എഡിറ്റര്‍
എഡിറ്റര്‍
ഞാന്‍ മരിച്ചാല്‍ അനൗണ്‍സ്‌മെന്റോ ഫ്‌ളക്‌സോ പാടില്ല; എന്റെ ചേതനയറ്റ ശരീരവും കുടുംബാംഗങ്ങളുടെ വിലാപവും മാധ്യമങ്ങള്‍ പ്രദര്‍ശിപ്പിക്കേണ്ടതില്ല; മുന്‍ എം.എല്‍.എ സാജു പോള്‍
എഡിറ്റര്‍
Wednesday 10th May 2017 10:54am

പെരുമ്പാവൂര്‍: വിവാഹധൂര്‍ത്തും ആഭരണഭ്രാന്തും അവസാനിപ്പിക്കാനിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നെന്നും നിത്യേനയുള്ള അനാവശ്യ ചടങ്ങുകളും ആര്‍ഭാടങ്ങളുടേയും കാഴ്ച അല്പം മാറി ചിന്തിക്കാന്‍ തന്നെ പ്രേരിപ്പിക്കുകയാണെന്നും പെരുമ്പാവൂര്‍ മുന്‍ എം.എല്‍.എ സാജു പോള്‍.

മരണത്തിലും മാതൃകയാവുക. അതാണ് തന്റെ തീരുമാനമെന്ന് സാജു പോള്‍ പറയുന്നു. അതായത് തന്റെ മരണത്തിലെങ്കിലും ഇപ്പോള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്ന അനാവശ്യമായ ചടങ്ങുകളും ആഢംബരവും ഒഴിവാക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് അദ്ദേഹം പറയുന്നു.

മരണ സമയത്ത് തന്റെ കുടുംബം ചെയ്യേണ്ടതായ ചില കാര്യങ്ങളാണ് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റില്‍ വിശദീകരിക്കുന്നത്. മൈക്ക് അനൗണ്‍സ്മെന്റ്, ഫ്ലക്സ് ബോര്‍ഡുകള്‍ എന്നിവ പാടില്ല എന്നതാണ് ആദ്യ ആവശ്യം.

മൃതദേഹത്തിന്റെ ചിത്രവും വീഡിയോയും പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കരുത്. കുടുംബ ആല്‍ബത്തില്‍ വയ്ക്കാന്‍ വേണ്ടി മാത്രം ചിത്രമെടുക്കാം. മാധ്യമങ്ങളും ഇക്കാര്യം ശ്രദ്ധിക്കണം.

പുഷ്പ ചക്രങ്ങളോ പൂച്ചെണ്ടുകളോ വേണ്ട. മൃതശരീരത്തില്‍ പരസ്യം നടത്തലാണ് റീത്തുവയ്ക്കല്‍ എന്ന് പ്രഫ.എം കൃഷ്ണന്‍ നായര്‍ എഴുതിയത് വായിച്ച ശേഷം നിവൃത്തിയുണ്ടെങ്കില്‍ താന്‍ റീത്തുവയ്ക്കാറില്ലെന്നും അദ്ദേഹം കുറിച്ചു. തനിക്ക് തണുപ്പ് തീരെ പറ്റില്ല എന്നാണ് മൃതദേഹം ഫ്രീസറിനെ വയ്ക്കുന്നതിനെ എതിര്‍ത്തുകൊണ്ട് അദ്ദേഹം തമാശയായി പറയുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പൊതു പ്രവര്‍ത്തകന്‍ ജനപ്രതിനിധി എന്നീ നിലകളില്‍ വിവാഹങ്ങളിലും മരണാനന്തര ചടങ്ങുകളിലും പങ്കെടുക്കേണ്ടി വരിക സ്വാഭാവികമാണ്.വിവാഹധൂര്‍ത്തും ആഭരണഭ്രാന്തും അവസാനിപ്പിക്കാന്‍ എന്തു ചെയ്യണമെന്ന് കൂട്ടായി ചിന്തിക്കേണ്ട കാലം അതിക്രമിച്ചു.

നിത്യേനയുള്ള അനാവശ്യ ചടങ്ങുകളുടെയും ആര്‍ഭാടങ്ങളുടെയും കാഴ്ച അല്‍പം മാറി ചിന്തിക്കുവാന്‍ എന്നെ പ്രേരിപ്പിച്ചിരിക്കുകയാണ്. ആയതിനാല്‍ മരണാനന്തര കോലാഹലങ്ങളില്‍ എന്റെ നിശ്ചയിച്ച് ഉറപ്പിച്ച തീരുമാനങ്ങള്‍ വ്യക്തമാക്കാനാണ് ഈ കുറിപ്പ്.വില്‍പത്രം എഴുതി രജിസ്റ്റര്‍ ചെയ്യുന്നതിനേക്കാള്‍ ലോകമറിയാന്‍ സമൂഹമാധ്യമങ്ങള്‍ മതിയാകും.


