മഞ്ചേശ്വരം: മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തില്‍ പി.ഡി.പി സ്ഥാനാര്‍ഥി യൂനുസ് തളങ്കര പത്രിക പിന്‍വലിച്ചു. മണ്ഡലത്തിലെ പ്രത്യേക സാഹചര്യം പരിഗണിച്ചാണ് പത്രിക പിന്‍വലിക്കുന്നതെന്ന് യൂനുസ് തളങ്കര വ്യക്തമാക്കി.

ഭാരതീയ ജനതാ പാര്‍ട്ടി സ്ഥാനാര്‍ത്ഥിയും നേതാക്കളും മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ സാധാരണക്കാര്‍ക്കിടയില്‍ മഅ്ദനിയെ കുറിച്ചും അദ്ദേഹത്തിന്റെ കേസ് കാര്യങ്ങളെ കുറിച്ചും നടത്തുന്ന കുപ്രചരണങ്ങള്‍ സാമാന്യ നീതിക്ക് നിരക്കുന്നതല്ലെന്ന് അദ്ദേഹം പറഞ്ഞു. മഞ്ചേശ്വരം നിയേജക മണ്ഡലത്തിലെ സവിശേഷ സാഹചര്യത്തില്‍ ഒരു പക്ഷേ ബി.ജെ.പി.സ്ഥാനാര്‍ത്ഥിക്കുണ്ടാവുന്ന മുന്നേറ്റം പി.ഡി.പിയെ സംബന്ധിച്ചിടത്തോളം അംഗീകരിക്കാനാവില്ല.

കേരളത്തിലെ മത സൗഹാര്‍ദ്ദവും സമാധാനാന്തരീക്ഷവും നിലനിര്‍ത്തുന്നതിനും വര്‍ഗ്ഗിയ കക്ഷികളുടെ മുന്നേറ്റം തടയുന്നതിനും പി.ഡി.പി സ്ഥാനാര്‍ത്ഥിയെ പിന്‍വലിക്കുകയാണെന്നും മറ്റു വിഷയങ്ങളില്‍ യഥാസമയം പാര്‍ട്ടി ചെയര്‍മാന്‍ അബ്ദുനാസര്‍ മഅ്ദനി തീരുമാനം പ്രഖ്യാപിക്കുമെന്നും പി.ഡി.പി ജില്ലാ പ്രസിഡന്റ് ഐ.എസ്. സകീര്‍ ഹുസൈന്‍, സെക്രട്ടറി യൂനുസ് തളങ്കര, മഞ്ചേശ്വരം മണ്ഡലം പ്രസിഡന്റ് കെ.പി. മുഹമ്മദ്, സെക്രട്ടറി സാദിക് മുളിയടുക്ക എന്നിവര്‍ പ്രസ്ഥാവനയില്‍ അറിയിച്ചു.