തൃശൂര്‍: മലബാര്‍ സിമന്റ്‌സ് അഴിമതിയില്‍ മന്ത്രി എളമരം കരീമിനുളള പങ്ക് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തൃശൂര്‍ വിജിലന്‍സ് കോടതിയില്‍ ഹരജി. തൃശൂരിലെ പി.ഡി ജോസഫാണ് ഹരജി സമര്‍പ്പിച്ചത്.

അഴിമതിക്കേസ് നിലവിലിരിക്കെ മലബാര്‍ സിമന്റസ് എം.ഡിയുമായി ചര്‍ച്ച നടത്തിയതില്‍ ദുരൂഹതയുണ്ടെന്ന് ഹരജിയില്‍ ആരോപിക്കുന്നു. 14ന് പ്രാഥമിക വാദം കേള്‍ക്കും.

മലബാര്‍ സിമന്റ്‌സ് മുന്‍ കമ്പനി സെക്രട്ടറി വി ശശീന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയായ മലബാര്‍ സിമന്റ്‌സ് എം.ഡിയുമായി വ്യവസായ മന്ത്രി എളമരം കരീം നടത്തിയ കൂടിക്കാഴ്ചയാണ് വിവാദമായത്.

എം.ഡിയും പഴ്‌സനല്‍ മാനേജര്‍ സൂര്യനാരായണനും കരാറുകാരന്‍ വി.എം.രാധാകൃഷ്ണനും ശശീന്ദ്രനെ മാനസികമായി പീഡിപ്പിച്ചിരുന്നതായി നേരത്തെ ശശീന്ദ്രന്റെ കുടുംബാംഗങ്ങള്‍ മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. രണ്ടു ദിവസം കൊണ്ട് ആയിരക്കണക്കിന് പേജ് വരുന്ന ഫയലുകള്‍ കണ്ടെത്തി നല്‍കാന്‍ ആവശ്യപ്പെട്ട് എം.ഡി പീഡിപ്പിച്ചതിന്റെ രേഖകളും ഇവര്‍ കൈമാറിയിരുന്നു.

തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിലിരിക്കെ മന്ത്രി എളമരം കരീം മലബാര്‍ സിമന്റ്‌സ് എം.ഡിയുമായി കൂടിക്കാഴ്ച നടത്തിയത് ചട്ടലംഘനമാണെന്ന് കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു.