കോഴിക്കോട്: കേരളത്തിന്റെ പ്രകൃതി വിഭവങ്ങളും ധാതുസമ്പത്തും സര്‍വീസ് രംഗങ്ങളും ഉള്‍പ്പെടെയുള്ള പൊതുസ്വത്ത് സ്വദേശ-വിദേശ മൂലധന ശക്തികള്‍ക്ക് തീറെഴുതാനുള്ള ശ്രമമാണ് എമേര്‍ജിങ് കേരളയിലൂടെ നടത്തുന്നതെന്ന് ജനകീയ പ്രതിരോധ സമിതി.  ജനങ്ങളെ നിര്‍ബാധം കൊള്ളയടിക്കാനുള്ള അവസരം തുറന്നുകൊടുക്കുന്ന സംരഭത്തില്‍
നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്നും ജനകീയ പ്രതിരോധ സമിതി ആവശ്യപ്പെട്ടു.

Ads By Google

പൊതുമേഖലാ സ്ഥാപനങ്ങളുടെ വമ്പിച്ച ആസ്തികളിലും ജൈവ സമ്പത്തടങ്ങിയ ഭൂമിയിലും മാത്രം കണ്ണുവച്ചുകൊണ്ട് കടന്നുവരുന്ന ആഗോള നിക്ഷേപകര്‍ കേരളത്തെ വികസിപ്പിക്കുമെന്ന് കരുതുന്നത് മൗഢ്യമാണ്. വികസനത്തിന്റെ മറയില്‍ വന്‍ ലാഭമുണ്ടാക്കുകയും സര്‍വതും കുത്തിക്കവരുകയും കടന്നുകളയുകയും ചെയ്യുന്നവരാണ് സ്വകാര്യ നിക്ഷേപകര്‍. അവര്‍ക്കുവേണ്ടി ഇടനിലക്കാരുടെ റോളിലാണ് സര്‍ക്കാര്‍ ഈ മേള സംഘടിപ്പിക്കുന്നത്.

കേരളത്തെത്തന്നെ വില്പനയ്ക്കുവേണ്ടി ഷോ കേസിലാക്കിയിരിക്കുകയാണ്. പി.പി.പി വ്യവസ്ഥയില്‍ പാട്ടക്കരാര്‍ അടിസ്ഥാനത്തില്‍ സ്വകാര്യ സംരംഭകര്‍ക്ക് ഭൂമിയും ഭൗതിക സൗകര്യങ്ങളും തീറെഴുതുന്നതിനുവേണ്ടി തന്നെയാണ് മേള സംഘടിപ്പിക്കുന്നത്. തൊഴില്‍ സൃഷ്ടിക്കുന്നതോ പ്രത്യുല്‍പാദനപരമോ ആയ യാതൊന്നും ഈ നിക്ഷേപക സംഗമത്തില്‍നിന്ന് പ്രതീക്ഷിക്കാന്‍ കഴിയില്ല. ജനങ്ങളുടെ വികസനമല്ല, മൂലധന ഉടമകളുടെ വികസനം മാത്രമേ ഇതിലൂടെ സംഭവിക്കൂ. പ്രോജക്ട് വിശദാംശങ്ങള്‍ പരിശോധിക്കുമ്പോള്‍ ഇക്കാര്യം വ്യക്തമാകുമെന്നും ജനകീയ പ്രതിരോധ സമിതി പ്രസ്താവനയില്‍ പറയുന്നു.

ഡോ.എന്‍.എന്‍.കരീം( വൈസ് പ്രസിഡന്റ്), കെ.പി.കോസല രാമദാസ് (വൈസ് പ്രസിഡന്റ്), ഡോ.വി.വേണുഗോപാല്‍(ജനറല്‍ സെക്രട്ടറി) എം.ഷാജര്‍ഖാന്‍ (സെക്രട്ടറിയേറ്റംഗം) തുടങ്ങിയവരാണ് ജനകീയ പ്രതിരോധ സമിതിയിലുള്ളത്.