ന്യൂദല്‍ഹി: ചീമേനി താപപദ്ധതിക്ക് കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം അനുമതി നിഷേധിച്ചു. മാധവ് ഗഡ്ഗില്‍ സമിതിയുടെ ശുപാര്‍ശകള്‍ പാലിച്ചതിനുശേഷമേ പദ്ധതി പരിഗണിക്കാന്‍ കഴിയൂവെന്നും പരിസ്ഥിതി മന്ത്രാലയം നിര്‍ദേശിച്ചു.

നിലവിലെ അപേക്ഷ അപക്വമാണെന്ന് വിലയിരുത്തിയാണ് പരിസ്ഥിതി മന്ത്രാലയം അനുമതി നിഷേധിച്ചത്. വാതക ഉപയോഗം എത് തരത്തിലായിരിക്കും എന്നതിനെക്കുറിച്ച് അപേക്ഷയില്‍ പരാമര്‍ശിച്ചിട്ടില്ലെന്നതാണ് പ്രധാന പിഴവായി ചൂണ്ടിക്കാട്ടിയത്. വിശദമായ കാര്യങ്ങള്‍ ഉള്‍പ്പെടുത്തി വീണ്ടും അപേക്ഷ നല്‍കിയാല്‍ പരിഗണിക്കാമെന്നും കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയം അറിയിച്ചു.

Subscribe Us:

കേരളത്തിലെ ചില പ്രധാന സ്ഥലങ്ങള്‍ അതീവ പരിസ്ഥിതി പ്രാധാന്യമുള്ള മേഖലയാണെന്ന് ചൂണ്ടിക്കാട്ടിയാണ് മാധവ് ഗഡ്ഗില്‍ സമിതി റിപ്പോര്‍ട്ട് നല്‍കിയത്. ഇതില്‍ പശ്ചിമഘട്ടവും ഉള്‍പ്പെട്ടിരുന്നു. മാധവ് കമ്മിറ്റി സമര്‍പ്പിച്ച പശ്ചിമഘട്ട പരിസ്ഥിതി സംരക്ഷണ ശുപാര്‍ശകള്‍ പാലിച്ചാലേ ഈ പദ്ധതി പരിഗണിക്കാന്‍ കഴിയൂവെന്നും കേന്ദ്രം നിര്‍ദേശിച്ചു.

കാസര്‍കോട് ചീമേനിയില്‍ കല്‍ക്കരി ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന താപവൈദ്യുത നിലയം സ്ഥാപിക്കാനായിരുന്നു നേരത്തെ തീരുമാനിച്ചത്. 12,000 മെഗാവാട്ട് വൈദ്യുതി ഉല്പാദനം ലക്ഷ്യമിട്ടായിരുന്നു ഇത്. 200 ഏക്കറോളം വരുന്ന സ്ഥലത്താണ് നിലയം സ്ഥാപിക്കാന്‍ ഉദ്ദേശിച്ചത്. എന്നാല്‍ പ്രാദേശിക എതിര്‍പ്പ് ശക്തമായതോടെ കല്‍ക്കരിക്ക് പകരം വാതകം ഉപയോഗിക്കാമെന്ന് തീരുമാനത്തില്‍ സംസ്ഥാന സര്‍ക്കാര്‍ എത്തിച്ചേര്‍ന്നു. ഇതേ തുടര്‍ന്ന് സംസ്ഥാന വൈദ്യുതമന്ത്രി ആര്യാടന്‍ മുഹമ്മദ് പദ്ധതിക്ക് അനുമതി തേടുന്നതിനായി കേന്ദ്രവനം പരിസ്ഥിതി മന്ത്രാലയത്തെ സമീപിക്കുകയായിരുന്നു.