Dont Miss അക്ബര്‍ ചക്രവര്‍ത്തിയെ എന്തിനാണ് മഹാന്‍ എന്ന് വിളിക്കുന്നത്; മഹാറാണ പ്രതാപാണ് യഥാര്‍ത്ഥ മഹാന്‍; ചരിത്രത്തെ ചോദ്യം ചെയ്ത് രാജ്‌നാഥ് സിങ്


എന്റെ മരണാനന്തര ചടങ്ങുകളില്‍ താഴെ പറയുന്ന കാര്യങ്ങള്‍ നിര്‍ബ്ബന്ധമായും പാലിക്കണമെന് ഞാന്‍ ആഗ്രഹിക്കുന്നു.എന്റെ വിടവാങ്ങലിനു ശേഷം മൃതദേഹം കാണാനും സംസ്‌കാര ചടങ്ങുകള്‍ ധന്യമാക്കാനും എത്തുന്ന കുടുംബാംഗങ്ങള്‍ , ബന്ധുക്കള്‍, അയല്‍ക്കാര്‍,സഖാക്കള്‍, സുഹൃത്തുക്കള്‍ തുടങ്ങിയവരെല്ലാം എന്റെ തീരുമാനത്തോടൊപ്പം നില്‍ക്കുമെന്നും ഞാന്‍ പ്രതീക്ഷിക്കുന്നു.

1) മരണവിവരം വിളംബരം ചെയ്തുള്ള മൈക്ക് അനൗണ്‍സ്‌മെന്റ്, ഫ്‌ലക്‌സ് ബോര്‍ഡുകള്‍ പാടില്ല. ഇക്കാലത്ത് ആവശ്യമില്ലാത്ത കാര്യങ്ങളാണിവ.

2) മൃതശരീരത്തിന്റെ ഫോട്ടോ വീഡിയോ മുതലായവ പ്രദര്‍ശിപ്പിക്കാന്‍ അനുവദിക്കരുത്. കൂടുംബ ആല്‍ബത്തില്‍ സൂക്ഷിക്കാന്‍ മാത്രമായി ദൃശ്യങ്ങള്‍ പകര്‍ത്താവുന്നതാണ്. എന്റെ ചേതനയറ്റ ശരീരവും കുടുംബാംഗങ്ങളുടെ വിലാപവും മാധ്യമങ്ങള്‍ പ്രദര്‍ശിപ്പിക്കേണ്ടതില്ല.ഈ അഭിലാഷം നിറവേറത്തക്കവിധം സ്വകാര്യതയോടെ കാലയവനികക്കുള്ളില്‍ മറയാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കാം.

3) പ്രഫ.എം. കൃഷ്ണന്‍ നായര്‍ സാര്‍ സാഹിത്യവാരഫലത്തില്‍ മൃതശരീരത്തില്‍ പരസ്യം നടത്തലാണ് റീത്തുവയ്ക്കല്‍ എന്നെഴുതിയതു വായിച്ച ശേഷം നിവൃത്തിയുണ്ടെങ്കില്‍ ഞാന്‍ റീത്തുവയ്ക്കാറില്ല. ഒഴിവാക്കാന്‍ പറ്റാത്ത ഒദ്യോഗിക സന്ദര്‍ഭങ്ങളില്‍ വച്ചിട്ടുണ്ട്.എന്റെ ഭൗതീകശരീരത്തില്‍ പുഷ്പചക്രങ്ങളും പൂച്ചെണ്ടുകളും എന്തായാലും വേണ്ട.(പൂക്കടക്കാര്‍ പിണങ്ങരുതേ……)
4) തണുപ്പ് തീരെ പറ്റാത്ത ഒരാളാണ് ഞാന്‍.അതുകൊണ്ട് മൃതദേഹം ഫ്രീസറില്‍ സൂക്ഷിക്കുകയേ വേണ്ട. നാട്ടിലുള്ളവരും ഓടിയെത്താവുന്ന ദൂരത്തുള്ളവരും അന്തിമോപചാരം അര്‍പ്പിച്ചാല്‍ മതി. 6 – 7 മണിക്കൂറുകള്‍ക്കുള്ളില്‍ എല്ലാ ചടങ്ങുകളും പൂര്‍ത്തിയാകണം.

5) ആദരസൂചകമായി നാട്ടുകാരെ കഷ്ടപ്പെടുത്തി ഹര്‍ത്താല്‍ ആഘോഷിക്കരുത്.
6) ചടങ്ങുകള്‍ക്കുശഷം മൗനജാഥ, അനുശോചനയോഗം എന്നിവ നടത്തേണ്ടതില്ല.നാട്ടുകാര്‍ നന്നായി അറിയുന്ന ഒരാളെക്കുറിച്ച് രാഷ്ട്രീയമായും വ്യക്തിപരമായും എതിര്‍ത്തു നടന്നിരുന്നവരടക്കം പുകഴ്ത്തി വിഷമിക്കാന്‍ ഇടയാക്കരുത്.
7) സഖാക്കള്‍ക്കു കഷ്ടപ്പാടായി സ്മാരകം നിര്‍മ്മിക്കലും വര്‍ഷം തോറും അനുസ്മരണം നടത്തലും ആരു നിര്‍ബ്ബന്ധിച്ചാലും ചെയ്യരുത്….
ഒത്തിരി സ്‌നേഹത്തോടെ,
സ്വന്തം, സാജു പോള്‍.

Advertisement