എഡിറ്റര്‍
എഡിറ്റര്‍
മരണം കൊട്ടാരങ്ങളിലും സംഭവിക്കും: മുസാഫര്‍ നഗറിലെ മരണത്തെ പരാമര്‍ശിച്ച് ഉത്തര്‍പ്രദേശ് മന്ത്രി
എഡിറ്റര്‍
Sunday 12th January 2014 7:06am

muzafar-nagar

ന്യൂദല്‍ഹി:  മുസാഫര്‍ നഗറിലെ ദുരിതാശ്വാസ ക്യാമ്പുകളിലെ കുട്ടികളുടെ മരണത്തെക്കുറിച്ചുള്ള ഉത്തര്‍പ്രദേശ് സ്‌പോര്‍ട്‌സ് മന്ത്രി നാരദ് റായിയുടെ പ്രസ്താവന വിവാദത്തില്‍.

ദുരിതാശ്വാസ ക്യാമ്പില്‍ മാത്രമല്ല കൊട്ടാരങ്ങളിലും മരണം സംഭവിക്കുന്നുണ്ടെന്നായിരുന്നു മന്ത്രിയുടെ പരാമര്‍ശം.

‘ദുരിതാശ്വാസക്യാമ്പില്‍ മാത്രമല്ല, കൊട്ടാരങ്ങളില്‍ വസിക്കുന്നവരും മരിക്കുന്നുണ്ട് . ഞങ്ങളുടെ വീട്ടിലെ കുട്ടികള്‍ മരിക്കുന്നില്ലേ? മരണം എല്ലായിടത്തും സംഭവിക്കും’- എന്നായിരുന്നു ദുരിതാശ്വാസ ക്യാമ്പിലെ കുട്ടികളുടെ മരണത്തെസംബന്ധിച്ച് മന്ത്രിയുടെ പ്രതികരണം.

രണ്ട് മാസത്തിനിടെ 34 കുട്ടികള്‍ ദുരിതാശ്വാസ ക്യാമ്പില്‍ മരണമടഞ്ഞതായി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

ടെലിവിഷന്റെയും ക്യാമറയുടെയും ഇക്കാലത്ത് സമാജ് വാദി പാര്‍ട്ടി പ്രവര്‍ത്തകര്‍ ആരുടെയും വികാരങ്ങളെ വേദനിപ്പിക്കാത്ത വിധത്തില്‍ വാക്കുകള്‍ സൂക്ഷ്മതയോടെയും ശ്രദ്ധയോടെയും കൈകാര്യം ചെയ്യണമെന്നും  ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി അഖിലേഷ് യാദവ് നേരത്തെ പറഞ്ഞിരുന്നു.

ആയിരങ്ങള്‍ മുസാഫര്‍ നഗറിലെ ദുരിതാശ്വാസ ക്യാമ്പില്‍ തണുത്ത് വിറച്ച് കഴിയുമ്പോള്‍ സൈഫായ് മഹോത്സവം കൊണ്ടാടിയതില്‍ വിമര്‍ശനം നേരിട്ടുകൊണ്ടിരിക്കുകയാണ് അഖിലേഷ് സര്‍ക്കാര്‍. അതിനുപുറകെയുള്ള നാരദ് റായിയുടെ പരാമര്‍ശം അഖിലേഷിനെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാഴ്ത്തിയിരിക്കുകയാണ്.

സെപ്തംബറിലാണ് മുസാഫര്‍നഗറില്‍ കലാപമുണ്ടായത്. കലാപത്തില്‍ ഇരകളായ നാലായിരം പേര്‍ ഇപ്പോഴും തിരികെ ഗ്രാമങ്ങളിലേക്ക് മടങ്ങാന്‍ ഭയന്ന് ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയുകയാണ്.

കലാപത്തില്‍ 60ഓളം പേര്‍കൊല്ലപ്പെടുകയും 40,000 പേര്‍ക്ക് വീട് നഷ്ടമാകുകയും ചെയ്തിരുന്നു.

Advertisement