കോട്ടയം: എന്‍.ഐ.എ തലവനും ഐ.ജി. ടോമിന്‍ തച്ചങ്കരിയും ഐ.പി.എസില്‍ ഒരേ ബാച്ചുകാരായിരുന്നുവെന്ന് ജനം പറയുന്നുണ്ടെന്ന്് ചീഫ് വിപ്പ് പി.സി.ജോര്‍ജ്. എന്‍.ഐ.എ ടോമിന്‍ തച്ചങ്കരിയ്ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ സാഹചര്യത്തില്‍ ഇത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. സര്‍വീസില്‍ തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചെങ്കിലും ടോമിന്‍ തച്ചങ്കരിക്കെതിരെയുള്ള കടുത്ത നിലപാട് തുടരുമെന്നും പി.സി.ജോര്‍ജ് വ്യക്തമാക്കി. കോട്ടയം പ്രസ് ക്ലബില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അനുമതിയില്ലാതെ വിദേശ പര്യടനം നടത്തുകയും തീവ്രവാദ ബന്ധമുള്ളവരായി കൂടിക്കാഴ്ച നടത്തുകയും ചെയ്തുവെന്നതായിരുന്നു തച്ചങ്കരിക്കെതിരെയുള്ള കേസ്. എന്നാല്‍ കേസന്വേഷിച്ച ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) ക്ലീന്‍ ചിറ്റു നല്‍കിയ സാഹചര്യത്തിലാണ് സസ്‌പെന്‍ഷന്‍ കാലാവധി തീരുന്ന മുറയ്ക്ക് സര്‍വീസില്‍ തിരിച്ചെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. എന്നിരുന്നാലും ഉത്തരവാദിത്വമുള്ള ഒരു പദവിയും വഹിക്കാന്‍ തച്ചങ്കരിയെ അനുവദിക്കില്ല.

തച്ചങ്കരിയെപ്പോലെയുള്ള ചിലയാളുകളെ ചുമക്കേണ്ട ബാധ്യത സര്‍ക്കാരിന് പലപ്പോഴും ഉണ്ടാകാറുണ്ട്. ഭരണഘടനാപരമായി മുഖ്യമന്ത്രിക്കു മുന്നില്‍ മറ്റൊരു വഴിയുമില്ലെന്നും പി.സി. ജോര്‍ജ് പറഞ്ഞു.