കോഴിക്കോട്: ഇബ്രാഹിമിന്റേയും മകന്‍ ഇസ്മാഈലിന്റേയും ത്യാഗസ്മരണകള്‍ പുതുക്കി മറ്റൊരു ബലിപെരുന്നാള്‍ കൂടി. ഹൃദയത്തില്‍ അനുകമ്പയും ആര്‍ദ്രതയും കുടിയിരുത്തി പരസ്പരസ്‌നേഹത്തിന്റേയും സാഹോദര്യത്തിന്റേയും സ്മരണകള്‍ പുതുക്കുന്ന ദിനമാണ് ബലിപെരുന്നാള്‍. അല്ലാഹുവിന്റെ പ്രീതിക്കായി വിലപ്പെട്ടതെന്തും ത്യജിക്കുക എന്ന സന്ദേശമാണ് ബലിപെരുന്നാള്‍ നല്‍കുന്നത്.

സംസ്ഥാനത്തിന്റെ വിവിധ പള്ളികളിലും ഈദ്ഗാഹ്കളിലും പെരുന്നാള്‍ നമസ്‌കാരത്തിന് ലക്ഷക്കണക്കിന് വിശ്വാസികളാണ് എത്തിയത്. മഹല്ല് അടിസ്ഥാനത്തില്‍ വിവിധ പള്ളികള്‍ കേന്ദ്രീകരിച്ചുള്ള പെരുന്നാള്‍ നമസ്‌കാരത്തിന് മതപണ്ഡിതര്‍ നേതൃത്വം നല്‍കുന്നുണ്ട്.

ഇസ്‌ലാം കലണ്ടറില്‍ അവസാന മാസമായ ദുല്‍ഹജ്ജില്‍ ആണ് ബക്രീദ് ആഘോഷിക്കുന്നത്. ‘ഇവ്ദ്’ എന്ന വാക്കില്‍ നിന്നാണ് ‘ഈദ്’ ഉണ്ടായത് . ഈ വാക്കിനര്‍ത്ഥം ‘ആഘോഷം എന്നാണ്. ഈദിന്റെ മറ്റൊരു പേരാണ് ഈദ്ഉല്‍സുഹ , ‘സുഹ’ എന്നാല്‍ ബലി. തനിക്കേറ്റവും പ്രിയങ്കരമായത് ഈശ്വര സന്നിധിയില്‍ ബലിയായി നല്‍കി, സ്വയം തിരുബലിയാകുക എന്നതാണ് ബക്രീദിന്റെ ആത്യന്തിക സന്ദേശം.