തിരുവനന്തപുരം: ക്ഷേമ പെന്‍ഷനുകള്‍ ഇക്കൊല്ലം ഏപ്രില്‍ ഒന്നുമുതല്‍ മുന്‍കാല പ്രാബല്യത്തോടെ 125 ശതമാനം വരെ വര്‍ധിപ്പിച്ചതായി ധനമന്ത്രി കെ.എം.മാണി അറിയിച്ചു.

Ads By Google

80 കഴിഞ്ഞവര്‍ക്കുള്ള വാര്‍ദ്ധക്യകാല പെന്‍ഷന്‍ 400 ല്‍ നിന്നും 900 രൂപയായും 80 ശതമാനത്തില്‍ കൂടുതല്‍ വൈകല്യമുള്ളവര്‍ക്ക് നല്‍കുന്ന വികലാംഗ പെന്‍ഷന്‍ 400 ല്‍ നിന്നും 700 ആക്കിയും സാധാരണ വൈകല്യങ്ങള്‍ക്കുള്ള പെന്‍ഷന്‍ 400 ല്‍ നിന്നും 525 ആക്കിയും ഉയര്‍ത്തി.

നിക്ഷേപകരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും അമിതപലിശ ഈടാക്കുന്നത് തടയാനുമുള്ള ഓര്‍ഡിനന്‍സുകള്‍ മന്ത്രിസഭായോഗം അംഗീകരിച്ചു. അഗതി (വിധവ) പെന്‍ഷന്‍ 400 ല്‍ നിന്നും 525 ആക്കി.

50 വയസില്‍ കൂടുതലുള്ള അവിവാഹിതരായ സ്ത്രീകള്‍ക്കുള്ള പെന്‍ഷന്‍ 400 ല്‍ നിന്നും 525 ആക്കി ഉയര്‍ത്തിയതായും മന്ത്രി കെ.എം.മാണി അറിയിച്ചു.

ക്ഷേമ പെന്‍ഷനുകള്‍ മുന്‍കാല പ്രാബല്യത്തോടെ വര്‍ധിപ്പിക്കുന്നതിന് പ്രതിമാസമുണ്ടാകുന്ന അധിക ബാധ്യത  15,67,20,000 രൂപയാണ്. ഇക്കഴിഞ്ഞ ബജറ്റിലാണ് ക്ഷേമപെന്‍ഷനുകള്‍ വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത്. പ്രയോജനം ലഭിക്കുന്നവരുടെ എണ്ണം: വാര്‍ദ്ധക്യകാല പെന്‍ഷന്‍ (55979) അഗതി പെന്‍ഷന്‍ (682763), വികലാംഗര്‍ (252377), വൈകല്യം ഉള്ളവര്‍ (39460).