തൃശ്ശൂര്‍: തങ്ങളുടെ ജീവിതം താറുമാറാക്കിയ മാലിന്യ പ്രശ്‌നത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് വര്‍ഷങ്ങളായി ലാലൂരിലെ ജനങ്ങള്‍ തുടരുന്ന സമരം ശക്തമാക്കുകയാണ്. ഇതിന്റെ ഭാഗമായി കെ. വേണുവിന്റെ നേതൃത്വത്തിലുള്ള അനിശ്ചിതകാല നിരാഹാര സമരം ഇന്ന് ആരംഭിച്ചു. പ്രശസ്ത സാഹിത്യകാരന്‍ സക്കറിയ സമരം ഉദ്ഘാടനം ചെയ്തു.

മാലിന്യ പ്രശ്‌നത്തിന് ശാശ്വത പ്രശ്‌നം തേടിയാണ് അനിശ്ചിത കാല നിരാഹാരം ആരംഭിച്ചിരിക്കുന്നത്. നിരവധി സാംസ്‌കാരിക പ്രവര്‍ത്തകരും സന്നദ്ധ സംഘടനകളും നിരാഹരാത്തില്‍ പങ്കെടുക്കുന്നുണ്ട്. മാലിന്യ പ്രശ്‌നം കൊണ്ട് പൊറുതി മുട്ടിയ ലാലൂരിലെ ജനങ്ങള്‍ നിരവധി പേര്‍ നിരാഹാര സമരത്തില്‍ പങ്കെടുക്കാന്‍ സന്നദ്ധരായി എത്തുന്നുണ്ട്.

കഴിഞ്ഞ നവംബര്‍ മാസത്തില്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ മുഖ്യമന്ത്രി നല്‍കിയ ഉറപ്പ് ഇതുവരെ പാലിക്കാത്തതാണ് ജനങ്ങളെ സമരം ശക്തമാക്കാന്‍ പ്രേരിപ്പിച്ചത്. മാലിന്യ നീക്കം നിലച്ചതോടെ തൃശ്ശൂര്‍ നഗരത്തില്‍ വന്‍പ്രശ്‌നമായിരിക്കുകയാണെന്നും മാലിന്യം ലാലൂരില്‍ കൊണ്ടിടാന്‍ അനുവദിക്കണമെന്നും മേയര്‍ അഭ്യര്‍ഥിച്ചിരുന്നു.

ലാലൂരില്‍ മാലിന്യനിക്ഷേപം അനുവദിക്കാനാകില്ലെന്നും മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ കൈക്കൊണ്ട തീരുമാനം നടപ്പാക്കുംവരെ സമരം ശക്തമായി തുടരുമെന്നും കഴിഞ്ഞ ദിവസം ചേര്‍ന്ന സമരസമിതി യോഗത്തിനുശേഷം സമരസമിതി അറിയിച്ചിരുന്നു.

Malayalam News

Kerala News In English