2011 സെപ്റ്റംബര്‍ 22ന് പ്രസിദ്ധീകരിച്ചത്

perariaval-580രാജീവ് ഗാന്ധി വധക്കേസില്‍ വെല്ലൂര്‍ ജയിലില്‍ വധശിക്ഷ കാത്തു കഴിയുന്ന അറിവ്, ശാന്തന്‍, മുരുകന്‍ എന്നിവരുമായി ഓപണ്‍ മാഗസിന്‍ റിപ്പോര്‍ട്ടര്‍ കെ.കെ.ഷാഹിന നടത്തിയ അഭിമുഖം:

മൊഴിമാറ്റം: റഫീഖ് മൊയ്തീന്‍

വെല്ലൂര്‍ ജയില്‍ പത്തു ദിവസത്തിന് ശേഷം സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുത്തു. ജയില്‍ ഗേറ്റിനപ്പുറം മൂന്ന് മനുഷ്യരെ കാണാന്‍ ജനം കാത്തു നില്‍ക്കുകയായിരുന്നു. രാജീവ് ഗാന്ധി വധക്കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന അറിവ്, ശാന്തന്‍, മുരുകന്‍ എന്നിവരാണ് ആ മുന്നു പേര്‍. ഒത്തുകൂടിയ ജനങ്ങളില്‍ ഭൂരിഭാഗവും മെയ് 17 മൂവ്‌മെന്റ് (May 17th Movemetn), വധശിക്ഷയ്‌ക്കെതിരെയുള്ള ജനകീയ മുന്നേറ്റം (People’s Movement Against Death Pen-atly) തുടങ്ങിയ വ്യത്യസ്തമായ മനുഷ്യാവകാശ സംഘടനകളിലെ പ്രവര്‍ത്തകരായിരുന്നു. നാം തമിഴര്‍ എന്ന സംഘടന വെല്ലൂര്‍ മുതല്‍ ചെന്നൈ വരെ വധശിക്ഷയ്‌ക്കെതിരെ മാര്‍ച്ച് സംഘടിപ്പിക്കാന്‍ തിരഞെടുത്തത് അതേ ദിവസം തന്നെ ആയിരുന്നു. കാത്തു നിന്നവരില്‍ പലരും തടവുകാരെ കാണാന്‍ അനുമതിക്കായി പ്രതീക്ഷിക്കുന്നവരായിരുന്നു.

കുറച്ചു കഴിഞ്ഞപ്പോള്‍ അറിവിന്റെ അമ്മയായ അര്‍പുതം അമ്മാള്‍ തന്റെ മകന് ബിസ്‌ക്കറ്റും ഫ്രൂട്ട്‌സും പുസ്തകങ്ങളുമായി എത്തി. അവിടെ കൂടിയ എല്ലാവര്‍ക്കും അവര്‍ നന്ദി അറിയിച്ചു. സന്ദര്‍ശകര്‍ക്കുള്ള അപേക്ഷാ ഫോം പൂരിപ്പിച്ച് അവര്‍ തന്റെ ഊഴത്തിനായി കാത്തു നില്‍ക്കാന്‍ തുടങ്ങി. എന്നെ കണ്ടതും അവരുടെ മുഖം ഉയര്‍ന്നു: ”കേരളത്തില്‍ നിന്നും ഒരു സ്ത്രീ എന്റെ മകനെ കാണാന്‍ വന്നതില്‍ ഞാന്‍ സന്തോഷവതിയാണ്”. കേരളം ജസ്റ്റിസ് കൃഷ്ണയ്യരുടെ നാടാണെന്ന് അവര്‍ പറഞ്ഞു. ജസ്റ്റിസ് കൃഷ്ണയ്യരുടെ വധശിക്ഷയ്‌ക്കെതിരായ പരാമര്‍ശങ്ങള്‍ പ്രതികളായ മൂന്നു പേരുടെയും വധശിക്ഷ സ്‌റ്റേ ചെയ്യുന്നതില്‍ നിര്‍ണ്ണായക പങ്കു വഹിച്ചിരുന്നു. കേരളത്തില്‍ നിന്നുള്ള ഫ്രീലാന്‍സ് ജേണലിസ്റ്റായ അനുശ്രീയും ഞാനും കാത്തിരുന്നു. നാലു മണിക്കൂറിനു ശേഷം ഉച്ചയ്ക്ക് 1.30ഓടെ ഞങ്ങള്‍ അകത്തേക്ക് വിളിക്കപ്പെട്ടു. ദേഹപരിശോധനക്ക് ശേഷം ഒരു ചെറിയ ഗേറ്റിന്റെ മുന്‍പില്‍ ഞങ്ങള്‍ എത്തി. മറ്റൊരു 15 മിനുട്ടിന്റെ കാത്തിരിപ്പിനു ശേഷം കുറച്ച് കസേരകളുള്ള ചെറിയ ശുഷ്‌കിച്ച ഒരു മുറിയിലേക്ക് ഗേറ്റിന്റെ വാതില്‍ തുറക്കപ്പെട്ടു. അവിടെ ഒരു ടേബിള്‍ ഉണ്ടായിരുന്നു, പ്രവേശിപ്പിക്കുന്ന സന്ദര്‍ശകരുടെ സമയം ശ്രദ്ധിക്കാനായി മൂന്ന് പോലീസുകാര്‍ അവിടെ നില്‍പുണ്ടായിരുന്നു.

വെളുത്ത ഷര്‍ട്ടും പാന്റും അണിഞ്ഞ രണ്ട് ആളുകള്‍ അവിടെ ഉണ്ടായിരുന്നു. ശാന്തനും മുരുകനുമാണ് അവരെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. മാധ്യമങ്ങളില്‍ കാണുന്ന അവരുടെ പഴയ ഫോട്ടോഗ്രാഫില്‍ നിന്നും ചെറിയ വ്യത്യാസം മാത്രമെ ഉണ്ടായിരുന്നുള്ളൂ. അറിവ് എവിടെയെന്ന് ഞാന്‍ ചോദിച്ചു. മുറിയുടെ മറ്റൊരു കോണില്‍ ഒരു സന്ദര്‍ശകനോട് സംസാരിച്ച് നില്‍ക്കുകയായിരുന്ന അറിവിനെ അവര്‍ എനിക്ക് കാണിച്ചു തന്നു. അറിവ് വന്ന് എന്നെ ഹസ്തദാനം ചെയ്തു.

എങ്ങിനെ തുടങ്ങണമെന്ന് എനിക്കറിയില്ലായിരുന്നു. എന്റെ പതിമൂന്ന് വര്‍ഷത്തെ മാധ്യമപ്രവര്‍ത്തനത്തിന്റെ പിന്‍ബലം ഉണ്ടായിട്ടു പോലും ആ സമയത്ത് എല്ലാ ചോദ്യങ്ങളും ഞാന്‍ മറന്നു പോയി. മരണത്തെ പ്രതീക്ഷിച്ച് ജീവിക്കുന്ന മനുഷ്യര്‍. ‘എങ്ങിനെ പോകുന്നു?’ ഞാന്‍ അവരോട് വെറുതെ ചോദിച്ചു. മറ്റു ചില സന്ദര്‍ശകര്‍ കൂടി അങ്ങോട്ട് വന്നപ്പോള്‍ ശാന്തനും മുരുകനും അവരെ കാണാന്‍ വേണ്ടി പോയി. അറിവ് വന്ന് എന്റെ അടുത്ത് ഒരു കസേരയില്‍ ഇരുന്നു. മൃദുവായ ശബ്ദത്തില്‍ സംസാരിച്ച് തുടങ്ങി. ഇംഗ്ലീഷും തമിഴും ഇടകലര്‍ത്തിയായിരുന്നു സംസാരിച്ചത്. അറിവ് എന്ന 13906ാം നമ്പര്‍ തടവുകാരന്‍ മരണം കാത്ത് ഏകാന്തമായി ജീവിക്കുന്നതിനെക്കുറിച്ച് സംസാരിച്ചു. അദ്ദേഹത്തിനെതിരെയുള്ള നടപടികളിലെ പഴുതുകളെക്കുറിച്ചും ഒറ്റപ്പെടല്‍ എങ്ങിനെ ചിലപ്പോള്‍ കരുത്തു പകരുന്നുവെന്നും പറഞ്ഞു.

അടുത്ത പേജില്‍ തുടരുന്നു