കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയനെ തത്സ്ഥാനത്ത് നിന്ന് നീക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. കേരള യൂണിയന്‍ മുന്‍ സിന്‍ഡിക്കേറ്റ് അംഗം ആര്‍.എസ് ശശികുമാറാണ് ക്വോ വാറണ്ടോ ഹരജി നല്‍കിയത്.

മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്ന കോടതി പരാമര്‍ശം ചൂണ്ടിക്കാട്ടിയാണ് ഹരജി. തോമസ് ചാണ്ടിയുടെ ഹരജിയും മന്ത്രിമാരുടെ ബഹിഷ്‌കരണവും ഇതിന് തെളിവാണെന്നും ഹരജിയില്‍ പറയുന്നു.

ആലപ്പുഴ കളക്ടര്‍ക്കെതിരെ ഗതാഗതമന്ത്രി തോമസ് ചാണ്ടി ഹര്‍ജി നല്‍കിയതോടെയാണ് മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടെന്ന പരാമര്‍ശം ഹൈക്കോടതി നടത്തുന്നത്.

മന്ത്രിക്കു സ്വന്തം സര്‍ക്കാരിനെയോ മുഖ്യമന്ത്രിയെയോ വിശ്വാസമില്ലെന്നാണെങ്കില്‍, ഇതുതന്നെ അയോഗ്യതയ്ക്കു പറ്റിയ കാരണമാണ്. മന്ത്രിക്കു സ്വന്തം മന്ത്രിസഭയെ കുറ്റപ്പെടുത്താനാകുമോ? കേട്ടുകേള്‍വിയില്ലാത്ത കാര്യമാണത്. സര്‍ക്കാരിനെതിരെ മന്ത്രി ഹര്‍ജി നല്‍കിയ ചരിത്രം ഈ കോടതിയിലോ ഇന്ത്യയിലെ ഏതെങ്കിലും കോടതിയിലോ ഇല്ലെന്നും കോടതി പറഞ്ഞിരുന്നു.

കാബിനെറ്റ് തീരുമാനത്തിനെതിരെ അതേ കാബിനെറ്റില്‍ അംഗമായ മന്ത്രി തന്നെ ഹൈക്കോടതിയെ സമീപിക്കുന്നു. അപ്പോള്‍ സര്‍ക്കാരിനു കൂട്ടുത്തരവാദിത്തം നഷ്ടമായിരിക്കുന്നു. എന്നായിരുന്നു ഹൈക്കോടതിയുടെ പരാമര്‍ശം.

മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടമായെന്നു ഹൈക്കോടതി തന്നെ പറഞ്ഞ സ്ഥിതിക്ക് എങ്ങിനെ ഒരു ജനാധിപത്യ സംവിധാനത്തില്‍ നിലനില്‍ക്കുന്ന സര്‍ക്കാരിനു തുടരാന്‍ കഴിയുമെന്ന ചോദ്യവും ഉയര്‍ന്നിരുന്നു.