എഡിറ്റര്‍
എഡിറ്റര്‍
ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനായി ദേശീയ സെമിനാര്‍
എഡിറ്റര്‍
Saturday 18th January 2014 8:40pm

People's Forum Against IPC 377 in kerala

തൃശൂര്‍: സ്വവര്‍ഗ്ഗ ലൈംഗികത കുറ്റകരമാക്കികൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ ദേശീയതലത്തില്‍ സംഘടിപ്പിക്കപ്പെട്ട പ്രതിഷേധത്തിന്റെ ഭാഗമായി ദേശീയ സെമിനാറും സംസ്ഥാനതല പ്രതിഷേധ സംഗമവും സംഘടിപ്പിച്ചു.

തൃശൂര്‍ ശ്രീ കേരള വര്‍മ്മ കോളേജ് വി.വി.ആര്‍ ഓഡിറ്റോറിയത്തില്‍ വെച്ചാണ് സെമിനാര്‍ നടന്നത്. മുന്‍ എം.എല്‍.എ രാജാജി മാത്യു തോമസ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു. സാമൂഹിക പ്രവര്‍ത്തകന്‍ സിവിക് ചന്ദ്രന്‍ അധ്യക്ഷനായിരുന്നു.

‘സ്വവര്‍ഗ്ഗ ലൈംഗികത ഉള്‍പ്പെടെയുള്ള ലൈംഗികചര്യകള്‍ പ്രകൃതിവിരുദ്ധമാണെന്ന് മുദ്രകുത്തി ക്രിമിനല്‍കുറ്റമാക്കുന്ന ഐ.പി.സി സെക്ഷന്‍ 377 എന്ന നിര്‍ദ്ദയ നിയമം 1861ല്‍ ബ്രിട്ടീഷുകാരാല്‍ ആദ്യം നടപ്പിലാക്കുന്ന രാജ്യമാണ് ഇന്ത്യ.

ഉഭയസമ്മത പ്രകാരമുള്ള പ്രായപൂര്‍ത്തിയായവരുടെ ലൈംഗികാവകാശങ്ങളെ നിഷേധിക്കുകയും സ്വവര്‍ഗ്ഗ ലൈംഗികത കുറ്റകരമാക്കുകയും ചെയ്തുകൊണ്ട് പരമാവധി ജീവപര്യന്തം ശിക്ഷ നല്‍കുക എന്നതായിരുന്നു കൊളോണിയല്‍ ശക്തികള്‍ ഈ നിയമത്തിലൂടെ ഉദ്ദേശിച്ചത്’ പരിപാടിയില്‍ അവതരിപ്പിച്ച പ്രബന്ധത്തില്‍ പറയുന്നു.
LGBT Seminar and protest in Kerala ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനായി ദേശീയ സെമിനാര്‍  People's Forum Against IPC 377 in kerala

ബാംഗ്ലൂര്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ലെസ്ബിറ്റിന്റെ പ്രവര്‍ത്തകരായ സുനില്‍ മോഹന്‍, സുമതി മൂര്‍ത്തി എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. കെ.ജി ജഗദീശന്‍, ദിലീപ് രാജ്, അജയ്. പി. മങ്ങാട്, രേഷ്മ ഭരദ്വാജ്, സഞ്‌ജേഷ്, ശ്യാം, അനില്‍ ചില്ല, അമീര്‍ ഹസ്സന്‍, ഫാ. ബെന്നി ബെനഡിക്, മുരളീധരന്‍ തറയില്‍, അഡ്വ. ആര്‍.കെ. ആശ, ബീന അനീഷ് എന്നിവര്‍ സംസാരിച്ചു.

LGBT Seminar and protest in Kerala ലൈംഗിക ന്യൂനപക്ഷങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനായി ദേശീയ സെമിനാര്‍  People's Forum Against IPC 377 in keralaരേഖാ രാജ് ചര്‍ച്ചയില്‍ മോഡറേറ്ററായിരുന്നു. സുപ്രീംകോടതി വിധിക്കെതിരെയുള്ള ഐ.പി.സി 377 ന് എതിരായ ജനകീയ സമിതിയുടെ സംയുക്ത പ്രസ്താവന ചലച്ചിത്ര സംവിധായകന്‍ കെ.പി. ശശി അവതരിപ്പിച്ചു.

