ജയ്പൂര്‍: രാജസ്ഥാനിലെ ക്ഷീരകര്‍ഷകനായ പെഹ്‌ലുഖാനെ ഗോരക്ഷകര്‍ അടിച്ചുകൊന്ന സംഭവത്തില്‍ പ്രധാനപ്രതികളായ ആറു പേര്‍ക്ക് എതിരെയുള്ള അന്വേഷണം രാജസ്ഥാന്‍ പൊലീസ് അവസാനിപ്പിച്ചു. ഇവര്‍ പ്രതികളല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസിന്റെ നടപടി.

എഫ്‌.െഎ.ആറില്‍ പേരുപറയുന്ന ബജ്‌റംഗ്ദള്‍ വി.എച്ച്.പി പ്രവര്‍ത്തകരായ നവീന്‍ ശര്‍മ, സുധീര്‍ യാദവ്, രാഹുല്‍ സൈനി എന്നിവര്‍ക്ക് പുറമെ ഓം യാദവ്, ഹുകും ചന്ദ് യാദവ്, സുധീര്‍ യാദവ് തുടങ്ങിയവരെയാണ് വെറുതെ വിട്ടത്.

പെഹ്‌ലുഖാനെ ആക്രമിക്കപ്പെട്ട സ്ഥലത്ത് പ്രതികളാരും ഉണ്ടായിരുന്നില്ലെന്ന ഒരു പൊലീസ് ഉദ്യോഗസ്ഥന്റെയും ഗോശാല ജീവനക്കാരുടെയും മൊഴികളും മൊബൈല്‍ വിവരങ്ങളും അടിസ്ഥാനപ്പെടുത്തിയാണ് പ്രതികള്‍ നിരപരാധികളെന്ന് പൊലീസ് വിധിച്ചത്.

പൊലീസ് വെറുതെ വിട്ട ആറു പ്രതികളും കുറ്റക്കാരാണെന്ന് പെഹ്‌ലുഖാന്റെ കുടുംബം പറഞ്ഞിരുന്നു. ആക്രമണം തുടങ്ങി വെച്ചത് ഇവരാണെന്നും പ്രതികള്‍ പരസ്പരം പേരു വിളിച്ചത് കേട്ടിരുന്നുവെന്നും പെഹ്‌ലുഖാന്റെ മകനായ ഇര്‍ഷാദ് ഖാന്‍ പറഞ്ഞു. ഗോരക്ഷകരുടെ ആക്രമണത്തില്‍ ഇര്‍ഷാദ് ഖാനും പരിക്കേറ്റിരുന്നു.


Read more:  കരിപ്പൂര്‍ വിമാനത്താവളമോ അതോ കൊള്ള സങ്കേതമോ?; എയര്‍പ്പോര്‍ട്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ വെളിപ്പെടുത്തലുകളുമായി യാത്രികര്‍


സമ്മര്‍ദ്ദത്തിന് അടിമപ്പെട്ടാണ് പൊലീസ് ആറു പ്രതികളെയും വെറുതെ വിടുന്നതെന്നും ഇവര്‍ക്ക് ശിക്ഷ വാങ്ങിക്കൊടുക്കുന്നത് വരെ പോരാട്ടം തുടരുമെന്നും ഇര്‍ഷാദ് ഖാന്‍ പറഞ്ഞു.

ആശുപത്രിയില്‍ പെഹ്‌ലുഖാന്‍ നല്‍കിയ മൊഴിപ്രകാരമാണ് വിട്ടയച്ച ആറുപ്രതികള്‍ക്കും മറ്റ് 200ഓളം പേര്‍ക്കുമെതിരെ എഫ്.ഐ.ആര്‍ എടുത്തിരുന്നത്.
രാജസ്ഥാനിലെ ആല്‍വാറില്‍ ഏപ്രില്‍ ഒന്നിനാണ് ഹരിയാണ സ്വദേശിയായ പെഹ്‌ലുഖാന്‍ കൊല്ലപ്പെട്ടത്. കര്‍ഷകനായ അദ്ദേഹവും സംഘവും കൃഷിയിടത്തിലേക്ക് പശുക്കളെ ട്രക്കില്‍ കൊണ്ടുവരവേ വി.എച്ച്.പി.ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ പശുക്കടത്ത് ആരോപിച്ച് അടിക്കുകയായിരുന്നു.