കോഴിക്കോട്: അമൃത ടിവിയുടെ സൂപ്പര്‍ഹിറ്റ് ഷോ കഥയല്ലിതു ജീവിതത്തിനെതിരെ ദല്‍ഹിയിലെ നാഷണല്‍ ലീഗല്‍ സര്‍വ്വീസസ് അതോറിട്ടി(നെല്‍സ)ക്ക് പരാതി. കുടുംബ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനെന്ന പേരില്‍ അമൃത സംപ്രേഷണം ചെയ്യുന്ന അദാലത്ത് ഷോ സ്ത്രീ വിരുദ്ധമാണെന്നും അത് വിലക്കണമെന്നും ആവശ്യപ്പെട്ടാണ് പരാതി. കെ.അജിത, ആര്‍.പാര്‍വതീദേവി, തിരുവനന്തപുരം ഹ്യൂമന്റൈറ്റ്‌സ് നെറ്റ്‌വര്‍ക്കിലെ അഡ്വ. സന്ധ്യ, ഗീഥ, അഡ്വ ആശ, അഡ്വ. മരിയ, മേഴ്‌സി അലക്‌സാണ്ടര്‍ തുടങ്ങിയവരാണ് പരാതി അയച്ചത്.

ഈ പരിപാടി നടത്താന്‍ ചാനലുമായി സഹകരിക്കുന്ന കേരള സ്‌റ്റേറ്റ് ലീഗല്‍ സര്‍വീസസ് അതോറിറ്റി (കെല്‍സ)യെ അതില്‍ നിന്നു തടയണമെന്നും പരാതിയില്‍ പറയുന്നു. ഷോയുടെ സ്ത്രീവിരുദ്ധ സ്വഭാവവും കുറ്റവിചാരണാ രീതിയും അംഗീകരിക്കാനാകില്ലെന്നുചൂണ്ടിക്കാട്ടിയാണ് പരാതി. അമൃത ടിവിയും കെല്‍സയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന കഥയല്ലിതു ജീവിതം അവതരിപ്പിക്കുന്നത് മലയാള സിനിമയിലെ മുന്‍കാല നടി വിധുബാലയാണ്. ശനിയും ഞായറും ഒഴികെയുള്ള ദിവസങ്ങളില്‍ രാത്രി 9.30 മുതല്‍ 10 വരെയാണ് സംപ്രേഷണം.