ലണ്ടന്‍: ഐ പി എല്‍ അഴിമതിയുമായി ബന്ധപ്പെട്ട് പുറത്താക്കപ്പെട്ട ലളിത് മോഡിയുമായി വലിയ അടുപ്പം പുലര്‍ത്തേണ്ടെന്ന് ഇംഗ്ലണ്ട് ബാറ്റ്‌സ്മാന്‍ കെവിന്‍ പീറ്റേഴ്‌സണ് നിര്‍ദ്ദേശം. പാക്കിസ്താനെതിരായ മല്‍സരത്തിനിടയില്‍ ഇരുവരെയും ഒരുമിച്ചുകണ്ടതിന്റെ പശ്ചാത്തലത്തിലാണ് ഇംഗ്ലണ്ട് ആന്‍ഡ് വേല്‍സ് ക്രിക്കറ്റ് ബോര്‍ഡ് പീറ്റേഴ്‌സണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.

അഴിമതിയില്‍പ്പെട്ട മോഡിയുമായി ഒരുബന്ധവും വേണ്ടെന്ന് ക്രിക്കറ്റ് ബോര്‍ഡ് ചെയര്‍മാന്‍ ഗില്‍സ് ക്ലാര്‍ക്ക് ആണ് ഇ-മെയിലിലൂടെ പീറ്റേഴ്‌സണെ അറിയിച്ചിട്ടുള്ളത്. തനിക്കെതിരായ അഴിമതിയാരോപണങ്ങള്‍ അന്വേഷിക്കുന്ന അച്ചടക്ക സമിതിയില്‍ നിന്നും അരുണ്‍ ജെയ്റ്റ്‌ലിയേയും ചിരായു അമീനിനേയും പുറത്താക്കണമെന്ന മോഡിയുടെ ആവശ്യം ബി സി സി ഐ തള്ളിയിരുന്നു.