എഡിറ്റര്‍
എഡിറ്റര്‍
ഗസയ്ക്കായി 100 ഹോളിവുഡ്‌ താരങ്ങളുടെ തുറന്ന കത്ത് വിവാദത്തിലേയ്ക്ക്‌; കത്തിന്റെ പ്രസക്തഭാഗങ്ങള്‍
എഡിറ്റര്‍
Monday 11th August 2014 12:39pm

Cruz-and-Bardemമാഡ്രിഡ്: ഗസയെ പിന്തുണച്ചുകൊണ്ട് പ്രശസ്ത ഹോളിവുഡ് താരം പെനിലോപ് ക്രൂസും ഓസ്‌കാര്‍ ജേതാവും ക്രൂസിന്റെ ഭര്‍ത്താവുമായ സേവിയര്‍ ബാര്‍ഡെമും ഉള്‍പ്പെടെ നൂറ് ഹോളിവുഡ് താരങ്ങളുടെ തുറന്ന കത്ത് ഹോളിവുഡില്‍ വന്‍വിവാദങ്ങളിലേയ്ക്ക്‌. ഗസയില്‍ നടക്കുന്നത് വംശീയ ഉന്‍മൂലനമാണെന്നാണ് മുന്‍നിര ഹോളിവുഡ് താരങ്ങള്‍ ഒരുമിച്ച് ഒപ്പിട്ടിരിക്കുന്ന കത്തില്‍ വിമര്‍ശിച്ചിരുന്നത്. സെമറ്റിക് വിരുദ്ധതയാണ് ഈ കത്തിലെന്നാണ് ഇപ്പോള്‍ വിമര്‍ശനമുയര്‍ന്നിരിക്കുന്നത്.

പെനിലോപ് ക്രൂസും സേവിയര്‍ ബാര്‍ഡെമുമാണ് കത്ത് തയ്യാറാക്കുന്നതിന് നേതൃത്വം നല്‍കിയിരുന്നത്. ഗസയ്ക്കായി ശക്തമായ നിലപാടാണ് ഇരുവരും സ്വീകരിച്ചിരിക്കുന്നത്. ലോകം ഗസയോട് സ്വീകരിക്കുന്ന മൂകത അങ്ങേയറ്റം അപലപനീയമാണെന്നാണ് ഇരുവരും അഭിപ്രായപ്പെട്ടിരുന്നത്.

‘ഇസ്രഈലി അധിനിവേശ സൈന്യം 1967ലെ ഫലസ്തീന്‍ അതിര്‍ത്തിയില്‍ നിന്നും പിന്മാറുന്നതിനു പകരം അതിക്രമിച്ചുകടക്കുകയായിരുന്നു. ഗസ ഇന്ന് ഭീതിയുടെ നിഴലിലാണ് ജീവിക്കുന്നത്. എന്നാല്‍ അന്തര്‍ദേശീയ സമൂഹം ഇതില്‍ നിശബ്ദത പാലിക്കുകയാണ്.’ കത്തില്‍ പറയുന്നു. പ്രശസ്ത സംവിധായകന്‍ പെഡ്രോ അല്‍മദോവറും സ്പാനിഷ് ഭാഷയിലുള്ള കത്തില്‍ ഒപ്പിട്ടവരില്‍ ഉള്‍പ്പെടുന്നു. ‘വംശഹത്യ’ എന്നാണ് കത്തിന് പേര് നല്‍കിയിരുന്നത്.

ഇനിമുതല്‍ ക്രൂസുമായി ജോലി ചെയ്യില്ല എന്ന് ഒരു നിര്‍മ്മാതാവ് പ്രഖ്യാപിച്ചുകഴിഞ്ഞിരിക്കുന്നു. എന്നാല്‍ കത്ത് തയ്യാറാക്കാന്‍ നേതൃത്വമെടുത്ത ക്രൂസനും ഭര്‍ത്താവിനുമെതിരെ പരസ്യമായി പ്രതികരിക്കാന്‍ റിലേറ്റീവ് മീഡിയ മേധാവി റിയാന്‍ കാവനോഫ് മാത്രമാണ് തയ്യാറായിരിക്കുന്നത്.

‘ജര്‍മനിയില്‍ നടന്ന ജൂത കൂട്ടക്കുരുതി അതിജീവിച്ചവരുടെ ചെറുമകന്‍ എന്ന നിലയില്‍, ഇസ്രഈല്‍ സമം “വംശഹത്യ”, ഫലസ്തീന്‍ സമം പ്രതിരോധം  എന്ന പേരില്‍ നടക്കുന്നത് എന്താണെന്ന് എനിക്കറിയാം. ഇങ്ങനെ വിളിക്കുന്നത് ഒന്നുകില്‍ അറിവില്ലാത്തതുകൊണ്ടാണ് എല്ലെങ്കില്‍ സെമറ്റിക് വിരുദ്ധത മാത്രമാണ്.’ അദ്ദേഹം പറഞ്ഞു. എന്നാല്‍ ഈ കത്ത് ക്രൂസിന്റെയും ഭര്‍ത്താവിന്റെയും കരിയറിനെ ബാധിക്കുമെന്ന് കരുതുന്നില്ലെന്നും കാവനോഫ് കൂട്ടിച്ചേര്‍ത്തു.

