ലക്‌നൗ: ജനങ്ങള്‍ അവരുടെ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റുന്നില്ലെന്ന് യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. അവര്‍ അവരുടെ മക്കളെക്കൂടി സര്‍ക്കാര്‍ നോക്കണമെന്ന് പറയുന്ന തരത്തിലെത്തിയെന്നും യോഗി കുറ്റപ്പെടുത്തി.

‘എനിക്കു തോന്നുന്നത് കുറച്ചു കാലം കഴിഞ്ഞാല്‍ കുട്ടികള്‍ക്ക് രണ്ടോ മൂന്നോ വയസ് പ്രായമായാല്‍ ആളുകള്‍ അവരെ സര്‍ക്കാര്‍ നോക്കണമെന്ന് പറഞ്ഞ് സര്‍ക്കാറിനെ ഏല്‍പ്പിക്കുമെന്നാണ്.’ യാത്ര എന്ന സംരംഭം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കവെ യോഗി പറഞ്ഞു.

‘ആളുകള്‍ പശുവിനെ വളര്‍ത്തി പാല് വില്‍ക്കും. എന്നാല്‍ പാല് കിട്ടുന്നത് നിന്നാല്‍ പശുവിനെ സര്‍ക്കാര്‍ നോക്കണമെന്ന് പറഞ്ഞ് അവര്‍ ഉപേക്ഷിക്കും.’ യോഗി പറയുന്നു.

‘മാലിന്യങ്ങളെല്ലാം നിലത്തിടും. ഞങ്ങളത് ക്ലീന്‍ ചെയ്യില്ലെന്നതാണ് ജനങ്ങളുടെ സമീപനം. ഇതെല്ലാം സര്‍ക്കാറിന്റെ ഉത്തരവാദിത്തമാണെന്നാണ് അവരുടെ ധാരണ’ എന്നും യോഗി പറഞ്ഞു.

തങ്ങള്‍ക്കൊരു ഉത്തരവാദിത്തവുമില്ല എല്ലാം സര്‍ക്കാറിന്റെ ഉത്തരവാദിത്തമാണെന്നതാണ് ജനങ്ങളുടെ നിലപാടെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ആഴ്ചകള്‍ക്കു മുമ്പ് യു.പിയിലെ ഗോരഖ്പൂരിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഓക്‌സിജന്‍ വിതരണം നിലച്ചതിനെ തുടര്‍ന്ന് നൂറിലേറെ കുട്ടികള്‍ മരണപ്പെട്ടിരുന്നു. ഗോസംരക്ഷണ ശാലകളില്‍ പശുക്കള്‍ മരിയ്ക്കുന്ന സംഭവവും അലഞ്ഞുതിരിയുന്ന പശുക്കള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സ്ഥിതിവിശേഷവും വ്യാപകമായി റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിരുന്നു. ഇത് സര്‍ക്കാറിന്റെ വിമര്‍ശനങ്ങള്‍ ഉയരാന്‍ കാരണമായിരുന്നു. ഈ സാഹചര്യത്തിലാണ് എല്ലാ കുറ്റങ്ങളും ജനങ്ങള്‍ക്കാണെന്ന തരത്തിലുള്ള യോഗി ആദിത്യനാഥിന്റെ പ്രതികരണം.