ചെന്നൈ: കുട്ടികള്‍ക്കുള്ള പ്രതിരോധമരുന്ന് പരീക്ഷണാടിസ്ഥാനത്തില്‍ ഇന്ത്യയില്‍ പ്രയോഗിക്കുന്നതിന് കേന്ദ്ര സര്‍ക്കാര്‍ നീക്കം തുടങ്ങി. മരുന്നിന്റെ പാര്‍ശ്വഫലങ്ങളെക്കുറിച്ച ശരിയായ പഠനം നടത്താതെയാണ് മരുന്ന കേരളത്തിലും തമിഴ്‌നാട്ടിലും പരീക്ഷണാടിസ്ഥാനത്തില്‍ പ്രയോഗിക്കുന്നത്.

അഞ്ച് പ്രതിരോധമരുന്നുകള്‍ ഒറ്റയടിക്ക് നല്‍കാവുന്ന പെന്റവലന്റ് വാക്‌സിനാണ് കുട്ടികള്‍ക്കുമേല്‍ യാതൊരു മുന്നൊരുക്കവുമില്ലാതെ പ്രയോഗിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശപ്രകാരമാണ് ഇന്ത്യയില്‍ ഇതു നടപ്പാക്കുന്നതെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ വിശദീകരണം. ഡിഫ്തീരിയ, പെര്‍ട്ടസിസ്, ടെറ്റനസ് എന്നിവയ്ക്കുള്ള ഡി.പി.ടി കുത്തിവെപ്പും ഹെപ്പറ്റൈറ്റിസ് ബി, ഹിമൊഫിലസ് ബി ടൈപ്പ് ഇന്‍ഫഌവന്‍സ എന്നിവയ്ക്കുള്ള മരുന്നുകളും ഒറ്റയടിക്ക് കുട്ടികള്‍ക്ക് നല്‍കുന്നതിനാണ് ഈ വാക്‌സിന്‍ ഇറക്കുമതി ചെയ്യുന്നത്. പദ്ധതി സെപ്തംബറില്‍ തുടങ്ങാനിരുന്നതാണെന്നും ഡോക്ടര്‍മാരുടെ സമരം കാരണം നീട്ടിവെച്ചിരിക്കുകയാണെന്നും കേരള സംസ്ഥാന ഹെല്‍ത്ത് സര്‍വീസസ് ഡയറക്ടര്‍ കുമാരി ജി.പ്രേമ പറഞ്ഞു.

2010 ആഗസ്ത് 26 ന് ദല്‍ഹിയില്‍ചേര്‍ന്ന പ്രതിരോധകുത്തിവെപ്പ് പദ്ധതിയ്ക്കായുള്ള ദേശീയ സാങ്കേതിക ഉപദേശകസംഘത്തിന്റെ യോഗമാണ് ഈ പദ്ധതി കേരളത്തിലും തമിഴ്‌നാട്ടിലും നടപ്പാക്കാനായി കേന്ദ്രസര്‍ക്കാറിന് ശുപാര്‍ശ നല്‍കിയത്. ശരിയായ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്താതെയുള്ള ഈ പദ്ധതിയെ എന്‍.ടി.എ.ജി.ഐ യോഗത്തില്‍ എതിര്‍ത്തിരുന്നെങ്കിലും ഈ എതിര്‍പ്പിനെ അവഗണിച്ചുകൊണ്ടാണ് സംഘടന കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് ശുപാര്‍ശകള്‍ സമര്‍പ്പിച്ചത്. വാക്‌സിന്‍ പരീക്ഷിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കത്തിനെതിരെ ദല്‍ഹിയിലെ സെന്റ് സ്റ്റീഫന്‍സ് ആശുപത്രി ശിശുരോഗ ചികില്‍സാവിഭാഗം മേധാവിയും സംഘടനാംഗവുമായ ഡോ.ജേക്കബ് പുളിയേല്‍ ഉള്‍പ്പടെയുള്ളവര്‍ ദല്‍ഹി ഹൈക്കോടതിയില്‍ പൊതു താല്‍പര്യ. ഹരജി നല്‍കിയിട്ടുണ്ട്. കോടതിയുടെ അനുമതിയില്ലാതെ പുതിയ ഒരു വാക്‌സിനും സാര്‍വദേശീയ പ്രതിരോധ പരിപാടിയില്‍ ഉള്‍പ്പെടുത്തരുതെന്ന് ഈ ഹരജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് സംസ്ഥാനങ്ങളില്‍ വ്യാപകമായി പെന്റവലന്റ് വാക്‌സിന്‍ പ്രയോഗിക്കുന്നതിന് മുമ്പ് ശരിയായ പഠനം നടത്താനാവില്ലെന്ന സംഘത്തിന്റെ നിലപാട് പരിഹാസ്യമാണെന്നും മരുന്ന് ശുപാര്‍ശചെയ്യുകയും അതേസമയം അതിന്റെ പാര്‍ശ്വഫലങ്ങള്‍ പഠിക്കുന്നതിന് പണമില്ലെന്ന സമീപനം അംഗീകരിക്കാനാവില്ലെന്നും ഡോ.ജേക്കബ് വ്യക്തമാക്കി.

മുമ്പ് ശ്രീലങ്കയിലും ഭൂട്ടാനിലും ഈ വാക്‌സിന്‍ നടപ്പിലാക്കിയത് വന്‍ വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ഇരുരാജ്യങ്ങളിലും ഈ വാക്‌സിന്‍ കൊടുത്തതുമൂലം കുട്ടികള്‍ മരിച്ചുവെന്ന് പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് ലോകാരോഗ്യസംഘടനയുടെ വിദഗ്ധ സമിതി പഠനം നടത്തിയിരുന്നു. എന്നാല്‍ മരണകാരണം വാക്‌സിനല്ലെന്നായിരുന്നു പഠനറിപ്പോര്‍്ട്ട്.
525 രൂപയോളം വിലവരുന്ന പെന്റവലന്റ് പരീക്ഷിക്കാനുള്ള നീക്കം എതിര്‍ക്കുമെന്ന് തമിഴ്‌നാട് ആരോഗ്യവികസന അസോസിയേഷന്‍ പ്രസിഡന്റും തമിഴ്‌നാട് ശിശുരോഗ ചികില്‍സാവിഭാഗം മുന്‍ ഡയറക്ടറുമായ ഡോ.റെക്‌സ് സര്‍ഗുണം അറിയിച്ചു.