കൊച്ചി: ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ ഇന്ത്യാവിഷന്‍ വെളിപ്പെടുത്തലിന്റെ സാഹചര്യത്തില്‍ കോടതിയലക്ഷ്യത്തിന് കേസെടുക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി. മുന്‍ ജഡ്ജുമാരായ കെ.നാരായണക്കുറുപ്പ്. തങ്കപ്പന്‍, മുന്‍മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി, മുന്‍ അഡീഷണല്‍ അഡ്വക്കറ്റ് ജനറല്‍ കെ.സി പീറ്റര്‍, കെ.എ റഊഫ്, ഇന്ത്യാവിഷന്‍ ചാനല്‍ എന്നിവരെ കക്ഷി ചേര്‍ത്താണ് ഹരജി. ചീഫ് ജസ്റ്റിസിന്റെ ബെഞ്ചിന് മുമ്പാകെയാണ് ഹരജി നല്‍കിയത്.

ജുഡീഷ്യറിക്കെതിരെ പുറത്ത് വിട്ട കാര്യങ്ങള്‍ ഇന്ത്യാവിഷന്‍ തെളിയിക്കണമെന്നും അല്ലെങ്കില്‍ ചാനലിനെതിരെ കോടതിയലക്ഷ്യത്തിന് നടപടിയെടുക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു. ചാനല്‍ വാര്‍ത്ത വസ്തുതാപരമാണെങ്കില്‍ ആരോപണ വിധേയര്‍ക്കെതിരെ കേസെടുക്കണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു. സി.പി.ഐയുടെ അഭിഭാഷക സംഘടനയായ ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് ലോയേഴ്‌സ് ആണ് ഹരജി നല്‍കിയത്.

മുന്‍ജസ്റ്റിസുമാരടക്കമുള്ള സര്‍ക്കാര്‍-നിയമ രംഗത്തെ പ്രമുഖര്‍ക്കെതിരെ കോടതിയലക്ഷ്യ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിക്കുന്ന ആദ്യഹരജിയാകും ഇത്. വാര്‍ത്ത ശരിയാണെന്ന് തെളിഞ്ഞാലും തെറ്റാണെന്ന് തെളിഞ്ഞാലും കോടതിയലക്ഷ്യ നടപടി ഉറപ്പാണ് എന്നതാണ് ഹരജിയുടെ പ്രത്യേകത.

ഐസ്‌ക്രീം പാര്‍ലര്‍ കേസില്‍ ഇന്ത്യാവിഷന്‍ ചാനലില്‍ വന്ന പുതിയ വെളിപ്പെടുത്തലുകള്‍ ഇതോടെ കോടതിയിലേക്ക് നീങ്ങിയിരിക്കയാണ്. ഈ ഹരജിയിലെ തുടര്‍നടപടികളായിരിക്കും പുതിയ വിവാദത്തിന്റെ ഗതി നിര്‍ണ്ണയിക്കുകയെന്നാണ് നിയമവിദഗ്ധര്‍ നിരീക്ഷിക്കുന്നത്.