എഡിറ്റര്‍
എഡിറ്റര്‍
മാനവികതയുടെ ഉജ്ജ്വലമുഹൂര്‍ത്തങ്ങള്‍; ലോകം, ഇന്ത്യ, കേരളം
എഡിറ്റര്‍
Monday 6th January 2014 5:37pm

ഈ ലോകത്തിന്റെ സവിശേഷ രൂപങ്ങളായി Doolnews മൂന്ന് മനുഷ്യരെ ഉയര്‍ത്തിക്കാട്ടുന്നു. ചരിത്രത്തില്‍ ഇതുവരെ സ്ഥാനം കിട്ടാതിരുന്ന ഇവര്‍ ചരിത്രത്തെ പിടിച്ചടക്കിയ കൊല്ലമാണിത്. സംഘടിത പ്രസ്ഥാനങ്ങള്‍ പരാജയപ്പെട്ട ഇടങ്ങളിലാണിവര്‍ വിജയിച്ചത്.  ആ വിജയങ്ങള്‍ മനുഷ്യന്റെ പ്രത്യാശകളെ വളര്‍ത്തുന്നു. അധികാരഭ്രഷ്ടരായ സാധാരണ മനുഷ്യരാണ് അവരിലൂടെ അധികാരാരോഹണം നടത്തിയത്. വന്‍കരകളുടേയും രാഷ്ട്രത്തിന്റേയും ദേശത്തിന്റേയും വിജയമുദ്രകളാണവര്‍.


580

ബാബു ഭരദ്വാജ്

നവോത്ഥാനത്തിന്റേയും(Renaissance) പുനരുത്ഥാനത്തിന്റേയും (Resurrection) കൊല്ലമായിരുന്നു 2013. നഷ്ടലോകത്തില്‍ നിന്നുള്ള ഉയിര്‍ത്തെഴുന്നേല്‍പ്പാണ് നവോത്ഥാനം. കുരിശാരോഹണം നടന്നാലേ ഉയിര്‍ത്തെഴുന്നേല്‍പ് ഉണ്ടാവൂ.

മനുഷ്യന്റെ ഇച്ഛാശക്തിയുടേയും മാനവികതയുടേയും Renaissance ഉം Resurrection ഉം നടന്ന കൊല്ലം. മനുഷ്യന്റെ പ്രതീക്ഷകളേയും പ്രത്യയശാസ്ത്രങ്ങളേയും ജനാധിപത്യ ബോധ്യങ്ങളേയും തറച്ച കുരിശില്‍ നിന്ന് മനുഷ്യന്‍ ഇച്ഛാശക്തി വീണ്ടെടുക്കുകയും ഉയിര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്ത കൊല്ലം.

ചെറിയ മനുഷ്യര്‍ വലിയ കാര്യങ്ങള്‍ ചെയ്ത കൊല്ലം. തകര്‍ക്കാന്‍ പറ്റാത്തതെന്നും അപ്രതിരോധ്യമെന്നും കരുതിയ അധികാരത്തിന്റെ ഗോലിയാത്തിനെ ചില ചെറിയ മനുഷ്യര്‍ കവണകൊണ്ട് കല്ലെറിഞ്ഞ് വീഴ്ത്തിയ കൊല്ലം.

ചെറിയ മനുഷ്യര്‍ കാണിച്ച വലിയ കാര്യങ്ങളാല്‍ ഈ കൊല്ലം ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെടും. വലിയ മനുഷ്യരുടെ വലിയ ലോകത്തില്‍ ചെറിയ മനുഷ്യര്‍ വലിയ ലോകത്തിന്റെ ശുഭപ്രതീക്ഷകള്‍ പടുത്തുയര്‍ത്തിയ കൊല്ലം.

ഈ ലോകത്തിന്റെ സവിശേഷ രൂപങ്ങളായി Doolnews മൂന്ന് മനുഷ്യരെ ഉയര്‍ത്തിക്കാട്ടുന്നു. ചരിത്രത്തില്‍ ഇതുവരെ സ്ഥാനം കിട്ടാതിരുന്ന ഇവര്‍ ചരിത്രത്തെ പിടിച്ചടക്കിയ കൊല്ലമാണിത്.

സംഘടിത പ്രസ്ഥാനങ്ങള്‍ പരാജയപ്പെട്ട ഇടങ്ങളിലാണിവര്‍ വിജയിച്ചത്. ആ വിജയം ഒരുപക്ഷെ താത്ക്കാലികമായിരിക്കാം. എന്നാല്‍ ആ വിജയങ്ങള്‍ മനുഷ്യന്റെ പ്രത്യാശകളെ വളര്‍ത്തുന്നു. അധികാരഭ്രഷ്ടരായ സാധാരണ മനുഷ്യരാണ് അവരിലൂടെ അധികാരാരോഹണം നടത്തിയത്. വന്‍കരകളുടേയും രാഷ്ട്രത്തിന്റേയും ദേശത്തിന്റേയും വിജയമുദ്രകളാണവര്‍.

അവരിവരാണ്: അമേരിക്കയില്‍ നിന്ന് സ്‌നോഡന്‍ എന്ന ചെറുപ്പക്കാരന്‍, ദല്‍ഹിയില്‍ നിന്ന് അരവിന്ദ് കെജ്‌രിവാള്‍ എന്ന സാമൂഹ്യപ്രവര്‍ത്തകന്‍. കേരളത്തില്‍ നിന്ന ജസീറയെന്ന വീട്ടമ്മ.

snowdenസ്‌നോഡന്‍ വന്‍കരകള്‍ വാഴുന്ന രാഷ്ട്രീയ സ്വേച്ഛാധികാര അധികാര പ്രമത്തതയുടേയും ആജ്ഞാശക്തിയുടേയും കൗടില്യത്തിന്റേയും ക്രൗര്യത്തിന്റേയും കാപട്യത്തിന്റേയും മനുഷ്യാവകാശ ധ്വംസനങ്ങളുടേയും പ്രതിരൂപമായ അമേരിക്കന്‍ ഭരണകേന്ദ്രങ്ങളെയാണ് പരിഭ്രാന്തമാക്കിയതും ഞെട്ടിച്ചതും.