സഹയാത്രിക, ശ്രീ കേരള വര്‍മ്മ കോളേജ്, സംഗമ ബംഗളൂര്‍, പെഹ്ച്ചാന്‍ പ്രൊജക്റ്റ്, വിബ്ജിയോര്‍ ചലച്ചിത്ര കൂട്ടായ്മ, നവചിത്ര ഫിലിം സൊസൈറ്റി, ദേശ് പ്രൊജക്ട്, ഗയ്യ, മായ, ഗാര്‍ഗി സ്ത്രീ കൂട്ടായ്മ, യൂത്ത് ഡയലോഗ്, കേരളീയം, ജനനീതി തുടങ്ങിയ സംഘടനകളുടെ കൂട്ടായ്മയായ ജനകീയ സമിതിയാണ് ഐ.പി.സി 377 ന് എതിരായ പരിപാടികള്‍ക്ക് നേതൃത്വം നല്‍കിയത്.

പരിപാടില്‍ അവതരിപ്പിച്ച പ്രസ്താവന:People's Forum Against IPC 377 in kerala

അനുരാഗം അപരാധമല്ല

‘സ്വവര്‍ഗ്ഗരതി ക്രിമിനല്‍കുറ്റമാണെന്ന 2013 ഡിസംബര്‍ 11ലെ സുപ്രീംകോടതി വിധിയില്‍ തങ്ങള്‍ക്കുണ്ടായ ആകസ്മികാഘാതം കേരളത്തിലെ വിവിധ സിവില്‍ സമൂഹ പ്രസ്ഥാനങ്ങളും ലൈംഗികത പ്രസ്ഥാനങ്ങളും മാധ്യമ സ്ഥാപനങ്ങളും മനുഷ്യാവകാശ സംഘടനകളും ജനകീയസമര കൂട്ടായ്മകളും സാഹിത്യ-സാംസ്‌കാരിക വ്യക്തിത്വങ്ങളും ഇവിടെ രേഖപ്പെടുത്തുന്നു.

കോടതിവിധി ബുദ്ധിശൂന്യവും ഇന്ത്യയിലെ ലൈംഗിക ന്യൂനപക്ഷവിഭാഗങ്ങളോട് സഹിഷ്ണുതയോ സ്വീകാര്യതയോ പുലര്‍ത്താത്തതും ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന ജനാധിപത്യ മനുഷ്യാവകാശ തത്വങ്ങളെ ലംഘിക്കുന്നതുമാണെന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു.

സ്വവര്‍ഗ്ഗ ലൈംഗികത ഉള്‍പ്പെടെയുള്ള ലൈംഗികചര്യകള്‍ പ്രകൃതിവിരുദ്ധമാണെന്ന് മുദ്രകുത്തി ക്രിമിനല്‍കുറ്റമാക്കുന്ന ഐ.പി.സി സെക്ഷന്‍ 377 എന്ന നിര്‍ദ്ദയ നിയമം 1861ല്‍ ബ്രിട്ടീഷുകാരാല്‍ ആദ്യം നടപ്പിലാക്കുന്ന രാജ്യമാണ് ഇന്ത്യ.

ഉഭയസമ്മത പ്രകാരമുള്ള പ്രായപൂര്‍ത്തിയായവരുടെ ലൈംഗികാവകാശങ്ങളെ നിഷേധിക്കുകയും സ്വവര്‍ഗ്ഗ ലൈംഗികത കുറ്റകരമാക്കുകയും ചെയ്തുകൊണ്ട് ജീവപര്യന്തം ശിക്ഷ നല്‍കുക എന്നതായിരുന്നു കൊളോണിയല്‍ ശക്തികള്‍ ഈ നിയമത്തിലൂടെ ഉദ്ദേശിച്ചത്.

പ്രായപൂര്‍ത്തിയായവര്‍ക്ക് ഉഭയസമ്മത പ്രകാരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള അവകാശത്തെ മാനിച്ചുകൊണ്ട് ഐ.പി.സി സെക്ഷന്‍ 377 ഭരണഘടനാ വിരുദ്ധമാണെന്ന് 2009 ജൂലായ് 2ന് ദല്‍ഹി ഹൈക്കോടതി വിധിച്ചു. എന്നാല്‍ ഈ വിധിയെ റദ്ദാക്കിക്കൊണ്ട് അടുത്തിടെ വന്ന സുപ്രീംകോടതി വിധി ചരിത്രഗതിയെ കീഴ്‌മേല്‍ മറിച്ചിരിക്കുകയാണ്.

സ്വവര്‍ഗ്ഗാനുരാഗികളുടെയും ട്രാന്‍സ്ജന്റേഴ്‌സിന്റെയും ബൈസെക്ഷ്വല്‍സിന്റെയും മനുഷ്യാവകാശങ്ങളെ ഐ.പി.സി സെക്ഷന്‍ 377ന്റെ പിന്‍ബലത്താല്‍ ഇന്ത്യന്‍ പോലീസ് സംവിധാനം നാളുകളായി കവര്‍ന്നെടുത്തുകൊണ്ടിരിക്കുന്നു. മാത്രമല്ല, പ്രകൃതിവിരുദ്ധം എന്ന സദാചാരപരമായ പദപ്രയോഗത്തിലൂടെ എതിര്‍വര്‍ഗ്ഗ ലൈംഗികരുടെ ലൈംഗികാവകാശങ്ങള്‍ പോലും ഹനിക്കപ്പെടുന്ന സാഹചര്യവും നിലനില്‍ക്കുന്നുണ്ട്.