കത്തിന്റെ പ്രസക്തഭാഗങ്ങള്‍:

‘വംശഹത്യ’

‘ഗസ ഭീതിയുടെ നിഴലിലാണ് ഈ ദിനങ്ങളില്‍ ജീവിച്ചു പോകുന്നത്. കരയിലൂടെയും വായുവിലൂടെയും കടലിലൂടെയും ചുറ്റി വളഞ്ഞ് അത് ആക്രമിക്കപ്പെടുന്നു.’

‘ഫലസ്തീനി ജനതയുടെ വീടുകള്‍ തകര്‍ക്കപ്പെട്ടിരിക്കുന്നു. കുടിവെള്ളം നിഷേധിക്കപ്പെട്ട്, വൈദ്യുതി നിഷേധിക്കപ്പെട്ട്, ആശുപത്രിയിലോ സ്‌കൂളിലോ പാടങ്ങളില്‍ പണിക്കോ പോകാനാവാതെ.. ഇസ്രഈലി അധിനിവേശ സൈന്യം 1967ലെ ഫലസ്തീന്‍ അതിര്‍ത്തിയില്‍ നിന്നും പിന്മാറുന്നതിനു പകരം അതിക്രമിച്ചുകടക്കുകയായിരുന്നു.’

‘അവര്‍ എത്രയും പെട്ടെന്ന് വെടിനിര്‍ത്തലിന് തയ്യാറാകണം. കഴിഞ്ഞ ഒരു ദശകക്കാലത്തോളം അടഞ്ഞുകിടക്കുന്ന ഗസമുനമ്പ് അതിര്‍ത്തി ഗസാ ജനതക്ക് തുറന്നുകൊടുക്കണം.’

‘വെസ്റ്റ് ബാങ്കില്‍ ഫലസ്തീനിയന്‍ ജനതയ്‌ക്കെതിരെ നടക്കുന്ന അതിക്രമങ്ങള്‍, തടഞ്ഞുവെയ്ക്കലുകള്‍, അടിച്ചമര്‍ത്തലുകള്‍ ദിനംതോറും നിരവധിപേരുടെ ജീവനെടുക്കുന്നു. സ്പാനിഷ് സര്‍ക്കാരും യൂറോപ്യന്‍ യൂണിയനും ഇതിനെ അപലപിക്കണം.’

‘യാതൊരു നീതീകരണവും ഇല്ലാത്ത ഈ അധിനിവേശ യുദ്ധവും കൂട്ടക്കുരുതികളും അതിര്‍ത്തികളെ നിസ്സാരമാക്കിയാണ് നടക്കുന്നത്. ആശുപത്രികളെയും ആംബുലന്‍സുകളെയും കുഞ്ഞുങ്ങളെയും തീവ്രവാദികളായി ചിത്രീകരിച്ച് ആക്രമിമിക്കുന്നു.’

‘ജൂതരെന്നാല്‍ കൂട്ടക്കുരുതിയെ പിന്തുണയ്ക്കുന്നവരെന്നല്ല അര്‍ത്ഥം. ഹീബ്രു സംസാരിക്കുന്നവരെന്നാല്‍ സയണിസ്റ്റുകളെന്നുമല്ല. അതുപോലെ ഫലസ്തീനികളെന്നാല്‍ ഹമാസിന്റെ തീവ്രവാദികളുമെന്നും അര്‍ത്ഥമില്ല എന്ന് മനസിലാക്കണം. അങ്ങനെയെങ്കില്‍ ജര്‍മന്‍കാര്‍ എന്നു പറയുന്നത് നാസിസ്റ്റുകളെന്ന് അവഹേളിക്കും പോലെയായിപ്പോവും.’

‘ജനങ്ങള്‍ക്ക് സഞ്ചരിക്കാനും ഭക്ഷണവും മരുന്നും ചികിത്സാ സൗകര്യങ്ങളും ലഭ്യമാകുന്നതിനും അതിര്‍ത്തി തുറന്ന് സഹായടിക്കണം. ഗസയിലെ സാധാരണ ജനങ്ങള്‍, വിശിഷ്യ, കുഞ്ഞുങ്ങള്‍ അനുഭവിക്കുന്ന ശാരീരികവും മാനസികവും ധാര്‍മികവുമായ കഷ്ടതകളെ പരിഹരിക്കണമെങ്കില്‍ ഇത് കൂടിയേ തീരു. സമാധാനം പുനസ്ഥാപിക്കാനും പ്രശ്‌നങ്ങള്‍ ശാശ്വതമായി പരിഹരിക്കുന്നതിനും ഫലസ്തീന്‍ ജനങ്ങളും ഇസ്രഈല്‍ ജനങ്ങളും തമ്മില്‍ തുറന്ന ചര്‍ച്ചയ്ക്ക് വഴിയൊരുക്കുകയാണ് വേണ്ടത്.’

‘ഏവരും നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരാണ് ലോക സംസ്‌കാരം.’

Advertisement