Categories

Headlines

പട്ടിണിയകറ്റാന്‍ ഒരു ഗ്രാമം കിഡ്‌നി വില്‍ക്കുന്നു


ബിന്‍ഡോല്‍: കിഡ്‌നി ഗ്രാമം എന്നറിയപ്പെടുന്ന ഒരു ഗ്രാമമുണ്ട്. മറ്റെവിടെയുമല്ല. ഇന്ത്യയില്‍ തന്നെയാണ്. പശ്ചിമബംഗാളിലെ ബിന്‍ഡോള്‍ ഗ്രാമത്തിന് കിഡ്‌നി ഗ്രാമം എന്ന പേര് വരാന്‍ ഒരു കാരണമുണ്ട്. പട്ടിണിയും ദ്രാരിദ്ര്യവും മൂലം നിവൃത്തിയില്ലാതെ വന്നതോടെ ഒരു ഗ്രാമം മുഴുവന്‍ കിഡ്‌നി വില്‍ക്കാന്‍ തയ്യാറായിരിക്കുകയാണ്. അങ്ങനെയാണ് കിഡ്‌നി ഗ്രാമമെന്ന് പേരുവന്നത്.

ബിന്‍ദോല്‍ ഗ്രാമത്തിലെ ഒരോ വീടുകളിലും കിഡ്‌നി വില്‍ക്കാത്ത ഒരാള്‍ പോലും ഉണ്ടാകില്ല. പട്ടിണിമൂലം കഴിഞ്ഞകുറേ വര്‍ഷങ്ങളായി ഇവിടെ മരിച്ചുവീണവര്‍ക്ക് കണക്കില്ല. ഇതോടെയാണ് കിഡ്‌നി വില്‍പ്പനയെ കുറിച്ച് ഇവിടുത്തുകാര്‍ ചിന്തിക്കാന്‍ തുടങ്ങിയത്. ആദ്യം ഒന്നോ രണ്ടോ പേര്‍ ഈ വഴി തിരഞ്ഞെടുത്തു. അതിനുപിന്നാലെ മറ്റുള്ള ആളുകളും ഇതേ പാത പിന്തുടരുകയായിരുന്നു.

പശ്ചിമബംഗാളിലെ വടക്കന്‍ ദിയാന്‍ജപൂരില്‍ നിന്നും 35 കിലോമീറ്റര്‍ ഉള്ളിലുള്ള ഈ ഗ്രാമം ഒരുകാലത്ത് പച്ചപ്പും കൃഷികളും കൊണ്ട് സമൃദ്ധമായിരുന്നു. എന്നാല്‍ ഇപ്പോള്‍ അവിടെ കൃഷി പോയിട്ട് ഒരു പുല്ലുപോലും മുളക്കുന്നില്ല. നെല്ലും ഗോതമ്പും മറ്റ് വിളകളും കൃഷിചെയ്ത് ജീവിച്ചിരുന്ന ഗോത്രസമൂഹമാണ് ഇവിടെ കഴിഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ മരുഭൂമിയ്ക്ക് തുല്യമാണ് ഇവിടം.

റസാക്ക് എന്ന പേരില്‍ അറിയപ്പെടുന്ന ഏജന്റ് മുഖേനയാണ് ഇവിടുത്തുകാര്‍ കിഡ്‌നി വില്‍പ്പന നടത്തുന്നത്. ഒരു കിഡ്‌നിയ്ക്ക് 3 ലക്ഷം മുതല്‍ നാല് ലക്ഷം രൂപവരെയാണ് കുറച്ചുനാള്‍ മുന്‍പ് ഇയാള്‍ കൊടുത്തിരുന്നത്. എന്നാല്‍ കിഡ്‌നി കൊടുക്കുന്നവരുടെ അത്യാവശ്യം മനസ്സിലാക്കിയപ്പോള്‍ പിന്നീട് വില 60000 മുതല്‍ 1 ലക്ഷം വരെയാക്കി കുറച്ചു.

ലക്ഷ്മിറാം ഹന്‍സാ എന്നുപറയുന്ന 35കാരന്‍ 80000 രൂപയ്ക്കാണ് തന്റെ കിഡ്‌നി വിറ്റത്. ഇപ്പോള്‍ അയാളെ കണ്ടാല്‍ ഏതാണ്ട് 60 വയസ്സ് പ്രായം തോന്നിക്കും. അദ്ദേഹത്തിന് സ്വന്തമായി ഒരു തുണ്ട് ഭൂമി പോലുമില്ല. ഭാര്യയും കുട്ടിയുമുണ്ട്. അവരുടെ വിശപ്പടക്കുകയെന്നതാണ് തന്റെ മുന്നിലുള്ള ഏകലക്ഷ്യം. അതുകൊണ്ട് കിഡ്‌നി കൊടുക്കാന്‍ തയ്യാറായി. ഒരവയവം നഷ്ടപ്പെടുത്തിയാലും 80000 രൂപകിട്ടുകയെന്നാല്‍ അത് വലിയകാര്യമാണെന്നും അതുകൊണ്ടാണ് ഇതിന് തയ്യാറായതെന്നും അദ്ദേഹം പറയുന്നു.

അവിടെ വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരുലക്ഷം രൂപയ്ക്കും രണ്ടുലക്ഷം രൂപയ്ക്കും കിഡ്‌നി വിറ്റവരും ഇവര്‍ക്കിടയിലുണ്ട്. അവിടെ ഓരോ കുടുംബത്തിനു ഓരോ കഥ പറയാനുണ്ട്. തങ്ങളുടെ ദാരിദ്ര്യത്തെ പറ്റി, പട്ടിണിയെയും ദുരിതങ്ങളെയും പറ്റി. അവിടുത്തുകാര്‍ കിഡ്‌നി വില്‍ക്കാന്‍ സഹായിക്കുന്ന റസാക്ക് എന്നയാളിനെ ഒരു രക്ഷകനായാണ് കാണുന്നത്. കിഡ്‌നി പോയാലും പട്ടിണികിടക്കാതെ മരിക്കാമല്ലോ എന്നാണ് ഇവിടുത്തുകാര്‍ പറയുന്നത്.

മൂന്ന് പേരുള്ള ഒരു കുടുംബത്തിലെ അംഗങ്ങള്‍ ഒന്നിച്ച് കിഡ്‌നി കൊടുക്കാന്‍ തയ്യാറായപ്പോള്‍ ആറ് ലക്ഷം രൂപ വരെ റസാക്ക് ഓഫര്‍ ചെയ്‌തെന്നും 8 ലക്ഷം തന്നാല്‍മാത്രമേ വില്‍പ്പന നടക്കുള്ളു എന്ന് പറഞ്ഞതായും ഗ്രാമത്തിലെ അനിതാ ജാലി വ്യക്തമാക്കി. ഇങ്ങനെയുള്ള നിരവധി പേരാണ് ഈ കിഡ്‌നി ഗ്രാമത്തിലുള്ളത്.

Malayalam news

Kerala news in English

Tagged with: