഹം പറഞ്ഞു.