ചെന്നൈ: യെന്തിരന്‍, ശിവാജി, അന്ന്യന്‍ തുടങ്ങിയ സൂപ്പര്‍ഹിറ്റുചിത്രങ്ങള്‍ക്ക് മികച്ച സംഘട്ടനരംഗങ്ങള്‍ കാഴ്ചവെച്ച പീറ്റര്‍ ഹെയിന്‍സ് റ്റോറസ് വേള്‍ഡ് സ്റ്റണ്ട് അവാര്‍ഡിന് പരിഗണിക്കപ്പെട്ടു.

വിദേശസിനിമാ വിഭാഗത്തില്‍ മണിരത്‌നത്തിന്റെ രാവണ്‍ എന്ന ചിത്രത്തിലെ സംഘട്ടനത്തിനാണ് അദ്ദേഹത്തെ അവാര്‍ഡിന് പരിഗണിച്ചത്.

മേയ് 14 ന് കാലിഫോര്‍ണിയയിലെ പാരാമൗണ്ട് സ്റ്റുഡിയോയില്‍ നടക്കുന്ന അവാര്‍ഡുദാനച്ചടങ്ങിലേക്ക് തനിക്ക് ക്ഷണമുണ്ടെന്ന് പീറ്റര്‍ പറഞ്ഞു.
ജെയിംസ് എന്ന ചിത്രത്തിലൂടെ രാംഗോപാല്‍വര്‍മയാണ് പീറ്ററിനെ ബോളിവുഡില്‍ പരിചയപ്പെടുത്തിയത്.

തമിഴിലെ സൂപ്പര്‍ഹിറ്റ് ചിത്രം ഗജിനിയുടെ ഹിന്ദി പതിപ്പിലെ ആക്ഷന്‍രംഗങ്ങള്‍ പീറ്ററിനെ ഫിലിംഫെയര്‍ അവാര്‍ഡിനര്‍ഹനാക്കി.
മഗ്ധീര എന്ന തെലുങ്ക് ചിത്രത്തിലും സ്റ്റണ്ട് നിര്‍വഹിച്ചത് പീറ്ററാണ്.