എഡിറ്റര്‍
എഡിറ്റര്‍
പെരുവണ്ണാമുഴി പെണ്‍വാണിഭം: എ.ഡി.ജി.പി സന്ധ്യ അന്വേഷിക്കും
എഡിറ്റര്‍
Tuesday 26th November 2013 11:06pm

sexual-assualt

കോഴിക്കോട് : കോഴിക്കോട് പെരുവണ്ണാമുഴിയില്‍ സെക്‌സ് റാക്കറ്റില്‍ പെട്ട് ഒരു പെണ്‍കുട്ടി ജീവനൊടുക്കുകയും മറ്റൊരു പെണ്‍കുട്ടി ആത്മഹത്യയ്ക്കു ശ്രമിക്കുകയും ചെയ്ത കേസ് എ.ഡി.ജി.പി ബി. സന്ധ്യ അന്വേഷിക്കും.

ഇത് സംബന്ധിച്ച് സംസ്ഥാന അഭ്യന്തര വകുപ്പ് നിര്‍ദ്ദേശം നല്‍കി. പീഡനത്തിനിരയായ ഒരു പെണ്‍കുട്ടി രണ്ടുമാസം മുമ്പ് ജീവനൊടുക്കിയിരുന്നു. തുടര്‍ന്ന് കുടുംബാംഗങ്ങള്‍ പരാതി നല്‍കിയിട്ടും പൊലീസ് നടപടി എടുക്കാതിതിരുന്നത് വിമര്‍ശത്തിനിടയാക്കിയിരുന്നു.

പിന്നീട് സംഭവം വിവാദമായതോടെ നാദാപുരം ഡി.വൈ.എസ്.പി സുരേന്ദ്രനെ അന്വേഷണ ചുമതല ഏല്‍പ്പിച്ചു. റാക്കറ്റിലെ വമ്പന്‍ സ്രാവുകള്‍ക്ക് സുരക്ഷിതത്വമൊരുക്കാന്‍ ഡി.വൈ.എസ്.പി അവസരമൊരുക്കിയെന്ന  ആക്ഷേപമുയര്‍ന്നതിനെ തുടര്‍ന്ന് അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റി.

വടകര റൂറല്‍ എസ്.പി അഷ്‌റഫിനെ അന്വേഷണ ചുമതല ഏല്‍പ്പിച്ചതായി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പിന്നീട് അറിയിച്ചു. എന്നാല്‍ ഈ ഉദ്യോഗസ്ഥന്റെയും ചില നടപടികള്‍ക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നു.

മരിച്ച പെണ്‍കുട്ടിക്ക് മാനസിക അസ്വാസ്ഥ്യമുണ്ടെന്ന് വരുത്തിതീര്‍ക്കാനായി എസ്.പി ശ്രമിച്ചിരുന്നതായി ആക്ഷേപമുയര്‍ന്നിരുന്നു. കേസ് പിന്‍വലിക്കാന്‍ വേണ്ടി തന്റെ മേല്‍ ശക്തമായ സമ്മര്‍ദ്ദം നടത്തുന്നതായും അന്വേഷണസംഘത്തില്‍ വിശ്വാസം നഷ്ടപ്പെട്ടതായും ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ പിതാവ് തന്നെ രംഗത്തെത്തിയിരുന്നു.

ഒരു വനിതാ ഐപിഎസ് ഉദ്യോഗസ്ഥയെ അന്വേഷണസംഘത്തില്‍ ഉള്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ പിതാവ് ഡിജിപിയ്ക്കും മുഖ്യമന്ത്രിയ്ക്കും വനിതാ കമ്മീഷനും പരാതി നല്‍കിയിരുന്നു. ഈ സാഹചര്യത്തിലാണ് സര്‍്ക്കാര്‍ നടപടിയെന്നാണ് സൂചന.

Advertisement