കട്ടപ്പന: പീരുമേട് ടീകമ്പനി തുറന്ന് പ്രവര്‍ത്തിപ്പിക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് കെ.പി.സി.സി. പ്രസിഡന്റ് രമേശ് ചെന്നിത്തല. കേരള പ്ലാന്റേഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ വാര്‍ഷിക പൊതുസമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

Ads By Google

തൊഴില്‍മന്ത്രി ഷിബു ബേബിജോണുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ട്. മന്ത്രി തോട്ടംമേഖല സന്ദര്‍ശിച്ചശേഷം തോട്ടം തുറക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കും. അടഞ്ഞുകിടക്കുന്ന തോട്ടങ്ങളില്‍ സൗജന്യ റേഷന്‍ അനുവദിച്ചത് യു.ഡി.എഫ് സര്‍ക്കാരാണെന്നും തൊഴിലാളി പാര്‍ട്ടിയായിരുന്ന സി.പി.ഐ.എം ഇപ്പോള്‍ കൊലയാളി പാര്‍ട്ടിയായി മാറിയെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

യോഗത്തില്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറി അഡ്വ. ഇ.എം ആഗസ്തി അധ്യക്ഷത വഹിച്ചു. ഐ.എന്‍.ടി.യു.സി അഖിലേന്ത്യാ വൈസ്പ്രസിഡന്റ് ആര്‍. ചന്ദ്രശേഖരന്‍ മുഖ്യപ്രഭാഷണം നടത്തി. കെ.വി ജോര്‍ജ് കരിമറ്റം, സി.എന്‍ വിജയന്‍, പി.ആര്‍ അയ്യപ്പന്‍, ജോയി വെട്ടിക്കുഴി, കെ.ജെ കുട്ടിയച്ചന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.