കൊച്ചി: ജഡ്മാര്‍ കോഴ വാങ്ങിയെന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ട് പ്രോസിക്യൂഷന്‍സ് മുന്‍ അഡീ.ഡയറക്ടര്‍ ജനറല്‍ കെ.സി പീറ്ററേയും ജസ്റ്റിസ് നാരായണക്കുറുപ്പിന്റെ മരുമകന്‍ സണ്ണിയേയും പ്രത്യേക അന്വേഷണം സംഘം ചോദ്യം ചെയ്തു.

ഐസ്‌ക്രീം പാര്‍ലര്‍ കേസുമായി ബന്ധപ്പെട്ട് ജസ്റ്റിസ് കെ. നാരായണക്കുറുപ്പും ജസ്റ്റിസ് കെ.തങ്കപ്പനും കൈക്കൂലി വാങ്ങിയെന്ന് കെ.സി പീറ്റര്‍ വെളിപ്പെടുത്തിയിരുന്നു. ജസ്റ്റിസ് നാരായണക്കുറുപ്പിനുവേണ്ടി മരുമകന്‍ സണ്ണിയാണ് പണം വാങ്ങിയെന്നുമുള്ള പീറ്ററുടെ സംഭാഷണം ഇന്ത്യാവിഷനിലൂടെ പുറത്തുവന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സണ്ണിയെ ചോദ്യം ചെയ്തത്‌.

ആലുവ പോലീസ് ക്ലബില്‍ വച്ചാണ് ചോദ്യം ചെയ്തത്. എ.ഡി.ജി.പി. വിന്‍സണ്‍ എം.പോളിന്റെ നേതൃത്വത്തിലാണ് ഐസ്‌ക്രീം പാര്‍ലര്‍ കേസിലെ പുതിയ വെളിപ്പെടുത്തലുകള്‍ അന്വേഷിക്കുന്നത്.