അമേരിക്കയുടെ ലോഭത്തിന്റെ അതാര്യതയെയാണ് സ്‌നോഡന്‍ എന്‍.എസ്.എയുടെ രഹസ്യരേഖകള്‍ വെളിച്ചത്ത് കൊണ്ട് വന്ന് പിച്ചിച്ചീന്തിയെറിഞ്ഞത്. ഒരു രാഷ്ട്രത്തിന്റെ കപട രാഷ്ട്രീയ സദാചാരത്തെയാണ് സ്‌നോഡന്‍ തകര്‍ത്തെറിഞ്ഞത്.

അതേതെങ്കിലും ഒരു രാഷ്ട്രത്തിന്റെ കാപട്യം മാത്രമല്ല മറനീക്കിക്കാണിച്ചത്. ലോകത്തിലെ മുഴുവന്‍ സമഗ്രാധിപത്യ ശക്തികളുടേയും ഗൂഢതന്ത്രളാണ് അതിലൂടെ ജനങ്ങള്‍ അറിഞ്ഞത്. ഏത് മാനദണ്ഡം കൊണ്ടും കഴിഞ്ഞ കൊല്ലത്തെ ഏറ്റവും മഹാനായ സമാധാന പ്രവര്‍ത്തകനാണ് എഡ്വേഡ് സ്‌നോഡന്‍.

‘ ന്യൂയോര്‍ക്ക് ടൈംസും ഗാര്‍ഡിയനും’ റഷ്യയില്‍ താല്‍ക്കാലിക അഭയാര്‍ത്ഥിയായി കഴിയുന്ന സ്‌നോഡന് നീതിലഭിക്കണമെന്ന് പറയാന്‍ തുടങ്ങിയിരിക്കുന്നു. ഈ പത്രങ്ങളുടെ എഡിറ്റോറിയലുകളിലൂടെ ഉയര്‍ന്ന് മുഴങ്ങുന്നത് രണ്ട് വന്‍കരകളുടെ ശബ്ദമല്ല, ലോകത്തിന്റെ മുഴുവന്‍ ശബ്ദമാണ്.

അമേരിക്ക സ്‌നോഡനുമായി ഒത്തുതീര്‍പ്പിലെത്തണമെന്നും സ്‌നോഡനെ തിരിച്ച് അമേരിക്കയിലേക്ക് കൊണ്ടുവരണമെന്നും ജീവിതകാലം മുഴുവന്‍ തടവില്‍ കഴിയുന്ന അവസ്ഥ ഈ ചെറുപ്പക്കാരന് ഉണ്ടാവരുതെന്നും അവര്‍ വാദിക്കുന്നു.

doolnews സ്‌നോഡനെ കഴിഞ്ഞ വര്‍ഷത്തിന്റെ മാനവികതയുടേയും മനുഷ്യന്റെ ഇച്ഛാശക്തിയുടേയും പ്രതീകമായി ഉയര്‍ത്തിക്കാട്ടുന്നു.

സത്യത്തിന്റെ കുഴലൂത്തുകാരന്‍ ക്രൂരമായി ശിക്ഷിക്കപ്പെടരുത്. സ്‌നോഡന്‍ കുറ്റവാളിയല്ലെന്ന് പറയാനുള്ള ചങ്കൂറ്റം ഈ പത്രങ്ങള്‍ ഇതുവരെ ആര്‍ജ്ജിച്ചിട്ടില്ലെങ്കിലും അവര്‍ സുപ്രധാനമായ ഒരു സത്യത്തിനുനേരെ വിരല്‍ ചൂണ്ടുന്നുണ്ട്.

സ്‌നോഡന്റെ വെളിപ്പെടുത്തല്‍ അമേരിക്കയുടെ സുരക്ഷയെ ഒരു തരത്തിലും അവതാളത്തിലാക്കിയിട്ടില്ല. ഭരണവും നിയമവും ഒക്കെ നിലവില്‍ വന്ന കാലം തൊട്ടേ, അല്ലെങ്കില്‍ മനുഷ്യര്‍ ഭരിക്കപ്പെടാന്‍ തുടങ്ങിയ കാലം തൊട്ടേ ഉണ്ടായി വന്ന ഭരണാധികാരത്തിന്റെ ഗൂഢരഹസ്യങ്ങളേയും വിനാശകരവും പ്രതിലോമകരവുമായ അതാര്യതയേയും തള്ളിപ്പറയാന്‍ നമ്മുടെ മാധ്യമലോകവും ചിന്താലോകവും ഇന്നും അറച്ചുനില്‍ക്കുന്നു. ചിന്ത അന്നും ഇന്നും എന്നും അവസാനമില്ലാത്ത കുറ്റവിചാരണ നേരിടുന്ന ഏകാന്തതടവിലാണ്.

doolnews സ്‌നോഡനെ കഴിഞ്ഞ വര്‍ഷത്തിന്റെ മാനവികതയുടേയും മനുഷ്യന്റെ ഇച്ഛാശക്തിയുടേയും പ്രതീകമായി ഉയര്‍ത്തിക്കാട്ടുന്നു.
അടുത്ത പേജില്‍ തുടരുന്നു

Advertisement