ഭൂരിപക്ഷ സമൂഹത്തിന്റെ സദാചാര പ്രമാണങ്ങളെ ന്യൂനപക്ഷ ജനതതിക്ക് മേല്‍ അടിച്ചേല്‍പ്പിക്കാനുള്ള ശ്രമം ശരിയല്ലെന്ന് ഞങ്ങള്‍ ഉറച്ചു വിശ്വസിക്കുന്നു. സമ്പന്നമായ സാംസ്‌കാരിക വൈവിധ്യം നിലനില്‍ക്കുന്ന ഇന്ത്യയില്‍, ക്ഷേത്രങ്ങളിലും വാസ്തുവിദ്യയിലും ശില്പ-ചിത്രകലകളിലും സാഹിത്യത്തിലും സിനിമയിലുമെല്ലാം പ്രാചീനകാലം മുതല്‍ ലൈംഗിക ന്യൂനപക്ഷങ്ങള്‍ക്ക് ഔന്നത്യം ലഭിച്ചിരുന്നതായി കാണാന്‍ കഴിയും.

വിവാഹത്തിന്റെ ഭാഗമായി നടക്കുന്ന സമൂഹ കൂട്ടായ്മകളില്‍ പങ്കെടുക്കുന്ന സ്വവര്‍ഗ്ഗേതര ലൈംഗിക വിഭാഗങ്ങളിലുള്ളവര്‍ ട്രാന്‍സ്ജന്റേഴ്‌സിന്റെ പക്കല്‍ നിന്നും അനുഗ്രഹം വാങ്ങുന്ന ചടങ്ങുകള്‍ പോലും ഇന്ത്യയില്‍ നിലനില്‍ക്കുന്നുണ്ട്.

വര്‍ഗ്ഗീയമായ സദാചാര ബോധത്തില്‍ ഊന്നുന്ന സുപ്രീംകോടതി വിധി ഇന്ത്യയുടെ സംസ്‌കാരത്തെക്കുറിച്ച് അഗാധമായ അജ്ഞത പുലര്‍ത്തുന്നതും ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന മൗലികാവകാശങ്ങളായ ആര്‍ട്ടിക്കിള്‍ 21, 14, 15 (ജീവിക്കാനുള്ള അവകാശം, വ്യക്തിസ്വതന്ത്ര്യത്തിനുള്ള അവകാശം, നിയമതുല്യതയ്ക്കും വിവേചനത്തെ തടയുന്നതിനുമുള്ള അവകാശം) എന്നിവയെ നഗ്നമായി ലംഘിക്കുന്നതുമാണ്.

വര്‍ഗ്ഗീയതയും ആഗോളീകരണവും വഴി വ്യക്തിസ്വാതന്ത്ര്യത്തിനുള്ള അവകാശം നിരവധി ഭീഷണികള്‍ നേരിട്ടുകൊണ്ടിരിക്കുന്ന സമകാലിക ഇന്ത്യന്‍ സാഹചര്യത്തെ, വ്യക്തികളുടെ സ്വകാര്യതയിലേക്ക് കൈകടത്താന്‍ അനുവാദം നല്‍കുന്ന ഈ സുപ്രീംകോടതി വിധി കൂടുതല്‍ കലുഷിതമാക്കിയിരിക്കുന്നു.

ഈ വിധി, സ്വവര്‍ഗ്ഗാനുരാഗികള്‍ക്കും  ട്രാന്‍സ്ജന്റേഴ്്‌സിനും ബൈസെക്ഷ്വല്‍സിനും നേര്‍ക്കുള്ള പോലീസ് സംവിധാനത്തിന്റെ അധികാര ദുര്‍വിനിയോഗത്തെ ശക്തിപ്പെടുത്തുമെന്ന് ഞങ്ങള്‍ മനസ്സിലാക്കുന്നു.

മാത്രമല്ല, എതിര്‍വര്‍ഗ്ഗ ലൈംഗികതയെ അടിസ്ഥാനമാക്കിയ നിലവിലെ വിവാഹങ്ങള്‍ക്ക് നിര്‍ബന്ധിക്കുന്നതിലൂടെ സൃഷിടിക്കപ്പെടുന്ന ഇരട്ടത്താപ്പിനെ അതിജീവിക്കാനാകാതെ സ്വവര്‍ഗ്ഗാനുരാഗികള്‍  ആത്മഹത്യയിലേക്കും മാനസിക വിഭ്രാന്തിയിലേക്കും വഴുതിവീഴുന്നതിന് സാഹചര്യമൊരുങ്ങുമെന്നും ഞങ്ങള്‍ കരുതുന്നു.

