brittasതിരുവനന്തപുരം: കൈരളി ചാനലിന്റെ മുന്‍ മാനേജിങ് ഡയറക്ടര്‍ ജോണ്‍ ബ്രിട്ടാസ് വിരമിക്കുന്നതിന്റെ ഭാഗമായി 12 ലക്ഷം വിലവരുന്ന ആഡംബരക്കാര്‍ സമ്മാനമായി നല്‍കിയതിനെതിരെ ശക്തമായ വിമര്‍ശനം. കൈരളി ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന സി.പി.ഐ.എം ബ്രാഞ്ച്കമ്മിറ്റി പാര്‍ട്ടി നേതൃത്വത്തിനും മുഖ്യമന്ത്രിക്കും നല്‍കിയ പരാതിയിലാണ് വിമര്‍ശനം.

ദല്‍ഹിയില്‍ കൈരളി ആദ്യം പ്രവര്‍ത്തിച്ചിരുന്ന ട്രാവന്‍കൂര്‍ ഹൗസിലെ ഓഫീസ് നിര്‍മാണത്തിനായി അനുവദിച്ച 30 ലക്ഷം രൂപ ദുരുപയോഗം ചെയ്‌തെന്നും കൈരളി ചാനലില്‍ ‘അഴിച്ചുപണി’യെന്ന പേരില്‍ നടന്ന മാധ്യമവിമര്‍ശന പരിപാടി തിരഞ്ഞെടുപ്പിനു മുമ്പായി നിര്‍ത്തിവെച്ചെന്നും പരിതിയില്‍ പറയുന്നു. ‘അഴിച്ചുപണി’ ഏറെ വിമര്‍ശിച്ചിരുന്ന ഏഷ്യാനെറ്റിന്റെ ദക്ഷിണേന്ത്യന്‍ മേധാവിയാണ് ഇപ്പോള്‍ ബ്രിട്ടാസ്. മര്‍ഡോക്കിന്റെ ചാനലില്‍ ബ്രിട്ടാസ് ചേക്കേറുന്നതിന്റെ മുന്നൊരുക്കമെന്ന നിലയിലാണ് മര്‍ഡോക്കിനെയടക്കം വിമര്‍ശിച്ചിരുന്ന പരിപാടി നിര്‍ത്തലാക്കിയതെന്നാണ് വിമര്‍ശം.

പാവപ്പെട്ടവരില്‍ നിന്നും പിരിച്ചെടുത്ത പണം കൊണ്ടാണ് കൈരളി തുടങ്ങിയത്. തൊഴിലാളിവര്‍ഗത്തിന്റെ ആശയങ്ങള്‍ പ്രചരിപ്പിക്കാനായിരുന്നുവത്. ആ പണമാണ് ഇപ്പോള്‍ കുത്തക സ്ഥാപനത്തിലേക്ക് ചേക്കേറിയ ബ്രിട്ടാസിന് സമ്മാനമായി നല്‍കിയിരിക്കുന്നത്. ഇത് തൊഴിലാളിവര്‍ഗത്തെ വഞ്ചിക്കുന്നതിന് തുല്യമാണ്ബ്രാഞ്ച് കമ്മിറ്റി ആക്ഷേപിച്ചു.

കേന്ദ്രകമ്മിറ്റി അംഗവും കൈരളി ഡയറക്ടറുമായ എ.വിജയരാഘവന്റെ നിര്‍ദേശം അവഗണിച്ചുകൊണ്ടാണു ബ്രാഞ്ച് കമ്മിറ്റി മേല്‍കമ്മറ്റികള്‍ക്ക് പരാതിനല്‍കിയത്.