എഡിറ്റര്‍
എഡിറ്റര്‍
വനഭൂമി പട്ടയകൈമാറ്റത്തിന് മന്ത്രിസഭയുടെ അനുമതി
എഡിറ്റര്‍
Thursday 14th November 2013 6:41am

secretariate333

തിരുവനന്തപുരം: വനഭൂമിപട്ടയ കൈമാറ്റ നിയമത്തില്‍ കാതലായ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു.

ഇനി മുതല്‍ വനഭൂമി പട്ടയം ലഭിച്ചവര്‍ക്ക് ഭൂമി കൈമാറ്റം ചെയ്യാന്‍ അനുമതി ലഭിക്കും.

1977 ജനുവരി ഒന്നിന് മുമ്പ് വനഭൂമിയില്‍ കുടിയേറിയവര്‍ക്ക് പട്ടയം നല്‍കാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ പട്ടയം ലഭിച്ച് 25 വര്‍ഷത്തേയ്ക്ക് ഭൂമി മറിച്ചു വില്‍ക്കാന്‍ പാടില്ലെന്ന് കര്‍ശന വ്യവസ്ഥയോടെയാണ് പട്ടയം നല്‍കുന്നത്. ഈ വ്യവസ്ഥയ്ക്കാണ് മാറ്റം വരുന്നത്.

മലപ്പുറം, തൃശ്ശൂര്‍, കൊല്ലം, ഇടുക്കി, പത്തനംതിട്ട എന്നീ ജില്ലകളിലെ ഏലം റിസര്‍വ് മേഖലയില്‍ വര്‍ഷങ്ങളായി താമസിക്കുന്നവരുടെ പട്ടയവിതരണം കാലങ്ങളായി നിയമക്കുരുക്കില്‍ അകപ്പെട്ട് കിടക്കുകയായിരുന്നു. ഇവര്‍ക്ക് പട്ടയം അനുവദിക്കണമെന്ന് കേന്ദ്രത്തിനോട് നിരവധി തവണ സംസ്ഥാനസര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു.

1993-ല്‍ ഇക്കാര്യത്തില്‍ കേന്ദ്ര വനംവകുപ്പ് അനുമതി നല്‍കി. തുടര്‍ന്ന് 1977 ജനുവരി ഒന്നിന് മുമ്പ്  വനഭൂമിയില്‍ കുടിയേറിയവര്‍ക്ക് പട്ടയം നല്‍കാന്‍ സംസ്ഥാന നിയമസഭ ബില്‍ പാസാക്കി. സഹകരണ ബാങ്ക്, സര്‍ക്കാര്‍ അംഗീകൃത ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പണയം വയ്ക്കാമെങ്കിലും 25 വര്‍ഷത്തേയ്ക്ക് ഭൂമി മറിച്ച് വില്‍ക്കാന്‍ പാടില്ലെന്നും വ്യവസ്ഥ ചെയ്തിരുന്നു. ഇത് ഒട്ടേറെ എതിര്‍പ്പിന് കാരണമായിരുന്നു.

1993-ല്‍ പട്ടയവിതരണത്തിനുള്ള നടപടികള്‍ ആരംഭിച്ചെങ്കിലും ആയിരക്കണക്കിന് ആളുകള്‍ക്ക് ഇനിയും പട്ടയം ലഭിക്കാനുണ്ട്.

1977-ന് മുമ്പ് കുടിയേറിയവര്‍ക്ക് ഭൂമി വില്‍ക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് ദീര്‍ഘകാലമായി ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ പ്രക്ഷോഭം നടക്കുകയാണ്. തുടര്‍ന്നാണ് ഈ നിബന്ധന ഒഴിവാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

Advertisement