മംഗലാപുരം: മംഗലാപുരത്ത് പോലീസ് കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട കുപ്രസിദ്ധ വാഹന മോഷ്ടാവും കൊലക്കേസ് പ്രതിയുമായ പെരിയടുക്ക റിയാസ് അറസ്റ്റിലായി. കുമ്പഴ നായ്ക്കാപ്പിലില്‍ വാഹനാപകടത്തില്‍പ്പെട്ട ഇയാളെ പോലീസ് പിടികൂടുകയായിരുന്നു.

ഉപ്പളയിലെ കാലിയ റഫീഖിനൊപ്പമാണ് റിയാസ് രക്ഷപ്പെട്ടത്. രഫീഖിനെ കണ്ടെത്തിയിട്ടില്ല. ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കാന്‍ ചിക്മാംഗ്ലൂരില്‍ നിന്നും കൊണ്ടുവരുന്നതിനിടയില്‍ മംഗലാപുരം കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍വെച്ച് രക്ഷപ്പെടുകയായിരുന്നു.

കര്‍ണാടക സായുധപോലീസിലെ ഹെഡ്‌കോണ്‍സ്റ്റബിള്‍ ശാന്തപ്പ, കോണ്‍സ്റ്റബിള്‍മാരായ അന്ദേശ്, സുരേഷ് എന്നിവര്‍ക്കൊപ്പമായിരുന്നു പ്രതികള്‍. നേരത്തേ ഒരുതവണ തടവുചാടാന്‍ ശ്രമിക്കുകയും മറ്റൊരുതവണ തടവുചാടുകയും ചെയ്തതിനാല്‍ മുപ്പതു തിരകളുള്‍പ്പടെയുള്ള ആയുധങ്ങള്‍ പോലീസിന് മുന്‍കരുതലായി നല്‍കിയിരുന്നു.

കഴിഞ്ഞവര്‍ഷം ജൂണില്‍ റിപ്പര്‍ ജയാനന്ദനൊപ്പം റിയാസ് തടവു ചാടിയിരുന്നു. തലയണ ഉപയോഗിച്ച് ജയിലില്‍ ഡമ്മി ഉണ്ടാക്കി പോലീസിനെ കബളിപ്പിച്ചായിരുന്നു ഇരുവരും രക്ഷപ്പെട്ടത്. ദിവസങ്ങള്‍ക്കുശേഷം റിയാസിനേയും ജയാനന്ദനേയും പോലീസ് പിടികൂടിയിരുന്നു.

30 ഓളം കേസുകളില്‍ പ്രതിയായ റിയാസിനെതിരേ മലപ്പുറം, കണ്ണൂര്‍, കാസര്‍ക്കോട്, ദക്ഷിണകന്നഡ, ജില്ലകളില്‍ കേസുണ്ട്. അറസ്റ്റ് ചെയ്യാനെത്തിയ പോലീസിനെ അക്രമിച്ചതിനെ തുടര്‍ന്ന് റിയാസിനെ കണ്ടാലുടന്‍ വെടിവെയ്ക്കാന്‍ പോലീസ് ഉത്തരവിട്ടിരുന്നു.