തൃശൂര്‍: മോഹന്‍ലാലിന്റെ വീട്ടില്‍നിന്നും ആനക്കൊമ്പ് കണ്ടെടുത്ത സംഭവത്തില്‍ ഫയല്‍ചെയ്ത ഹരജി തൃശൂര്‍ വിജിലന്‍സ് കോടതി ഓഗസ്റ്റ് ഒന്നിന് പരിഗണിക്കും. മോഹന്‍ലാല്‍, ചീഫ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍, കൊച്ചി ഡി.എഫ്.ഒ എന്നിവര്‍ക്കെതിരേ തൃശൂര്‍ സ്വദേശി പി.ഡി. ജോസഫാണ് ഹരജി ഫയല്‍ചെയ്തത്. ഹരജി ഫയലില്‍ സ്വീകരിച്ച വിജിലന്‍സ് കോടതി കേസ് പരിഗണിക്കുന്നതിനു മുമ്പായി ബന്ധപ്പെട്ട തെളിവുകള്‍ ശേഖരിക്കാന്‍ സമയം നല്‍കി.

നിയമവിരുദ്ധമായി ആനക്കൊമ്പ് സൂക്ഷിക്കുന്നത് കുറ്റകരമായിട്ടും പ്രാഥമികാന്വേഷണം പോലും നടത്താത്ത ഉദ്യോഗസ്ഥരുടെ നടപടി ഒത്തുകളിയാണെന്ന് ഹരജിയില്‍ ചൂണ്ടിക്കാട്ടുന്നു. തൃശൂര്‍, പാലക്കാട് ജില്ലകളിലെ ആനവേട്ടകളെക്കുറിച്ചും ആനകള്‍ ചത്തൊടുങ്ങിയതു സംബന്ധിച്ചും കണക്കുകള്‍ ശേഖരിക്കണമെന്നും ഇതു പരിശോധിച്ച് കോടതി ആവശ്യമായ നടപടി സ്വീകരിക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

മോഹന്‍ലാലിന്റെ വീട്ടില്‍ നിന്ന് ആനക്കൊമ്പി പിടിച്ചെടുത്ത സംഭവത്തില്‍ സര്‍ക്കാറോ വനം വകുപ്പോ നടപടിയെടുക്കാത്തത് വിവാദമായിരുന്നു. സംഭവത്തില്‍ഡ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ രാജരാജവര്‍മ്മയ്ക്കും വനംമന്ത്രി ഗണേഷ്‌കുമാറിനും ഭിന്നാഭിപ്രായമായിരുന്നു ഉണ്ടായിരുന്നത്. ആനക്കൊമ്പ് വീട്ടില്‍ സൂക്ഷിക്കുന്നതിന് മോഹന്‍ലാലിന് ലൈസന്‍സ് ഉണ്ടോയെന്ന് അന്വേഷിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി രാജരാജവര്‍മ്മ പറഞ്ഞപ്പോള്‍ ആനക്കൊമ്പിന്റെ കാര്യത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടിട്ടില്ലെന്നായിരുന്നു വനം മന്ത്രി ഗണേഷ്‌കുമാര്‍ പറഞ്ഞത്.

ലാലിന്റെ വീട്ടില്‍ കണ്ടെത്തിയ ആനക്കൊമ്പിനെ പറ്റിയുള്ള അന്വേഷണ വിവരങ്ങളൊന്നും എനിക്കറിയില്ല. അന്വേഷണം നടത്താന്‍ ഉദ്ദേശിക്കുന്നുമില്ല. ചിലപ്പോള്‍ അത് മോഹന്‍ലാലിന് പരമ്പരാഗതമായി കൈമാറിക്കിട്ടിയതാവാം അല്ലെങ്കില്‍ ഇത് സൂക്ഷിക്കാന്‍ അദ്ദേഹത്തിന് ലൈസന്‍സ് ഉണ്ടായിരിക്കാം. ഇതിന്റെയൊന്നും വിശദാംശങ്ങള്‍ അറിയാതെ എങ്ങനെയാണ് നടപടിയെടുക്കുക. ഇക്കാര്യത്തില്‍ തലയിടാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല- ഇതായിരുന്നു ഗണേഷ്‌കുമാറിന്റെ പ്രതികരണം.

വനംവകുപ്പ് നിയമപ്രകാരവും 1988 ലെ വന്യജീവി സംരക്ഷ നിയമപ്രകാരവും സ്വകാര്യ വ്യക്തികള്‍ക്ക് ആനക്കൊമ്പ് സൂക്ഷിക്കാന്‍ കഴിയില്ല. ഇതിന് വനംവകുപ്പിന്റെ പ്രത്യേക അനുമതി ആവശ്യമാണ്. അല്ലാത്തപക്ഷം ആനക്കൊമ്പ് വനംവകുപ്പ് ഏറ്റെടുക്കുകയോ ആദായനികുതി വകുപ്പ് കണ്ടുകെട്ടുകയോ ചെയ്യാം.