സ്വവര്‍ഗ്ഗ ലൈംഗികത അസാന്മാര്‍ഗ്ഗികമോ പ്രകൃതിവിരുദ്ധമോ ആണെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല. അത് ഒരു പാപമോ വിലക്ഷണമോ അല്ല. ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് കാരണഹേതുവാകുന്ന ബഹുഭൂരിപക്ഷത്തിന്റെ സദാചാര സംഹിതകളുടെ അടിച്ചേല്‍പ്പിക്കലാണ് അസാന്മാര്‍ഗ്ഗികവും അധാര്‍മ്മികവും വിലക്ഷണവും പ്രകൃതിവിരുദ്ധവുമായി ഞങ്ങള്‍ കരുതുന്നത്.

അതിനാല്‍, നീതിയിലും സമാധാനത്തിലും സ്വാതന്ത്ര്യത്തിലും ജനാധിപത്യത്തിലും മൈത്രിയിലും സ്‌നേഹത്തിലും ബഹുസ്വരതയിലും വിശ്വസിക്കുന്ന എല്ലാവരോടും ഈ അനീതിക്കെതിരെ ശബ്ദിക്കാന്‍ ഞങ്ങള്‍ ആവശ്യപ്പെടുന്നു.

ഭരണകൂടവും ചില മതമൗലികവാദ സംഘടനകളും ഏതാനും പിന്തിരപ്പന്‍ രാഷ്ട്രീയക്കാരും ഒത്തുചേര്‍ന്ന് ലക്ഷക്കണക്കിനാളുകളുടെ ലൈംഗീകാവകാശങ്ങളെ നിഷേധിക്കാന്‍ ശ്രമം നടത്തുന്ന ഈ നിര്‍ണ്ണായക സന്ദര്‍ഭത്തില്‍ തന്നെ സ്വവര്‍ഗ്ഗാനുരാഗികള്‍ക്കും ട്രാന്‍സ്ജന്റേഴ്്‌സിനും ബൈസെക്ഷ്വല്‍സിനും പരമാവധി പിന്തുണ നല്‍കാന്‍ ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു’

പ്രസ്താവനയില്‍ ഒപ്പുവെച്ച സംഘടനകള്‍:
1. സഹയാത്രിക ഫോര്‍ ഹ്യുമന്‍ റൈറ്റ്‌സ്, തൃശൂര്‍
2. സംഗമ, ബാംഗ്ലൂര്‍
3. വോയിസ് പെഹ്ച്ചാന്‍, തൃശൂര്‍
4. വിബ്ജിയോര്‍ ഫിലിം കളക്ടീവ്, തൃശൂര്‍
5. ദേശ് സുരക്ഷ പ്രോജക്ട്, തൃശൂര്‍
6. ഗാര്‍ഗി വിമന്‍സ് കളക്ടീവ്, തൃശൂര്‍
7. മായ, തൃശൂര്‍
8. ഗയ്യ, തൃശൂര്‍
9. നവചിത്ര ഫിലിം സൊസൈറ്റി, തൃശൂര്‍
10. ജനനീതി, തൃശൂര്‍
11. യൂത്ത് ഫോര്‍ എന്‍വിയോണ്‍മെന്റ് ആന്റ് ജസ്റ്റിസ്
12. ശ്രീ കേരളവര്‍മ്മ കോളേജ്, തൃശൂര്‍
13. പാഠഭേദം, കോഴിക്കോട്
14. വിഷ്വല്‍ സേര്‍ച്ച്, ബാംഗ്ലൂര്‍
15. കേരളീയം, തൃശൂര്‍
16. തീരദേശ മഹിളാ വേദി, തിരുവനന്തപുരം
17. കബനി, വയനാട്
18. പെഡസ്ട്രിയന്‍ പിക്‌ചേഴ്‌സ്, കേരളം
19. എന്‍.എ.പി.എം
20. നവജനാധിപത്യ പ്രസ്ഥാനം, കേരളം
21. ചില്ല, തിരുവനന്തപുരം
22. എന്‍.സി.ഡബ്ല്യു.എം, തിരുവനന്തപുരം
23. ഗാന്ധി സ്മാരക ഗ്രാമസേവാ കേന്ദ്രം, ആലപ്പുഴ

സ്വവര്‍ഗ്ഗാനുരാഗവും ഭാരതീയ പാരമ്പര്യവും മനുഷ്യാവകാശവും

Advertisement