വാഷിങ്ടണ്‍: തീവ്രവാദികളെ നേരിടാന്‍ അമേരിക്കന്‍ സൈന്യത്തെ ഇന്ത്യയില്‍ നിയമിച്ചതായും അവര്‍ രാജ്യത്ത് പരിശീലനം നടത്തുന്നതായും പെന്റഗണ്‍.
ഇന്ത്യയിലേയും മറ്റ് സൗത്ത് ഏഷ്യന്‍ രാജ്യങ്ങളിലേയും തീവ്രവാദ ആക്രമണങ്ങളില്‍ നിന്നും രക്ഷിക്കുന്നതിന്റെ ഭാഗമായാണ് സൈനിക വിന്യാസമെന്ന് പെന്റഗണ്‍ വക്താവ് വില്ലാര്‍ഡ് അറിയിച്ചു. എന്നാല്‍ വാര്‍ത്ത നിഷേധിച്ചുകൊണ്ട് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം രംഗത്തെത്തിയിട്ടുണ്ട്.

2008 ല്‍ നടന്ന മുംബൈ ഭീക്രമണത്തിന് ശേഷം പാക്കിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന തീവ്രവാദ സംഘടനയായ അല്‍ഖ്വയ്ദയ്‌ക്കെതിരായി ഇന്ത്യയും അമേരിക്കയും ചില നീക്കങ്ങള്‍ നടത്തുന്നുണ്ട്. ഇതിന്റെ ഭാഗമായി യു.എസിലെ സൈനികരെ ഇന്ത്യയില്‍ വിന്യസിച്ചിട്ടുണ്ടെന്നും പെന്റഗണ്‍ കമാന്റര്‍ റോബേര്‍ട്ട് വില്ലാര്‍ഡ് പറഞ്ഞു. ഇന്ത്യ ഏറെ ഭയക്കേണ്ട തീവ്രവാദ സംഘടനയാണ് അല്‍ഖ്വയ്ദയെന്നും അതിനാല്‍ ഇന്ത്യയെ സഹായിക്കാനാണ് തങ്ങളുടെ സൈന്യത്തെ അവിടെ വിന്യസിച്ചതെന്നുമാണ് പെന്റഗണ്‍ വക്താവ് വില്ലാഡ് പറയുന്നത്.

‘ഇന്ത്യ തീവ്രവാദത്തിന് എതിരാണ്. ഇതേപോലെ തന്നെ ഭീകരവാദികള്‍ നോട്ടമിട്ട നേപ്പാള്‍, ബംഗ്ലാദേശ്, ശ്രീലങ്ക, മാലിദ്വീപ്, തുടങ്ങിയ രാജ്യങ്ങളിലും അമേരിക്കയുടെ രഹസ്യ-സൈന്യത്തെ നിയമിച്ചിട്ടുണ്ട്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന്റെ ഭാഗമായി ഇന്ത്യയുമായി ദീര്‍ഘനാളായി ബന്ധമുണ്ട്. എന്നാല്‍ ഇന്ത്യന്‍ പ്രതിരോധ മന്ത്രാലയത്തിന് ഇവരുമായി നേരിട്ടുബന്ധമില്ല. മറ്റ് ചില ഏജന്‍സികള്‍ വഴിയാണ് ഇവര്‍ക്ക് സഹായം നല്‍കുന്നത്’- വില്ലാര്‍ഡ് പറഞ്ഞു.

അതേസമയം ഇത്തരം പ്രസ്താവനകള്‍ അടിസ്ഥാന രഹിതമാണെന്നും അത്തരം ഒരു സൈന്യവും ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. യു.എസ് ഗവണ്‍മെന്റ് സ്‌പെഷ്യല്‍ ഫോഴ്‌സിനെ ഇന്ത്യയില്‍ വിന്യസിക്കണമെന്ന് ഇതുവരെ ആവശ്യപ്പെട്ടിട്ടില്ല. അതിന് ഇന്ത്യ അനുവദിക്കുകയും ചെയ്തിട്ടില്ല. തീവ്രവാദത്തിനെതിരെ പ്രവര്‍ത്തിക്കാന്‍ ഇന്ത്യയും യു.എസും വ്യത്യസ്തമായ ഫോഴ്‌സുകളെ അതാത് രാജ്യങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. എന്നാല്‍ അമേരിക്കയുടെ ഒരു ഫോഴ്‌സും ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നില്ല. യു.എസ് സ്‌പെഷ്യല്‍ ടീം ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്ന വില്ലാര്‍ഡിന്റെ പ്രസ്താവന എന്തിനുവേണ്ടിയാണെന്ന് അറിയില്ലെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.

Malayalam news

Kerala news in English