കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പുനരധിവാസത്തിനായി പ്ലാന്റേഷന്‍ കോര്‍പറേഷന്‍ (പി.സി.കെ) ഭൂമി വിട്ടുകൊടുക്കുന്നതിന് എതിരെ പി.സി.കെയ്‌ക്കൊപ്പം തൊഴിലാളികളും. ഭൂമി ഏറ്റെടുക്കാനുള്ള നീക്കത്തെ നിയമപരമായും സംഘടനാപരമായും നേരിടുമെന്ന് പ്ലാന്റേഷന്‍ കോര്‍പറേഷന്‍ സംരക്ഷണ സമിതി അറിയിച്ചു.

എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പുനരധിവാസത്തിനായി പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ഭൂമിയില്‍ സ്ഥലമനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ജനപ്രതിനിധികളും ജില്ലാ പഞ്ചായത്തും മുഖ്യമന്ത്രിയ്ക്ക് നിവേദനം നല്‍കിയിരുന്നു. പി.സി.കെയുടെ കാസര്‍കോട് എസ്‌റ്റേറ്റിലെ മൂളിയാര്‍ ഡിവിഷനിലെ 33 ഏക്കര്‍ ഭൂമി പുനരധിവാസത്തിന് അനുയോജ്യമാണെന്ന വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ട് ഉള്‍പ്പടെയായിരുന്നു നിവേദനം. ഇതിന്റെ അടിസ്ഥാനത്തില്‍ കൃഷി വകുപ്പ് സെക്രട്ടറി പി.സി.കെ എംഡിയോട് ഭൂമി വിട്ടുതരാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഭൂമി വിട്ടുകൊടുക്കാന്‍ അനുവദിക്കില്ലെന്നാണ് തൊഴിലാളികളുടെ നിലപാടെന്ന് അദ്ദേഹം അറിയിക്കുകയായിരുന്നു.

Subscribe Us:

പ്ലാന്റേഷന്‍ കോര്‍പ്പറേഷനെ അറിയിക്കാതെ വിദഗ്ധ സമിതി പരിശോധന നടത്തിയതിലും ഭൂമി വിട്ടുകൊടുക്കാന്‍ നിര്‍ദ്ദേശിച്ചതിലുമുള്ള അതൃപ്തി പി.സി.കെ നേരത്തെ സര്‍ക്കാരിനെ അറിയിച്ചിരുന്നു. പി.സി.കെയുടെ പുതിയ പദ്ധതിക്കായി നീക്കിവച്ചസ്ഥലമാണിതെന്നായിരുന്നു ഇവരുടെ വാദം. പല പദ്ധതിക്കുമായി വിട്ടുകൊടുത്ത സ്ഥലത്തിന് പകരം ഭൂമി ലഭിക്കാത്തതിലുള്ള അതൃപ്തിയും പി.സി.കെ അറിയിച്ചിരുന്നു. സ്ഥലം വിട്ടുകൊടുക്കുന്നതിനെ എതിര്‍ത്ത് പ്ലാന്റേഷന്‍ കോര്‍പ്പറേഷനൊപ്പം തൊഴിലാളികളും രംഗത്തുവന്നതോടെ എന്‍ഡോസള്‍ഫാന്‍ ഇരകളുടെ പുനരധിവാസം അനിശ്ചിതത്വത്തിലായിരിക്കുകയാണ്.

malayalam news