തിരുവനന്തപുരം: കെ.പി.സി.സി വക്താവ് എം.എം.ഹസന്റെ നേതൃത്വത്തിലുള്ള ജനശ്രീമിഷനെതിരേ നേരത്തെ കോണ്‍ഗ്രസ് നേതൃത്വത്തിന് പരാതി ലഭിച്ചിരുന്നതായി റിപ്പോര്‍ട്ട്്. മിഷനിലെ അഴിമതിയെക്കുറിച്ചായിരുന്നു പരാതി ലഭിച്ചത്. എന്നാല്‍ കെ.പി.സി.സി പ്രസിഡന്റിലുള്ള സ്വാധീനം മുതലെടുത്ത് പരാതികളൊന്നും പരിഗണിക്ക്പപെടാതെ പോവുകയായിരുന്നു.

ഇതേ പരാതി തന്നെയാണ് കഴിഞ്ഞ ദിവസം ഐസക്ക് ഉന്നയിച്ചത്. തദ്ദേശ സ്ഥാപനങ്ങളുടെ അധികാരം കവരുന്നതിന് സമാന്തര സംവിധാനം ഉപയോഗിച്ച് പോക്കറ്റ് സംഘങ്ങളുണ്ടാക്കി പണം തട്ടിയെടുക്കാന്‍ കോണ്‍ഗ്രസും ജനശ്രീയും ശ്രമിക്കുകയാണെന്നായിരുന്നു ഐസക് ആരോപിച്ചത്.

പഞ്ചായത്തുകള്‍ക്കും കുടുംബശ്രീക്കും കിട്ടേണ്ട 600 കോടി രൂപ കേന്ദ്ര സര്‍ക്കാരില്‍ നിന്നു ലഭ്യമാക്കുന്നതിനുള്ള പ്രോജക്ട് ജനശ്രീ രഹസ്യമായി സമര്‍പിച്ചത് ഇതിന് ഉദാഹരണമാണ്. കുടുംബശ്രീയെ തകര്‍ക്കാനും പണം തട്ടിയെടുക്കാനുള്ള ജനശ്രീയുടെ കള്ളി വെളിച്ചത്തായിരിക്കുകയാണെന്നും ഐസക് ആരോപിച്ചിരുന്നു.

സംസ്ഥാന സര്‍ക്കാരിനു കീഴില്‍ കുടുംബശ്രീ മിഷനുണ്ടായിരിക്കെ, പ്രതിക്ഷത്തുള്ള കോണ്‍ഗ്രസ് സമാന്തരമായി അതേ സ്വഭാവമുള്ള സംവിധാനം തുടങ്ങുന്നതിനെ കോണ്‍ഗ്രസിലെ ഒരു വിഭാഗം നേരത്തെ തന്നെ എതിര്‍ത്തിരുന്നു. ജന്രശ്രീമിഷനിലെ അഴിമതികളെക്കുറിച്ച് സംസഥാന കോണ്‍ഗ്രസ് നേതൃത്വം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പാര്‍ട്ടി നേതൃത്വത്തിനു പരാതിയും ലഭിച്ചിരുന്നു.

എന്നാല്‍ പിന്നീട് കെ.പി.സി.സി സെക്രട്ടറിയും മഹിളാ കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ ലതികാ സുഭാഷിനെ ജനശ്രീയുടെ ട്രഷററാക്കിയിരുന്നു.
പ്രതിപക്ഷത്തുള്ള പാര്‍ട്ടിയിലെ ഒരു നേതാവുണ്ടാക്കിയ സംഘടനക്ക് സംസ്ഥാന സര്‍ക്കാരിനെ മറികടന്ന് കേന്ദ്രത്തിനു പദ്ധതി സമര്‍പ്പിക്കാന്‍ അധികാരമില്ല. അതുകൊണ്ടുതന്നെ ഐസക്കിനു മറുപടി പറയല്‍ കോണ്‍ഗ്രസിന് എളുപ്പമാവുകയുമില്ല. ഇതു മനസിലാക്കിയാണ് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ജനശ്രീക്കെതിരേ ഐസക് രംഗത്തുവന്നത്. സംസ്ഥാന വ്യാപകമായി ജനശ്രീ പ്രവര്‍ത്തകരെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളാക്കിയിട്ടുണ്ട്.

കേന്ദ്ര ഗ്രാമവികസന വകുപ്പിനു കീഴിലുള്ള നാഷണല്‍ റൂറല്‍ ലൈവ്‌ലിഹുഡ് മിഷനാണ് ജനശ്രീ 600 കോടിയുടെ പദ്ധതി സമര്‍പ്പിച്ചത്. സംസ്ഥാന സര്‍ക്കാര്‍ അറിയാതെ പദ്ധതി നടത്തിക്കൊള്ളാമെന്നാണത്രേ ജനശ്രീയുടെ വാഗ്ദാനം.