എഡിറ്റര്‍
എഡിറ്റര്‍
അമൃതാനന്ദമയീ മഠത്തിനെതിരെയുള്ള റിപ്പോര്‍ട്ടുകള്‍: മാധ്യമങ്ങളെ പിന്തുണച്ച് പ്രസ് ക്ലബ്ബ് ഓഫ് ഇന്ത്യ
എഡിറ്റര്‍
Saturday 8th March 2014 6:00am

Holly Hell

ന്യൂദല്‍ഹി: അമൃതാനന്ദമയീ മഠത്തിനെതിരെയുള്ള റിപ്പോര്‍ട്ടുകള്‍ നല്‍കിയ മാധ്യമങ്ങളെ പിന്തുണച്ചുകൊണ്ട് പ്രസ് ക്ലബ്ബ് ഓഫ് ഇന്ത്യ രംഗത്ത്.

അമൃതാനന്ദമയിക്കെതിരെ തന്റെ പുസ്തകത്തില്‍ ഗുരുതരമായ ആരോപണങ്ങള്‍ നടത്തിയ ഗെയ്ല്‍ ട്രെഡ്‌വെല്‍ എന്ന ഓസ്‌ട്രേലിയന്‍ വനിതയുടെ അഭിമുഖം സംപ്രേഷണം ചെയ്തതിന് കൈരളി, പീപ്പിള്‍ ചാനലുകള്‍ക്കെതിരെ അമൃതാനന്ദമയീ മഠം പരാതി നല്‍കിയതിനെ എതിര്‍ത്തുകൊണ്ടാണ് പ്രസ് ക്ലബ്ബ് ഓഫ് ഇന്ത്യ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

അസഹിഷ്ണുതയാണ് മാധ്യമങ്ങള്‍ക്കെതിരായി മഠം നീങ്ങുന്നതിനു പിന്നിലെ കാരണമെന്ന് പ്രസ് ക്ലബ്ബ് പ്രസിഡന്റ് ആനന്ദ്.കെ.സഹായ് കുറ്റപ്പെടുത്തി.

ന്യായയുക്തമായ പ്രഫഷനല്‍ മാധ്യമപ്രവര്‍ത്തനത്തില്‍ ഇടപെടുന്ന നടപടിയാണിത്. മറ്റു സ്ഥാപനങ്ങളെ മാനിക്കാന്‍ സാമുദായിക സ്ഥാപനം തയ്യാറാവണം.

പത്രപ്രവര്‍ത്തകരുടെ തൊഴിലില്‍ ഇടപെടരുത്- ആനന്ദ് പറഞ്ഞു.

അമൃതാനന്ദമയീ മഠത്തിന്റെ പരാതി മാധ്യമപ്രവര്‍ത്തകര്‍ അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ കാണണമെന്നും പ്രസ് ക്ലബ്ബ് ഓര്‍മ്മിപ്പിച്ചു.

ഏതാനും ദിവസങ്ങള്‍ക്കു മുമ്പാണ് ഗെയ്ല്‍ ട്രെഡ്‌വെല്ലിന്റെ ‘ഹോളി ഹെല്‍ എ മെമോയര്‍ ഓഫ് ഫെയ്ത്, ഡിവോഷന്‍ ആന്‍ഡ് പ്യുവര്‍ മാഡ്‌നെസ്’ എന്ന പുസ്തകം കേരളത്തില്‍ ചര്‍ച്ചയായിത്തുടങ്ങിയത്.

20 വര്‍ഷം മാതാ അമൃതാനന്ദമയിയോടൊപ്പം ആശ്രമത്തില്‍ ശിഷ്യയായി കഴിഞ്ഞ ഗെയ്ല്‍ ആശ്രമത്തില്‍ സാമ്പത്തിക ക്രമക്കേടുകളും ലൈംഗികാതിക്രമങ്ങളും നടക്കുന്നതായും തന്റെ പുസ്തകത്തിലെഴുതിയിരുന്നു.

ഇത് വിവാദങ്ങളും ചര്‍ച്ചകളും സൃഷ്ടിച്ച സാഹചര്യത്തിലാണ് ഡൂള്‍ ന്യൂസുള്‍പ്പെടെ പല മാധ്യമങ്ങളും ഗെയ്‌ലുമായുള്ള അഭിമുഖം നടത്തിയത്. കൈരളി പീപ്പിള്‍ നടത്തിയ അഭിമുഖത്തിനെതിരെയാണ് അമൃതാനന്ദമയീ മഠം പരാതി നല്‍കിയത്.

Advertisement