petition against modiഅഹമ്മദാബാദ്: ഗുജറാത്തില്‍ സാമൂഹിക ഐക്യവും സമാധാനവും നിലനിര്‍ത്താനായി മുഖ്യമന്ത്രി നരേന്ദ്ര മോഡി മുന്നു ദിവസം ഉപവാസമിരിക്കുന്നു. സെപ്റ്റംബര്‍ 17 മുതല്‍ 19വരെയാണ് മോഡിയുടെ ഉപവാസം.

ഗുജറാത്തിലെ ജനങ്ങള്‍ക്കിടയില്‍ സമാധാനവും സൗഹൃദാന്തരീക്ഷവും നിലനിര്‍ത്താന്‍ സദ്ഭാവന മിഷന്‍ എന്ന് പേരിട്ടിരിക്കുന്ന പരിപാടിയുടെ ഭാഗമായുള്ള ഉപവാസത്തിലൂടെ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മോഡി പറഞ്ഞു.

ഗുല്‍ബര്‍ഗ് സൊസൈറ്റി കേസിലെ സുപ്രീംകോടതി വിധിയോടെ 2002ലെ കലാപത്തിനുശേഷം തനിക്കുനേരെയും ഗുജറാത്തിനെതിരെയും ഉയര്‍ന്ന അപവാദ പ്രചാരണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്ന് തെളിഞ്ഞിരിക്കുകയാണ്.

എന്നാല്‍ സുപ്രീംകോടതി വിധിക്കുശേഷവും തനിക്കെതിരെയുള്ള അപവാദ പ്രചാരണം നിലയ്ക്കുമോ എന്ന് പറയാനാവില്ല. അതേസമയം ഇത്തരം പ്രചാരണം നടത്തുന്നവരുടെ വിശ്വാസ്യത കോടതിവിധിയോടെ ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണെന്നും കഴിഞ്ഞ പത്ത് വര്‍ഷമായി തന്നെയും ഗുജറാത്തിനെയും അപകീര്‍ത്തി പെടുത്തുന്നത് ഒരു ഫാഷനായി തുടരുകയാണെന്നും ജനങ്ങള്‍ക്കായി എഴുതിയ കത്തില്‍ മോഡി വ്യക്തമാക്കി.