Categories

പി.ഡി.പി സമദൂരത്തില്‍; മലപ്പുറത്ത് സി.പി.ഐഎമ്മുമായി അടവ് സഖ്യം

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പില്‍ പി.ഡി.പി നിലപാട് സമദൂരം. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഇടതുമുന്നണിക്കൊപ്പം നിന്ന പി.ഡി.പി, ബി.ജെ.പി ഒഴികെ ആരുമായും പ്രാദേശിക കൂട്ടുകെട്ടുണ്ടാക്കാനാണു തീരുമാനിച്ചിരിക്കുന്നത്. ബംഗലൂരു സ്‌ഫോടനക്കേസില്‍ പ്രതിയാക്കപ്പെട്ട് ജയിലില്‍ കഴിയുന്ന ചെയര്‍മാന്‍ അബ്ദുന്നാസിര്‍ മഅദനിയുടെ നിര്‍ദേശ പ്രകാരം കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന കമ്മിറ്റി യോഗമാണ് ഈ തീരുമാനമെടുത്തത്. എന്നാല്‍ ഇത് പരസ്യമായി പ്രഖ്യാപിച്ചു വിവാദത്തില്‍പെടുന്നതിനു പകരം അടവുപരമായി നടപ്പാക്കുകയാണു ചെയ്യുക. ബി.ജെ.പി ഒഴികെയുള്ളവര്‍ എന്നല്ലാതെ, അക്കൂട്ടത്തില്‍ ലീഗിനെ പെടുത്തിയിട്ടില്ലെന്നതു ശ്രദ്ധേയമാണ്.

മലപ്പുറത്ത് പി.ഡി.പിയും ഇടതുമുന്നണിയുമായി, പ്രത്യേകിച്ചും സി.പി.ഐ.എമ്മുമായി തുറന്ന സഖ്യം തന്നെയുണ്ടാവും. ഇക്കാര്യത്തില്‍ രണ്ടു പാര്‍ട്ടികളുടെയും ജില്ലാ നേതൃത്വങ്ങള്‍ ധാരണയിലായിട്ടുണ്ട്. എന്നാല്‍ പ്രഖ്യാപിത സഖ്യമാകില്ല ഇത്. രണ്ടു പാര്‍ട്ടികളുടെയും സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഈ ധാരണ നടപ്പാക്കുകയാണു ചെയ്യുക. സി.പി.ഐ.എമ്മും പി.ഡി.പിയും മുഖാമുഖം മല്‍സരിക്കുന്നത് ഒഴിവാക്കും. സാഹചര്യങ്ങള്‍ വിലയിരുത്തി രണ്ടു പാര്‍ട്ടികളും പരസ്പരം സഹായിക്കും.

കഴിഞ്ഞ തെരഞ്ഞെടുപ്പിനു ശേഷം സംസ്ഥാന വ്യാപകമായി പി.ഡി.പിയും യു.ഡി.എഫും അകന്നെങ്കിലും യു.ഡി.എഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്റെ നാടായ പെരുമ്പാവൂര്‍ മുനിസിപ്പാലറ്റിയിലും മഅദനിയുടെ ജന്മനാടായ മൈനാഗപ്പള്ളി ഗ്രാമ പഞ്ചായത്തിലും പി.ഡി.പി- യു.ഡി.എഫ് സഖ്യമാണു ഭരിച്ചത്. കാലാവധി കഴിയാന്‍ പോകുന്ന ഭരണസമിതിയിലും ഈ സഖ്യമാണു നിലനില്‍ക്കുന്നത്. തെരഞ്ഞെടുപ്പിനു ശേഷമുണ്ടായ രാഷ്ട്രീയ സാഹചര്യത്തില്‍ പി.ഡി.പി പിന്തുണ യു.ഡി.എഫ് ചോദിച്ചു വാങ്ങുകയായിരുന്നു. ഇത്തരം സഖ്യങ്ങള്‍ തെരഞ്ഞെടുപ്പിനു മുമ്പും പിമ്പും കഴിയുന്നിടത്തൊക്കെയാകാമെന്നാണു പി.ഡി.പി തീരുമാനിച്ചിരിക്കുന്നത്.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുമായുണ്ടാക്കിയ സഖ്യത്തിനു തുടര്‍ന്ന് യു.ഡി.എഫിലെ കക്ഷികളെ, പ്രത്യേകിച്ച് കോണ്‍ഗ്രസിനെയും ലീഗിനെയും രൂക്ഷമായി വിമര്‍ശിക്കുന്ന സമീപനമാണു പി.ഡി.പി സ്വീകരിച്ചത്. പരസ്പരം വല്ലാതെ അകലാന്‍ ഇത് ഇടയാക്കുകയും ചെയ്തു. എന്നാല്‍ രാജ്യവ്യാപകമായി സി.പി.ഐ.എമ്മിനും ഇടതുപാര്‍ട്ടികള്‍ക്കും വന്‍ തിരിച്ചടി നേരിട്ട ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പരാജയതതിനു പി.ഡി.പിയെ പഴിചാരാന്‍ ശ്രമിച്ച സി.പി.ഐ.എം അവരുമായി വേദി പങ്കിട്ടതിലുള്‍പ്പെടെ പശ്ചാത്താപം പ്രകടിപ്പിച്ചതോടെ പി.ഡി.പി മാറിച്ചിന്തിച്ചു തുടങ്ങി. ഇതിന്റെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ സമദൂര സിദ്ധാന്തം. എന്നാല്‍ ഇത് നിയമസഭാ തെരഞ്ഞെടുപ്പിലും തുടരണോയെന്ന തീരുമാനം അപ്പോഴത്തെ സാഹചര്യം നോക്കിയായിരിക്കും.

അതേസമയം, മഅദനിയുടെ അറസ്റ്റും പഞ്ചായത്ത് തെരഞ്ഞെടുപ്പുമായി ബന്ധിപ്പിക്കാന്‍ പി.ഡി.പിക്ക് താല്‍പര്യമില്ല. അറസ്റ്റുമായി ബന്ധപ്പെട്ട് ഇടതുമുന്നണി സര്‍ക്കാര്‍ പ്രവര്‍ത്തിച്ച രീതിയില്‍ പി.ഡി.പിക്ക് പ്രത്യേകിച്ച് അതൃപ്തിയുമില്ല.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.