ദമാസ്‌കസ്: കലാപം രൂക്ഷമായ സിറിയയില്‍ സമാധാനം പുനസ്ഥാപിക്കുന്നതിന്റെ ഭാഗമായി അന്താരാഷ്ട്ര സമാധാന ദൂതനായി യു.എന്‍- അറബ് ലീഗ് നിയമിച്ച നയതന്ത്രജ്ഞന്‍ ലഖ്ദാര്‍ ബ്രാഹിമി സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദുമായി കൂടിക്കാഴ്ച നടത്തി.

Ads By Google

Subscribe Us:

ഇസ്‌ലാം മതവിശ്വാസികളുടെ ബക്രീദ് പെരുന്നാളിനോട് അനുബന്ധിച്ച് വെടിനിര്‍ത്തലിന് തയാറാകണമെന്ന് ബ്രാഹിമി അഭ്യര്‍ത്ഥിച്ചു. വെള്ളിയാഴ്ച്ച വിദേശകാര്യ മന്ത്രി വാലിദുമായും പ്രതിപക്ഷ നേതാക്കളുമായും ഇദ്ദേഹം ചര്‍ച്ച നടത്തിയിരുന്നു.

സിറിയയില്‍ രാഷ്ട്രീയ പരിഹാരം കാണാനുള്ള എല്ലാ വിധ ശ്രമങ്ങള്‍ക്കും ഭരണകൂടം ആത്മാര്‍ഥമായ പിന്തുണ നല്‍കുമെന്നും എന്നാല്‍ വിദേശത്തുനിന്നുള്ള യാതൊരു ഇടപെടലുകളും അനുവദിക്കില്ലെന്ന് അസദ് പറഞ്ഞതായും ബ്രാഹിമി വെളിപ്പെടുത്തി.

സിറിയയില്‍ സമാധാനം പുന:സ്ഥാപിക്കാന്‍ ഭരണകൂടം തയ്യാറാണ്. അതിനായി എന്ത് ചര്‍ച്ചവേണമെങ്കിലും നടത്താം. എന്നാല്‍ പ്രശ്‌നം വഷളാക്കാനായി ചില ശക്തികള്‍ ശ്രമിക്കുന്നതായി അസദ് വ്യക്തമാക്കിയതാതായി ബ്രാഹിമി പറഞ്ഞു.

വിദേശ ഇടപെടല്‍ സിറിയയുടെ പരാമാധികാരത്തിന് മേലുള്ള കടന്നുകയറ്റമായിരിക്കുമെന്ന് അസാദ് പറഞ്ഞു. ബക്രീദ് പെരുന്നാളിനോടനുബന്ധിച്ച് മൂന്ന് ദിവസത്തെ വെടിനിര്‍ത്തലിന് സര്‍ക്കാരും വിമതരും തയാറാവണമെന്ന് ബ്രാഹിമി ആവശ്യപ്പെട്ടു.

എന്നാല്‍ ഇതിനോട് അസദ് സര്‍ക്കാര്‍ പ്രതികരിച്ചിട്ടില്ല. അസദ് സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയിലൂടെ മാത്രമേ പ്രശ്‌നം രമ്യമായി പരിഹരിക്കാന്‍ കഴിയുകയുള്ളു എന്നും നാളുകായി ഒരു ജനത അനുഭവിക്കുന്ന ദുരിതത്തിന് അന്ത്യം കുറിക്കാന്‍ കഴിയുകയുള്ളൂ എന്നും ബ്രാഹിമി പറഞ്ഞു.

അതിനിടെ ബ്രാഹിമി സിറിയയില്‍ സന്ദര്‍ശനം നടത്തുന്നതിനിടെ ഇന്നലെ ക്രിസ്ത്യന്‍ വംശജര്‍ വസിക്കുന്ന ബാബ് തൗമ പട്ടണത്തില്‍ ഉണ്ടായ കാര്‍ ബോംബ് സ്‌ഫോടനത്തില്‍ നിരവധിയാളുകള്‍ കൊല്ലപ്പെട്ടു. ഇവിടെ സുരക്ഷാസേനയെ ലക്ഷ്യംവച്ചാണ് ആക്രമണം നടന്നതെന്നാണ് കരുതുന്നത്. ബാബ് ടോമാ ജില്ലയിലെ പോലീസ് സ്റ്റേഷന്‍ ലക്ഷ്യമിട്ടാണ് കാര്‍ ബോംബ് സ്‌ഫോടനം നടന്നത്.