എഡിറ്റര്‍
എഡിറ്റര്‍
അമൃതാനന്ദമയി മഠത്തിനെതിരെ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അഭിഭാഷകന്റെ ഹരജി
എഡിറ്റര്‍
Friday 14th March 2014 6:58am

amruthanandamayi

കൊച്ചി: അമൃതാനന്ദമയി മഠത്തെക്കുറിച്ച് മുന്‍ ശിഷ്യ ഗെയ്ല്‍ ട്രെഡ്‌വെലിന്റെ വെളിപ്പെടുത്തലുകളുടെ അടിസ്ഥാനത്തില്‍ സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതി അഭിഭാഷകന്‍ ദീപക് പ്രകാശ് ഹൈകോടതിയില്‍ ഹരജി നല്‍കി. ഇത് സംബന്ധിച്ച് പരാതി നല്‍കിയിട്ടും കേസെടുക്കാത്ത പൊലീസ് നടപടി കൂടി ചോദ്യം ചെയ്താണ്  ഹൈകോടതിയെ സമീപിച്ചത്.

അമൃതാനന്ദമയീ മഠത്തിനെതിരെയുള്ള ആരോപണങ്ങളില്‍ കേസെടുക്കാത്തതിന് പോലീസിനെതിരെ കോടതിയലക്ഷ്യത്തിന് കേസെടുക്കാന്‍ ദീപക് പ്രകാശ് നേരത്തെ സുപ്രീംകോടതിയെ സമീപിച്ചിരുന്നു.

കരുനാഗപ്പള്ളി പൊലീസിനും ഡി.ജി.പിക്കും കൊല്ലം പൊലീസ് കമീഷണര്‍ക്കും പരാതി നല്‍കിയിട്ടും നടപടിയുണ്ടായിട്ടില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. ഗെയ്ല്‍ ട്രഡ്‌വെല്‍ എന്ന ഗായത്രി മഠത്തില്‍ വെച്ച് ലൈംഗിക പീഡനത്തിനിരയായതുമായി ബന്ധപ്പെട്ട് കേസെടുക്കാത്ത നടപടിയെയാണ് ഹരജിയില്‍ ചോദ്യം ചെയ്തിരിക്കുന്നത്.

ഇവരുടെ വിശുദ്ധ നരകം എന്ന പുസ്തകത്തിലെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ മഠത്തിനും അമൃതാനന്ദമയിക്കും ബാലു എന്ന അന്തേവാസിക്കുമെതിരെ കേസെടുക്കണമെന്നാവശ്യപ്പെട്ട് ദീപക് പ്രകാശ് കരുനാഗപ്പള്ളി പൊലീസിന് ഇമെയില്‍ പരാതി അയച്ചിരുന്നു. ഇത് സംബന്ധിച്ച് തെളിവ് നല്‍കിയാല്‍ കേസെടുക്കാമെന്ന മറുപടിയാണ് ലഭിച്ചതിനെത്തുടര്‍ന്ന് പുസ്തകത്തില്‍ പരാമര്‍ശിക്കുന്ന പീഡന സംഭവം ശരിവെച്ച് അവര്‍ നല്‍കിയ കത്ത് പൊലീസിന് കൈമാറുകയും ചെയ്തിരുന്നു.

ഡി.ജി.പിക്കും കമീഷണര്‍ക്കും കത്തും പരാതിയും അയച്ചുകൊടുത്തു. എന്നാല്‍ ഇതുവരെയും പൊലീസ് കേസെടുക്കാന്‍ തയാറായില്ല. മുഖ്യമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും സമ്മര്‍ദത്തെ തുടര്‍ന്നാണ് ഈ നടപടിയെന്നാണ് ഹരജിയില്‍ ദീപക് ആരോപിക്കുന്നത്.

അമൃതാനന്ദമയിക്കെതിരെയുള്ള വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട് അമൃതാനന്ദമയിയുടെ മുന്‍ ശിഷ്യ ഗെയ്ല്‍ ട്രെഡ്‌വെല്ലിനും മാധ്യമങ്ങള്‍ക്കുമെതിരെ കേസെടുക്കാന്‍ എറണാകുളം സി.ജെ.എം കോടതി നിര്‍ദേശിച്ചിരുന്നു.

ഇന്ത്യാവിഷന്‍, റിപ്പോര്‍ട്ടര്‍, മീഡിയ വണ്‍ എന്നീ ചാനലുകള്‍ക്കും മാധ്യമം, തേജസ് എന്നീ ദിനപത്രങ്ങള്‍ക്കുമെതിരെ പാലാരിവട്ടം പോലീസിനാണ് കേസെടുക്കാന്‍ കോടതിയുടെ നിര്‍ദേശം ലഭിച്ചിരുന്നത്.

Advertisement