കൊല്ലം: മുസ്‌ലീം ലീഗുമായി സഹകരണത്തിന് തയ്യാറാണെന്ന പി.ഡി.പി വര്‍ക്കിംഗ് ചെയര്‍മാന്‍ പൂന്തുറ സിറാജിന്റെ പ്രസ്താവന പാര്‍ട്ടി നിലപാടിന് വിരുദ്ധമാണെന്ന് ജനറല്‍ സെക്രട്ടറി സെക്രട്ടറി ഗഫൂര്‍ പുതുപ്പാടി.

പാര്‍ട്ടിയുമായി ആലോചിക്കാതെ തികച്ചും വ്യക്തിപരമായ നിലപാടാണ് സിറാജ് പാര്‍ട്ടി നിലപാടായി അവതരിപ്പിച്ചത്. തിരഞ്ഞെടുപ്പില്‍ തോല്‍ക്കുന്നത് കൊണ്ട് നിലപാട് മാറ്റുകയെന്നത് പാര്‍ട്ടി രീതിയല്ല. ദേശീയ അന്തര്‍ദേശീയ കാര്യങ്ങള്‍ പരിഗണിച്ചുകൊണ്ടാണ് പാര്‍ട്ടി നിലപാടെടുക്കുന്നത്. പ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുന്ന ഇത്തരം പ്രസ്താവന സിറാജ് നടത്തിയത് സംശയാസ്പദമാണെന്നും അദ്ദേഹം പറഞ്ഞു.

മുസ് ലിം ലീഗുമായി സഹകരിക്കാന്‍ പി.ഡിയപി തയ്യാറാണെന്നായിരുന്നു പൂന്തുറ സിറാജ് മാധ്യമങ്ങളോട് പറഞ്ഞത്. ലീഗിനെ മുഖ്യശത്രുവായി പിഡി.പി കണ്ടിട്ടില്ല. യോജിക്കാവുന്ന കാര്യങ്ങളിലെല്ലാം യോജിക്കണമെന്നാണ് തന്റെ സമീപനം. എന്നാല്‍ അവര്‍ തങ്ങളെ എങ്ങിനെയാണ് കാണുന്നതെന്ന് അറിയില്ലെന്നും സിറാജ് പറഞ്ഞിരുന്നു.

അബ്ദുല്‍ നാസര്‍ മഅദനിയെ സ്‌നേഹിക്കുന്നവരുടെ വോട്ട് ലഭിച്ചതു കൊണ്ടാണ് യു.ഡി.എഫ് വന്‍വിജയം നേടിയതെന്നും സിറാജ് പറഞ്ഞിരുന്നു. കളമശേരി ബസ് കത്തിക്കല്‍ കേസില്‍ സൂഫിയ മഅദനിയെ ഉള്‍പ്പെടുത്തിയതും സുപ്രീംകോടതിയില്‍ മൂന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനു മിനിറ്റുകള്‍ക്കു മുന്‍പ് മഅദനിയെ അറസ്റ്റ് ചെയ്തത് ഇടതു സര്‍ക്കാരാണെന്നും ഇതില്‍ മനംനൊന്ത പി.ഡി.പി പ്രവര്‍ത്തകര്‍ ഉള്‍പ്പെടെയുള്ള മഅദനി സ്‌നേഹികള്‍ വ്യാപകമായി യു.ഡി.എഫിന് വോട്ടു ചെയ്തുവെന്നും സിറാജ് പറഞ്ഞിരുന്നു.