എഡിറ്റര്‍
എഡിറ്റര്‍
പീറ്റേഴ്‌സണ്‍ തിരിച്ചുവരണം: കോച്ച് ആന്‍ഡി ഫ്‌ളവര്‍
എഡിറ്റര്‍
Thursday 23rd August 2012 9:50am

ലണ്ടന്‍ : എസ്.എം.എസ്‌ വിവാദത്തെ തുടര്‍ന്ന് ടീമില്‍ നിന്നും പുറത്തായ ഇംഗ്ലണ്ട് ക്രിക്കറ്റര്‍ കെവിന്‍ പീറ്റേഴ്‌സണ്‍ വിവാദങ്ങള്‍ അവസാനിപ്പിച്ച് വൈകാതെ തന്നെ ടീമിലേക്ക് തിരിച്ച് വരണമെന്നാണ് തന്റെ ആഗ്രഹമെന്ന് കോച്ച് ആന്‍ഡി ഫ്‌ളവര്‍.

Ads By Google

പീറ്റേഴ്‌സണ്‍ മികച്ച കളിക്കാരനാണ്. അദ്ദേഹം ടീമിന്റെ കൂടെയുണ്ടാകുന്നത് ടീമിന് ഏറെ ഗുണം ചെയ്യും. ഇംഗ്ലണ്ട് ടീമിന് വേണ്ടി മികച്ച സംഭാവനകള്‍ നല്‍കിയ താരമാണ് അദ്ദേഹം. നിസ്സാര വിവാദത്തിന്റെ പേരിലാണ് അദ്ദേഹം ഇപ്പോള്‍ പുറത്തിരിക്കേണ്ടി  വന്നത്.

വിവാദങ്ങളേക്കാള്‍ വലുത് ടീമിന്റെ വിജയമാണ്. അതിനാല്‍ തന്നെ അദ്ദേഹം ടീമിലേക്ക് മടങ്ങിവരണമെന്നാണ് താന്‍ ആഗ്രഹിക്കുന്നതെന്നും കോച്ച് വ്യക്തമാക്കി.

എന്നാല്‍ വ്യക്തികളേക്കാളുപരി രാജ്യത്തിന്റെ താത്പര്യത്തിന് മുന്‍ഗണന നല്‍കേണ്ടി വരുന്നതിനാലാണ് അദ്ദേഹത്തെ പുറത്താക്കിയതെന്നും ആന്‍ഡി ഫ്‌ളവര്‍ പറഞ്ഞു.

ഇംഗ്ലണ്ട് ടെസ്റ്റ് ടീം ക്യാപ്റ്റന്‍ ആന്‍ഡ്രൂ സ്ട്രൗസിനെ വിമര്‍ശിച്ച് ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ക്ക് പീറ്റേഴ്‌സണ്‍ സന്ദേശങ്ങള്‍ അയച്ചതായി ആരോപണമുയര്‍ന്നിരുന്നു. സ്ട്രൗസിനെ അപകീര്‍ത്തിപ്പെടുത്തുംവിധമുള്ള സന്ദേശമയച്ചതിന്റെ പേരില്‍ ദക്ഷിണാഫ്രിക്കന്‍ വംശജന്‍ കൂടിയായ പീറ്റേഴ്‌സണിനെതിരേ ഇംഗ്ലണ്ടില്‍ കടുത്ത പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതാണ് പീറ്റേഴ്‌സണിനെ ടീമില്‍ ഉള്‍പ്പെടുത്താത്തതിന് കാരണമായി പറയുന്നത്.

വിവാദ എസ്.എം.സിനെ തുടര്‍ന്ന് പീറ്റേഴ്‌സണിനെ 20-ട്വന്റി ലോകകപ്പിനുള്ള ഇംഗ്ലണ്ട് ടീമില്‍ നിന്നും പുറത്താക്കിയിരുന്നു. കഴിഞ്ഞ ലോകകപ്പിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ടത് പീറ്റേഴ്‌സണായിരുന്നു.

Advertisement