തിരുവനന്തപുരം: പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാന്‍ നിലവില്‍ സര്‍ക്കാരിന് ആലോചനയില്ലെന്ന് ധനമന്ത്രി കെ.എം.മാണി വ്യക്തമാക്കി. ബജറ്റിന് മുന്നോടിയായി കേസരി സ്മാരക ട്രസ്റ്റ് സംഘടിപ്പിച്ച മുഖാമുഖ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

Ads By Google

പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കുന്ന കാര്യത്തില്‍ നിലവില്‍ സര്‍ക്കാരിന് ആലോചനയില്ല. അങ്ങനെയെന്തെങ്കിലുമുണ്ടെങ്കില്‍ തന്നെ ബജറ്റ് വരുമ്പോള്‍ മാത്രമേ ആലോചിക്കുകയുള്ളൂ.

കേന്ദ്രത്തിന്റെ പല നയങ്ങളും കേരളത്തെ ദോഷകരമായി ബാധിക്കുകയാണ്. ഇവിടെ ഒട്ടും പ്രായോഗികമല്ലാത്ത പല പദ്ധതികള്‍ക്കും കോടിക്കണക്കിന് രൂപ അനുവദിച്ചിട്ട് അത് ചെലവഴിക്കുന്നില്ല എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല.

സംസ്ഥാനത്തിന് നടപ്പിലാക്കാന്‍ കഴിയാത്ത പദ്ധതികള്‍ അടിച്ചേല്‍പ്പിക്കുന്നതിന് പകരം ആ പണം നേരിട്ട് നല്‍കിയാല്‍ ആശ്വാസമുണ്ടായേനെ.

മെച്ചപ്പെട്ട ധനകാര്യ മാനേജ്‌മെന്റിലൂടെ സംസ്ഥാനത്ത് സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ കഴിഞ്ഞിട്ടുണ്ട്. നികുതി പിരിച്ചെടുക്കുന്നതില്‍ പ്രതീക്ഷയില്‍ കവിഞ്ഞ മികവാണുണ്ടായത്.

പി.ജെ.കുര്യന്റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനങ്ങള്‍ ശരിയാണെന്നും മാണി പറഞ്ഞു.