കാഞ്ഞങ്ങാട്: പെരിയ ബാങ്ക് കവര്‍ച്ച ചെയ്ത കേസിലെ മൂന്ന് പ്രതികളെ ഹോസ്ദുര്‍ഗ് ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് (രണ്ട്) ആറുവര്‍ഷം കഠിന തടവിന് ശിക്ഷിച്ചു. കേസിലെ രണ്ടുപ്രതികളെ വെറുതേവിട്ടിട്ടുണ്ട്.

മൂന്നാംപ്രതി കൃഷ്ണമൂര്‍ത്തി, നാലാംപ്രതി ചിന്നമുരുഗന്‍, ആറാംപ്രതി അണ്ണാദുരൈ എന്നിവരെയാണ് ആറുവര്‍ഷത്തേക്ക് ശിക്ഷിച്ചത്. എട്ടാംപ്രതി ഹനീഫ, പന്ത്രണ്ടാംപ്രതി ശങ്കര്‍, എന്നിവര്‍ക്ക് രണ്ടുവര്‍ഷവും ഒന്‍പതാം പ്രതി മുരുകന് ഒന്നരവര്‍ഷം തടവും കോടതി വിധിച്ചിട്ടുണ്ട്.

പ്രതികള്‍ എല്ലാവരും 10,000 രൂപ പിഴയടക്കാനും അല്ലാത്തപക്ഷം ഒന്‍പത് മാസം കൂടി അധികശിക്ഷ അനുഭവിക്കേണ്ടി വരുമെന്നും കോടതി വിധിച്ചു.

2009 ജൂണ്‍ 17നാണ് പെരിയ ബസാറിലെ നോര്‍ത്ത് മലബാര്‍ ഗ്രാമീണ്‍ ബാങ്ക് ശാഖയില്‍ നിന്ന് 33 കിലോ സ്വര്‍ണവും 6.74 ലക്ഷം രൂപയും കവര്‍ച്ച ചെയ്യപ്പെട്ടത്. തുടര്‍ന്ന് അന്നത്തെ കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി ഹബീബ് റഹ്മാന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പ്രതികളെ പിടികൂടുകയായിരുന്നു.